ബൂത്ത് പ്രവര്‍ത്തനം ശക്തമാക്കാന്‍ കര്‍മ പദ്ധതിയുമായി അമിത് ഷാ

Monday 2 July 2018 1:10 am IST
എല്ലാ ബൂത്തിലെയും വോട്ടര്‍ പട്ടിക പരിശോധിക്കുകയും എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങളിലെ ഇരുപത് പേരെയെങ്കിലും പുതുതായി ചേര്‍ക്കാന്‍ ശ്രമിക്കുകയും വേണം. മാസത്തില്‍ കുറഞ്ഞത് ആറ് പരിപാടിയെങ്കിലും ബൂത്ത് തലത്തില്‍ നടക്കണം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത് പൊതുജനങ്ങള്‍ക്ക് കേള്‍ക്കുവാനുള്ള സൗകര്യം ഒരുക്കണം.

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയം ലക്ഷ്യമിട്ട് ബൂത്ത് പ്രവര്‍ത്തനത്തിനായുള്ള കര്‍മ പദ്ധതി തയാറാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബൂത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് എപ്പോഴും സംസ്ഥാന ഘടകങ്ങള്‍ക്ക് അമിത് ഷാ നല്‍കാറുള്ള നിര്‍ദേശം. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ ഏറ്റവുമൊടുവില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബൂത്ത് കേന്ദ്രീകരിച്ചുള്ള പേജ് പ്രമുഖന്മാരുടെ പ്രവര്‍ത്തനമായിരുന്നു ബിജെപിയുടെ വിജയങ്ങളിലെ പ്രധാന ഘടകം. നിലവിലുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനും പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിനും 22 ഇന പരിപാടിയാണ് ബിജെപി ബൂത്തുകളില്‍ നടപ്പാക്കുന്നത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കി എ, ബി, സി, ഡി എന്നിങ്ങനെ ബൂത്തുകളെ നാല് വിഭാഗങ്ങളായി വിഭജിച്ചാണ് പ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ബൂത്തുകള്‍ എ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ വോട്ടുകള്‍ ലഭിച്ച ബൂത്തുകള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടും. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കാണ് ഡി ബൂത്തുകളുടെ ചുമതല. 

മണ്ഡലം ഭാരവാഹികള്‍ക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാകും. ഡി ബൂത്തുകളെ സി വിഭാഗത്തിലെത്തിക്കുന്നതിന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും വിവരിച്ചിട്ടുണ്ട്. 

എല്ലാ ബൂത്തിലെയും വോട്ടര്‍ പട്ടിക പരിശോധിക്കുകയും എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങളിലെ ഇരുപത് പേരെയെങ്കിലും പുതുതായി ചേര്‍ക്കാന്‍ ശ്രമിക്കുകയും വേണം. മാസത്തില്‍ കുറഞ്ഞത് ആറ് പരിപാടിയെങ്കിലും ബൂത്ത് തലത്തില്‍ നടക്കണം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത് പൊതുജനങ്ങള്‍ക്ക് കേള്‍ക്കുവാനുള്ള സൗകര്യം ഒരുക്കണം. 

സ്മാര്‍ട് ഫോണ്‍ ഉള്ള പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് നല്‍കണം. ബൂത്തുകളില്‍ അഞ്ചിടത്ത് പാര്‍ട്ടി ചിഹ്നമായ താമര ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന രീതിയില്‍ സ്ഥാപിക്കണം. മറ്റ് പാര്‍ട്ടികളിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി ബന്ധം വയ്ക്കുകയും അവരെ ബിജെപിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും വേണം. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ് അമിത് ഷാ ഇപ്പോള്‍. കഴിഞ്ഞ മാസം 10ന് ഛത്തീസ്ഗഢ് സന്ദര്‍ശിച്ച് തുടക്കമിട്ട ഷാ ജമ്മു കശ്മീര്‍, മണിപ്പൂര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. നാളെ കേരളത്തിലെത്തുന്ന അദ്ദേഹം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.