കര്‍ണാടക: സമ്മര്‍ദം ശക്തമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍

Monday 2 July 2018 1:11 am IST
കോണ്‍ഗ്രസ്സില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്ന് 33 എംഎല്‍എമാര്‍ വിജയിച്ചപ്പോള്‍ എട്ട് മന്ത്രിസ്ഥാനമാണ് നല്‍കിയത്. എന്നാല്‍ തെക്കന്‍ കര്‍ണാടകയില്‍ വിജയിച്ച 30 എംഎല്‍എമാരില്‍ 18 പേരെയും മന്ത്രിമാരാക്കി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് എന്നിവരെല്ലാം തെക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്.

ബെംഗളൂരു: ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിര്‍ന്ന എംഎല്‍എമാര്‍ക്ക് വേണ്ടി അവരോട് അനുഭാവം പ്രകടിപ്പിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് സംസ്ഥാനത്തെ സാഹചര്യം വിശദമാക്കി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയത്.  

വടക്കന്‍ കര്‍ണാടകയെയും ലിംഗായത്ത്, കുറുംബ, റെഡ്ഡി സമുദായങ്ങളെയും അവഗണിച്ചെന്നാണ് കത്തിലെ പ്രധാന ആരോപണം. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി അനര്‍ഹര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയതെന്നും കത്തില്‍ പറയുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ 34 സ്ഥാനങ്ങളില്‍ 22 എണ്ണമാണ് കോണ്‍ഗ്രസ്സിന് നല്‍കിയത്. ഇതില്‍ ഒഴിച്ചിട്ടിരിക്കുന്ന ആറ് സ്ഥാനത്തിനായാണ് സമ്മര്‍ദം ശക്തമാക്കുന്നത്. 

കോണ്‍ഗ്രസ്സില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്ന് 33 എംഎല്‍എമാര്‍ വിജയിച്ചപ്പോള്‍ എട്ട് മന്ത്രിസ്ഥാനമാണ് നല്‍കിയത്. എന്നാല്‍ തെക്കന്‍ കര്‍ണാടകയില്‍ വിജയിച്ച 30 എംഎല്‍എമാരില്‍ 18 പേരെയും മന്ത്രിമാരാക്കി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് എന്നിവരെല്ലാം തെക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. 

ഇത് വടക്കന്‍ കര്‍ണാടകയോടുള്ള നീതി കേടാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിന് ലഭിച്ച മന്ത്രിസ്ഥാനത്തില്‍ ഒന്ന് സ്വതന്ത്രന് നല്‍കിയതിനെ കത്തില്‍ വിമര്‍ശിക്കുന്നു. സ്വതന്ത്രന്‍ ആര്‍. ശങ്കറിനാണ് മന്ത്രിസ്ഥാനം നല്‍കിയത്. കുറുംബ സമുദായത്തില്‍ നിന്നുള്ള ശങ്കറിനെ മന്ത്രിയാക്കിയത് ഇതേ സമുദായത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ്സിലെ എട്ട് എംഎല്‍എമാരെ ബലിയാടാക്കിയാണ്. 

ആദ്യം ജെഡിഎസ്സിലും പിന്നീട് ബിജെപിയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലുമെത്തി സീറ്റ് തരപ്പെടുത്തി വിജയിച്ച ശിവാനന്ദപാട്ടീലിനെ മന്ത്രിയാക്കിയതിനേയും കത്തില്‍ കുറ്റപ്പെടുത്തുന്നു. ബിജെപിയിലേക്ക് മടങ്ങുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ശിവാനന്ദപാട്ടീലിന് മന്ത്രിസ്ഥാനം നല്‍കിയത്. 

ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ പരിഗണിക്കേണ്ട മന്ത്രിമാരുടെ പേരും അവരുടെ വിശദാംശങ്ങളും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ പേര് എം.ബി. പാട്ടീലിന്റേതാണ്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്, അഞ്ച് തവണ എംഎല്‍എ, ഒരു തവണ എംപി, കഴിഞ്ഞ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രി. 

പിന്നീട് റെഡ്ഡി സമുദായത്തില്‍ നിന്നുള്ള എച്ച്.കെ. പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവരുടെ പേരുകളാണ്. എച്ച്.കെ. പാട്ടീലിന്റെ പേരിനൊപ്പം മുന്‍ മന്ത്രി, രണ്ട് തവണ എംഎല്‍എ, നാല് തവണ എംഎല്‍സി എന്ന വിശേഷണവും. രാമലിംഗ റെഡ്ഡി മുന്‍ മന്ത്രിയും ഏഴ് തവണ എംഎല്‍എയായിരുന്നുവെന്നും ഇപ്പോള്‍ ഇദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡിയും ഇപ്പോള്‍ എംഎല്‍എ ആണെന്നും കത്തിലുണ്ട്. 

നിയമസഭാസമ്മേളനത്തിന് മുന്‍പ് ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ നികത്തണമെന്ന് അതൃപ്തരായ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര, സഖ്യസര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ നേരില്‍ക്കണ്ട് ആവശ്യം ഉന്നയിച്ചു. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് നേതാക്കള്‍ അറിയിച്ചത്. കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ചെങ്കിലും രാഹുല്‍ ഗാന്ധി അനുവദിച്ചില്ല. ഇതോടെയാണ് കത്തയച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.