ഇടതു വലതു മുന്നണികള്‍ ഭീകരവാദികള്‍ക്ക് അംഗീകാരം നല്‍കുന്നു- ആര്‍എസ്എസ്

Monday 2 July 2018 1:14 am IST
ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിച്ച് മുതലെടുക്കാനും ആസൂത്രിതമായ പരിശ്രമങ്ങള്‍ നടക്കുന്നു. ജാതിവാദത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ആയുധമാക്കുകയാണ് ഇവര്‍. എക്കാലത്തും ദേശീയമുഖ്യധാരയില്‍ ഉറച്ചുനിന്ന അധഃസ്ഥിത ജനസമൂഹത്തെ അരാജകവാദികളാക്കാനുളള പരിശ്രമമാണ് നടക്കുന്നത്.

അടൂര്‍: സങ്കുചിത മതവാദങ്ങള്‍ക്ക് മാന്യത നല്‍കുകയും മത ഭീകര വാദികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്ന സമീപനമാണ് ഇടതു വലതു മുന്നണികള്‍ പുലര്‍ത്തുന്നതെന്ന് ആര്‍എസ്എസ്. മതവികാരത്തെ തെറ്റായ ദിശയിലേക്കു നയിച്ച് സാമൂഹിക ജീവിതത്തെ വിഘടിപ്പിക്കുന്ന പരിശ്രമങ്ങളെ  പിന്തുണയ്ക്കുകയാണ് മുന്നണികളെന്ന് അടൂരിലെ മാര്‍ത്തോമാ യൂത്ത്‌സെന്ററില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ പാസ്സാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുന്ന മുന്നണികളുടെ സമീപനം  തിരുത്തണം.  അപകടകരമായ ഈ പ്രീണന നിലപാടുകളില്‍ നിന്ന് പിന്തിരിയണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.    

മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക, മാവോയിസ്റ്റ് ഭീകരവാദികളുമായും ചില ക്രിസ്ത്യന്‍ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും സഖ്യമുണ്ടാക്കിയാണ് ഇരു മുന്നണികളും മത്സരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും  രാഷ്ട്രവിരുദ്ധ ശക്തികള്‍ ശക്തി പ്രാപിക്കുകയാണെന്ന് ആര്‍എസ്എസ് മുന്നറിയിപ്പു നല്‍കി. 

ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താനും ഭിന്നിപ്പിച്ച് മുതലെടുക്കാനും ആസൂത്രിതമായ പരിശ്രമങ്ങള്‍ നടക്കുന്നു. ജാതിവാദത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ആയുധമാക്കുകയാണ് ഇവര്‍. എക്കാലത്തും ദേശീയമുഖ്യധാരയില്‍ ഉറച്ചുനിന്ന അധഃസ്ഥിത ജനസമൂഹത്തെ അരാജകവാദികളാക്കാനുളള പരിശ്രമമാണ്  നടക്കുന്നത്. വടയമ്പാടി പ്രശ്‌നം, ചിത്രകാരനായിരുന്ന അശാന്തന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വിവാദങ്ങള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. സാംസ്‌കാരിക  നായകന്മാര്‍ എന്ന് അവകാശപ്പെടുന്ന ഒരുപറ്റം സാഹിത്യകാരന്മാരും ചില മാധ്യമങ്ങളും ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.

യോഗയെ വ്യാഖ്യാനിച്ച് നശിപ്പിക്കുന്നതിനെതിരെ കരുതല്‍ വേണം: ആര്‍എസ്എസ്

'ആരോഗ്യകേരളത്തിന് യോഗമാര്‍ഗം' എന്ന മുദ്രാവാക്യം ഉയര്‍ന്നുവരണമെന്ന് ആര്‍എസ്എസ്. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്ര മാറ്റം ദൃശ്യമാക്കാന്‍ സമൂഹം സജ്ജമാകണമെന്ന് അടൂരില്‍ ചേര്‍ന്ന പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ ആര്‍എസ്എസ് ആഹ്വാനം ചെയ്തു. 

യോഗദിനാചരണത്തിന് വന്‍ വിജയമാണുണ്ടായത്. ശാരീരികവും മാനസികവും ആത്മീയവുംസാമൂഹികവുമായ സ്വാസ്ഥ്യം നേടാന്‍ യോഗമാര്‍ഗ്ഗം തന്നെയാണ് ശ്രേഷ്ഠം. അതു കൊണ്ടു തന്നെയാണ് ലോകം യോഗയിലേക്ക് ആകൃഷ്ടരാകുന്നത്. എന്നാല്‍ പാരമ്പര്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും  ശാസ്ത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് താത്ക്കാലിക രാഷ്ട്രീയ, സാമ്പത്തിക  ലാഭത്തിനനുസരിച്ച് യോഗയെ വ്യാഖ്യാനിച്ച് നശിപ്പിക്കുന്നതിനെതിരെ കരുതല്‍ വേണം. 

യോഗാപരിശീലനം കൊണ്ട് മനുഷ്യരാശിക്ക് ലഭിക്കേണ്ട നന്മകളെ പരിമിതപ്പെടുത്തുന്ന  ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.