പ്ലസ്ടുകാര്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി

Monday 2 July 2018 1:23 am IST
സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന 17 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും ഇക്കൊല്ലം നടത്തുന്ന റഗുലര്‍ പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സിലേക്ക് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ജൂലൈ 29 ഞായറാഴ്ച പ്രവേശന പരീക്ഷ നടത്തും.

അഭിഭാഷകരും ന്യായാധിപന്മാരുമൊക്കെയാവാന്‍ താല്‍പര്യമുള്ള സമര്‍ത്ഥരായ പ്ലസ്ടു വിജയികള്‍ക്ക് പഞ്ചവത്‌സര സംയോജിത നിയമബിരുദ പഠനത്തിന് അവസരം. യുക്തിചിന്തയും അപഗ്രഥനശേഷിയും വാക്‌സാമര്‍ത്ഥ്യവും നേതൃത്വഗുണവുമൊക്കെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് നിയമപഠനം.

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന 17 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും ഇക്കൊല്ലം നടത്തുന്ന റഗുലര്‍ പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സിലേക്ക് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍  ജൂലൈ 29 ഞായറാഴ്ച പ്രവേശന പരീക്ഷ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 മണിവരെയാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രവേശനപരീക്ഷ നടത്തുക. താല്‍പര്യമുള്ളവര്‍ക്ക് www.cee.kerala.gov.in ല്‍ അപേക്ഷ ഓണ്‍ലൈനായി ജൂലൈ 6 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിലും പ്രോസ്‌പെക്ടസിലുമുണ്ട്. ഇത് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്ഇബിസികാര്‍ക്ക് 42% മാര്‍ക്കും എസ്‌സി/എസ്ടിക്കാര്‍ക്ക് 40% മാര്‍ക്കും മതി. 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാകണം.

അപേക്ഷാ ഫീസ് ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയാണ്. എസ്‌സി/എസ്ടികാര്‍ക്ക് 300 രൂപ മതി. നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഇ-ചെലാന്‍ വഴി കേരളത്തിലെ ഹെഡ്/സബ് പോസ്റ്റാഫീസുകളിലും ഫീസ് സ്വീകരിക്കും.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നേറ്റിവിറ്റി, ജനനത്തീയതി, ജാതി (എസ്‌സി/എസ്ടി വിഭാഗക്കാര്‍) തെളിയിക്കുന്ന ഔദ്യോഗിക രേഖകളും എസ്ഇബിസി/ഒഇസി വിഭാഗക്കാര്‍  നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ശാരീരിക വൈകല്യമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി പ്രവേശന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.

എന്‍ട്രന്‍സ് പരീക്ഷ: രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. ഓരോ ശരി ഉത്തരത്തിനും 3 മാര്‍ക്ക് വീതം. ആകെ 600 മാര്‍ക്കിനാണ് പരീക്ഷ. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കുന്നതാണ്. മൂല്യനിര്‍ണ്ണയത്തിന് 'നെഗറ്റീവ്' മാര്‍ക്കുണ്ട്. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍, എസ്ഇബിസി വിഭാഗക്കാര്‍ 10 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിഭാഗക്കാര്‍ 5 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടണം.

റാങ്ക് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിന് കോളേജുകളുടെ താല്‍പര്യ മുന്‍ഗണനാക്രമം ഉള്‍പ്പെടുത്തി യഥാസമയം ഓണ്‍ലൈനായി ഓപ്ഷന്‍ സമര്‍പ്പിക്കണം. കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ്, ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

സീറ്റുകള്‍: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ ലോ കോളേജുകള്‍ ഉള്ളത്. ഓരോ കോളേജിലും 80 സീറ്റുകള്‍ വീതമുണ്ട്. 320 പേര്‍ക്ക് പ്രവേശനം ലഭിക്കും. ചുരുങ്ങിയ ഫീസ് നിരക്കില്‍ പഠനം പൂര്‍ത്തിയാക്കാം.

17 സ്വകാര്യ സ്വാശ്രയ കോളേജുകളിലായി 915 സീറ്റുകളില്‍കൂടി എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ച് അഡ്മിഷന്‍ ലഭിക്കുന്നതാണ്. സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളും ലഭ്യമായ സീറ്റുകളും വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്. www.cee.kerala.gov.in- ല്‍നിന്നും പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.