ചരിത്രം കുറിക്കാന്‍ ജപ്പാന്‍

Monday 2 July 2018 1:33 am IST

മോസ്‌ക്കോ: ലോകകപ്പില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ശക്തരായ ബെല്‍ജിയത്തെ നേരിടും. രാത്രി 11.30 നാണ് മത്സരം. ബെല്‍ജിയത്തെ അട്ടിമറിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ജപ്പാന് ചരിത്രം കുറിക്കാം.

2002, 2010 ലോകകപ്പുകളില്‍ ജപ്പാന്‍ പ്രീ- ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പക്ഷെ രണ്ട് തവണയും അവര്‍ക്ക് മുന്നേറാനായില്ല.

സുവര്‍ണ തലമുറ താരങ്ങള്‍ അടങ്ങുന്ന ബെല്‍ജിയത്തെ തോല്‍പ്പിക്കുക എളുപ്പമല്ല. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച അവര്‍ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് ഗോളും നേടി.

സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകു രണ്ട് മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലുകാകു കളിച്ചില്ല. ഇന്ന് ജപ്പാനെതിരെ ഗോളടിക്കാന്‍ ഈ സ്‌ട്രൈക്കര്‍ കളത്തിലിറങ്ങും.

ജപ്പാനെ ഞങ്ങള്‍ നിസ്സാരരായി കാണുന്നില്ല. ശക്തമായ ടീമാണവര്‍. അതുകൊണ്ടാണ് അവര്‍ പ്രീ ക്വാര്‍ട്ടര്‍ വരെ എത്തിയതെന്ന് ബെല്‍ജിയത്തിന്റെ സ്‌ട്രൈക്കര്‍ മെര്‍ട്ടന്‍സ് പറഞ്ഞു.

ബ്രസീല്‍ - മെക്‌സിക്കോ പോരാട്ടം ഇന്ന്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ചാമ്പ്യന്മാരായ ജര്‍മനിയെ വീഴ്ത്തിയ മെക്‌സിക്കോ ലോകകപ്പില്‍ മറ്റൊരു അട്ടിമറിക്ക് തയാറെടുക്കുകയാണ്.  പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അവര്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ബ്രസീലുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 ന് മത്സരം ആരംഭിക്കും.തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പില്‍ കളിക്കുന്ന മെക്‌സിക്കോയ്ക്ക് കഴിഞ്ഞ ആറുതവണയും പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല. ഈ ചരിത്രം തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് മെക്‌സിക്കോ.

ബ്രസീലിനെ വീഴ്ത്താന്‍ മെക്‌സിക്കോയ്ക്ക് ശക്തമായ പോരാട്ടം നടത്തേണ്ടിവരും. തുടക്കത്തില്‍ നിറം മങ്ങിയ ബ്രസീല്‍ ഫോം വീണ്ടെടുത്തുകഴിഞ്ഞു. പ്രധാന സ്‌ട്രൈക്കര്‍മാരായ നെയ്മറും കുടിഞ്ഞോയുമൊക്കെ മികച്ച ഫോമിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.