മെസിക്ക് പിന്നാലെ റൊണോയും

Monday 2 July 2018 1:40 am IST
കവാനിയുടെ ഉറുഗ്വെ ഉശിരുളള കളിയാണ് കാഴ്ചവെച്ചത്. വേഗമാര്‍ന്ന നീക്കങ്ങളില്‍ അവര്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധം കീറിമുറിച്ചു. പ്രതിരോധം ശക്തമാക്കി റൊണാള്‍ഡോയേയും കൂട്ടുകാരെയും കെട്ടിയിട്ടു. സ്റ്റാര്‍ സ്‌ട്രൈക്കറായ റൊണാള്‍ഡോയെ അനങ്ങാന്‍ അനുവദിച്ചില്ല. റൊണാള്‍ഡോയുടെ കാലുകളില്‍ പന്ത് കിട്ടിയപ്പോഴൊക്കെ ഉറുഗ്വെ താരങ്ങള്‍ പൊതിഞ്ഞു. നല്ലൊരു ഷോട്ടുപോലും പായിക്കാനായില്ല.

മോസ്‌ക്കോ: ഒറ്റ രാത്രിയില്‍ രണ്ട് പ്രമുഖ താരങ്ങള്‍ റഷ്യയിലെ ലോകകപ്പില്‍ നിന്ന് പടിയിറങ്ങി. ഇതിഹാസമായ ലയണല്‍ മെസിയും ക്രിസ്റ്റിയനോ റൊണാള്‍ഡോയുമാണ് ആ ദൗര്‍ഭാഗ്യര്‍. എഡിസണ്‍ കവാനിയുടെ കണ്ണഞ്ചിപ്പിക്കുന്ന രണ്ട് ഗോളുകളാണ് റൊണാഡോയെ കണ്ണീരു കുടിപ്പിച്ചത്. മിന്നിതിളങ്ങുന്ന ഈ ഗോളുകളുടെ മികവില്‍ ഉറുഗ്വെ  പ്രീ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ നോക്കൗട്ട് മത്സരത്തില്‍ മെസിയുടെ അര്‍ജന്റീന ഫ്രാന്‍സിന് മുന്നില്‍ വീണു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെ വെള്ളിയാഴ്ച ഫ്രാന്‍സിനെ നേരിടും.

കവാനിയുടെ ഉറുഗ്വെ ഉശിരുളള കളിയാണ് കാഴ്ചവെച്ചത്. വേഗമാര്‍ന്ന നീക്കങ്ങളില്‍ അവര്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധം കീറിമുറിച്ചു.  പ്രതിരോധം ശക്തമാക്കി റൊണാള്‍ഡോയേയും കൂട്ടുകാരെയും കെട്ടിയിട്ടു. സ്റ്റാര്‍ സ്‌ട്രൈക്കറായ റൊണാള്‍ഡോയെ അനങ്ങാന്‍ അനുവദിച്ചില്ല. റൊണാള്‍ഡോയുടെ കാലുകളില്‍ പന്ത് കിട്ടിയപ്പോഴൊക്കെ ഉറുഗ്വെ താരങ്ങള്‍ പൊതിഞ്ഞു. നല്ലൊരു ഷോട്ടുപോലും പായിക്കാനായില്ല.

തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ഉറുഗ്വെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏഴാം മിനിറ്റിലാണ് കവാനിയുടെ അതിസുന്ദരമായ ഗോള്‍ പിറന്നത്. കവാനിയും ലൂയി സുവാരസും ഒന്നിച്ച നടത്തിയ നീക്കമാണ് ഗോളായി മാറിയത്്്. സുവാരസിന്റെ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ കവാനി പോര്‍ച്ചുഗലിന്റെ വല കുലുക്കി.

പിന്നീട് സുവാരസ് ഗോളിനടുത്തെത്തി. പക്ഷെ, ഗോള്‍ മുഖത്തിനടുത്തുനിന്ന് സുവാരസ് എടുത്ത ഫ്രീകിക്ക്് പോര്‍ച്ചുഗല്‍ ഗോളി രക്ഷപ്പെടുത്തി. പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയും ഫ്രീകിക്ക് പാഴാക്കി. 

ഈ വര്‍ഷം ആറു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ഉറുഗ്വെ 55-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. പോര്‍ച്ചുഗലിന്റെ പ്രതിരോധനിരക്കാരന്‍ പെപെയാണ് ഉറുഗ്വെയുടെ പത്ത് മണിക്കൂര്‍ നീണ്ട ചെറുത്തുനില്‍പ്പിന് അവസാനം കുറിച്ച് ഗോള്‍ നേടിയത്. ഗ്യുറേറിയോയുടെ കോര്‍ണര്‍ ക്കിക്കില്‍ തലവെച്ചാണ് പെപെ സ്‌കോര്‍ ചെയ്തത്. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി (1-1). 

ഏഴു മിനിറ്റിനുള്ളില്‍ ഉറുഗ്വെ ലീഡ് തിരിച്ചുപിടിച്ചു. റോഡ്രിഗോ നീട്ടിക്കൊടുത്ത പാസ് കവാനി ഗോളിലേക്ക് തിരിച്ചുവിട്ടു. അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗല്‍ പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല. 1930 നു ശേഷം ഇതാദ്യമായാണ് ഉറുഗ്വെ ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളില്‍ വിജയം നേടുന്നത്. അതേസമയം 2006 ലെ ലോകകപ്പിനു ശേഷം ഇത് നാലാം തവണയാണ് പോര്‍ച്ചഗുല്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ തോല്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.