ഷൂട്ടൗട്ടില്‍ സ്‌പെയിനെ തകര്‍ത്ത് റഷ്യ ക്വാര്‍ട്ടറില്‍

Sunday 1 July 2018 11:39 pm IST
66-ാം മിനിറ്റില്‍ ഇനിയെസ്റ്റ ഇറങ്ങിയതോടെ സ്പാനാഷ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നെങ്കിലും ഗോള്‍ അകന്ന് നിന്നു. അവസാന മിനിറ്റുകളിലേക്ക് അടുത്തത്തോടെ സ്‌പെയിനിന്റെ സമ്പൂര്‍ണ ആക്രമണവും റഷ്യയുടെ പ്രതിരോധവും നിറഞ്ഞുനിന്നത്.

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിനെ അട്ടിമറിച്ച് റഷ്യ ക്വാര്‍ട്ടറില്‍. മുന്‍ ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അവസാന എട്ടില്‍ റഷ്യ ഇടം പിടിച്ചത്. സ്‌പെയിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട റഷ്യന്‍ ഗോളി ഇഗോര്‍ അക്കിന്‍ഫീവാണ് വിജയശില്‍പി.

ശക്തമായ മുന്നേറ്റമാണ് തുടക്കം മുതല്‍ സ്‌പെയിന്‍ നടത്തിയതെങ്കിലും ഈ ലോകകപ്പിലുടനീളം കണ്ട ഫിനിഷിങിലെ പോരായ്മ അവര്‍ക്ക് വിനയാവുകയായിരുന്നു. റഷ്യയുടെ പ്രതിരോധ തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണം. സെര്‍ഗെ ഇഗ്‌നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ 12-ാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നിലെത്തി. ഇസ്‌കോയുടെ ഫ്രീകിക്ക് ഇഗ്‌നാഷെവിച്ചിന്റെ കാലില്‍ തട്ടി വലയിലേക്ക്. മത്സരത്തില്‍ സ്‌പെയിന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും റഷ്യന്‍ പ്രതിരോധം പിളര്‍ത്താനായില്ല. 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റഷ്യ തുല്യത നേടി. സ്വന്തം ബോക്‌സിനുള്ളില്‍ ജെറാര്‍ഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാല്‍റ്റി. ആര്‍ട്ടെം സ്യൂബ അനായാസം പന്ത് വലയിലാക്കി.

66-ാം മിനിറ്റില്‍ ഇനിയെസ്റ്റ ഇറങ്ങിയതോടെ സ്പാനാഷ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നെങ്കിലും ഗോള്‍ അകന്ന് നിന്നു. അവസാന മിനിറ്റുകളിലേക്ക് അടുത്തത്തോടെ സ്‌പെയിനിന്റെ സമ്പൂര്‍ണ ആക്രമണവും റഷ്യയുടെ പ്രതിരോധവും നിറഞ്ഞുനിന്നത്. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴും ഇടയ്ക്കിടെ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റഷ്യന്‍ ഗോളി അകിന്‍ഫീവ് നിഷ്പ്രയാസം കയ്യിലൊതുക്കി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇനിയെസ്റ്റയും ജെറാര്‍ഡ് പിക്വെയും ലക്ഷ്യം കണ്ടെങ്കിലും മൂന്നാമതെത്തിയ കോക്കെയുടെ ഷോട്ട് അകിന്‍ഫീവ് സേവ് ചെയ്തതോടെ റഷ്യയ്ക്ക് മേല്‍ക്കൈ. അടുത്ത കിക്കെടുത്ത സെര്‍ജിയോ റാമോസ് പിഴവ് വരുത്തിയില്ല. എന്നാല്‍ അവസാന കിക്കെടുത്ത ഇയാഗോ അസ്പാസിന്റെ ഷോട്ട് തട്ടിയകറ്റി അകന്‍ഫീവ് സ്പാനിഷ് പോരാട്ടത്തിന് തിരശ്ശീല വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.