കര്‍ദിനാളിന് പരാതി നല്‍കിയെന്ന് സ്ഥിരീകരിച്ചു

Monday 2 July 2018 1:36 am IST

കുറവിലങ്ങാട്(കോട്ടയം): ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീ, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇക്കാര്യം ഇന്നലെ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പില്‍ കന്യാസ്ത്രീ ആവര്‍ത്തിച്ചു. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ആറ് മണിക്കൂര്‍ സമയമെടുത്താണ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ് തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി അവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം ഉടന്‍ ജലന്ധറിലേക്ക് യാത്ര തിരിക്കും. 

കുറവിലങ്ങാടുള്ള മഠത്തില്‍വച്ചും പുറത്തുവച്ചും രണ്ട് വര്‍ഷത്തോളമായി തന്നെ പീഡിപ്പിക്കുകയാണെന്ന കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയത്. കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തിലെത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. രാവിലെ 10.50ന് തുടങ്ങിയ മൊഴിയെടുപ്പ് വൈകിട്ട് 4.45 നാണ് അവസാനിച്ചത്. ഇതിനിടെ കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അന്തേവാസികള്‍ അടക്കമുള്ളവരുടെ വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി കെ. സുഭാഷ്  പറഞ്ഞു. ഇതിന് ശേഷമായിരിക്കും ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.