നാടിന്റെ ആഘോഷമായി ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍

Monday 2 July 2018 1:38 am IST
സാധാരണ വീട്ടില്‍ നടക്കാറുള്ള ആഘോഷങ്ങള്‍ ഇക്കുറി ഓഡിറ്റോറിയത്തില്‍ നടത്തിയതില്‍ ചെറിയ പിണക്കം പറഞ്ഞു, ഗൗരിയമ്മ. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. ആഘോഷ പരിപാടികള്‍ക്ക് എത്തിയവരെല്ലാം തന്നെ സമ്മാനപ്പൊതികളുമായാണെത്തിയത്.

ആലപ്പുഴ: രാഷ്ട്രീയ കേരളത്തിന്റെ പ്രിയപ്പെട്ട അമ്മ  കെ.ആര്‍. ഗൗരിയുടെ നൂറാം പിറന്നാള്‍ നാടിന്റെ ആഘോഷമായി.  വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം കേക്കു മുറിച്ചായിരുന്നു പിറന്നാളാഘോഷം. പിറന്നാളിനോടനുബന്ധിച്ച് ഒരു വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്കും തുടക്കമായി. ആശംസകള്‍ അറിയിക്കാനെത്തിയവര്‍ക്ക് ഗൗരിയമ്മ തന്നെ മധുരം നല്‍കി. 

  സാധാരണ വീട്ടില്‍ നടക്കാറുള്ള ആഘോഷങ്ങള്‍ ഇക്കുറി  ഓഡിറ്റോറിയത്തില്‍ നടത്തിയതില്‍ ചെറിയ പിണക്കം പറഞ്ഞു, ഗൗരിയമ്മ. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു.  ആഘോഷ പരിപാടികള്‍ക്ക് എത്തിയവരെല്ലാം തന്നെ സമ്മാനപ്പൊതികളുമായാണെത്തിയത്. 

 അതിനിടെ ഒരു കുട്ടി നല്‍കിയ ശ്രീകൃഷ്ണ വിഗ്രഹം ഗൗരിയമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടതായി. പിന്നീട് കൃഷ്ണവിഗ്രഹത്തെ കൈവിടാന്‍ അവര്‍ തയ്യാറായില്ല. പിറന്നാള്‍ കേക്ക് മുറിച്ചതും കൃഷ്ണനെ സാക്ഷിയാക്കിയായിരുന്നു. മന്ത്രി തോമസ് ഐസക്ക്, വിവിധ രാഷ്ട്രീയ നേതാക്കളായ എം.എ. ബേബി, വി.എം. സുധീരന്‍ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ തുടങ്ങി ആയിരങ്ങളാണ് അമ്മയ്ക്ക് ആശംസ നേരാനെത്തിയത്. 

 2, 000 പേര്‍ക്ക് മൂന്ന് പായസമടക്കമുള്ള വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയാണ് ഒരുക്കിയത്. ഒരാഴ്ച മുമ്പ് തന്നെ ഗൗരിയമ്മയുടെ ചാത്തനാട്ടെ കളത്തിപ്പറമ്പ് വീട്ടില്‍ പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയവരുടെ തിരക്കായിരുന്നു.  ഇതില്‍  മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ഉണ്ട്. അടുത്ത ഒരു വര്‍ഷം വിവിധ പരിപാടികളോടെ നൂറാം പിറന്നാള്‍ വിപുലമായി ആഘോഷിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.