സീമ ഭാസ്‌കറിനെ മാറ്റി; അട്ടപ്പാടി പ്രത്യേക പദ്ധതി കുടുംബശ്രീ ഏറ്റെടുത്തു

Monday 2 July 2018 1:38 am IST
പട്ടിണി പടര്‍ന്നുപിടിച്ച ഊരുകളില്‍ പ്രത്യേക കുടുംബശ്രീകളും ഊരുവികസന സമിതികളുമുണ്ടാക്കി വനവാസികളെ ഉല്‍പാദന, വിപണന മേഖലയില്‍ സ്വയം പര്യാപ്തതയിലെത്തിക്കുകയെന്ന ദൗത്യമാണ് സീമ ഭാസ്‌കറുടെ സംഘം ഏറ്റെടുത്തത്. പതിമൂന്നോളം പദ്ധതികളാണ് ഇവര്‍ നടപ്പാക്കുന്നത്. ഈ ദൗത്യം ഏറെക്കുറെ വിജയിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ അവരെ തിരിച്ചുവിളിക്കാന്‍ അനുവദിക്കില്ലെന്നാണ് വനവാസികളുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹിക അടുക്കള പദ്ധതി നടത്തിപ്പും ഇവര്‍ക്കാണ്.

പാലക്കാട്: അഞ്ചുവര്‍ഷം കൊണ്ട് വനവാസികള്‍ക്ക് സ്വാശ്രയത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ നാഷണല്‍ മാനേജര്‍ ഡോ.സീമ ഭാസ്‌കറിനെ സ്ഥലം മാറ്റി. അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാന കുടുംബശ്രീ ഏറ്റെടുത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനവാസി സംഘടനകള്‍ സമരം തുടങ്ങി.

 ഉദ്യോഗസ്ഥരുടെ അഴിമതിക്ക് പേരുകേട്ട അട്ടപ്പാടിയില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥയെ സ്ഥലം മാറ്റരുതെന്നാവശ്യപ്പെട്ട്  വനവാസികള്‍ ഒന്നടങ്കം സമരത്തിനിറങ്ങുന്നത്. കേന്ദ്ര സഹായത്തോടെ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സ്ഥാനത്തുനിന്നാണ് സീമ ഭാസ്‌കറിനെ തിരിച്ചുവിളിച്ചത്. പദ്ധതി നടത്തിപ്പിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി ഏറ്റെടുത്തിരുന്നു. കില സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി ഓഫീസിന് മുന്നില്‍ വനവാസികള്‍ ഉപരോധം നടത്തി.

  പട്ടിണി പടര്‍ന്നുപിടിച്ച ഊരുകളില്‍ പ്രത്യേക കുടുംബശ്രീകളും ഊരുവികസന സമിതികളുമുണ്ടാക്കി വനവാസികളെ ഉല്‍പാദന, വിപണന മേഖലയില്‍ സ്വയം പര്യാപ്തതയിലെത്തിക്കുകയെന്ന ദൗത്യമാണ് സീമ ഭാസ്‌കറുടെ സംഘം ഏറ്റെടുത്തത്. പതിമൂന്നോളം പദ്ധതികളാണ് ഇവര്‍ നടപ്പാക്കുന്നത്. ഈ ദൗത്യം ഏറെക്കുറെ വിജയിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ അവരെ തിരിച്ചുവിളിക്കാന്‍ അനുവദിക്കില്ലെന്നാണ് വനവാസികളുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹിക അടുക്കള പദ്ധതി നടത്തിപ്പും ഇവര്‍ക്കാണ്.  

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് നടത്തേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം കേന്ദ്രപദ്ധതിയില്‍ കൈകടത്താനും അഴിമതിക്ക് അവസരം ലഭിക്കാത്തതിലുള്ള അമര്‍ഷം തീര്‍ക്കാനുമുള്ള രാഷ്ട്രീയനീക്കമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.  പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണമായി  കേന്ദ്രമേറ്റെടുക്കണമെന്നാണ് വനവാസികളുടെ ആവശ്യം. സംസ്ഥാന കുടുംബശ്രീ ഏറ്റെടുക്കുന്നതോടെ അഴിമതിക്ക് കളമൊരുങ്ങുമെന്ന ആശങ്കയാണിവര്‍ക്ക്. 

ഊരുസമിതികള്‍ വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് ഭരണസമിതികളും പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റി (പിഎംയു)ലെ ചില ഉദ്യോഗസ്ഥരും അട്ടിമറിക്കുകയാണെന്നും വനവാസി സംഘടനകള്‍ ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥരെ മാറ്റി അട്ടപ്പാടിയിലെ അഭ്യസ്തവിദ്യരായ വനവാസി യുവാക്കളെ നിയമിക്കണമെന്നും ആവശ്യമുണ്ട്. തായ്ക്കുലസംഘം, കാട്കാപ്പാ, ആദിവാസി ആക്ഷന്‍കൗണ്‍സില്‍, മൂപ്പന്‍ അസംബ്ലി തുടങ്ങിയ സംഘടനകളാണ് സമരത്തിനിറങ്ങിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.