ഭീകരവാദികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ: ആര്‍എസ്എസ്

Monday 2 July 2018 1:55 am IST
നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഭീകരവാദികളെ സംരക്ഷിക്കാനും ദേശീയ ശക്തികളെ കുറ്റപ്പെടുത്താനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്നും കഴിഞ്ഞ രണ്ടു ദിവസമായി അടൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ പാസ്സാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആര്‍എസ്എസ് പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു.

അടൂര്‍: വര്‍ഗീയ, ഭീകരസംഘടനകളുടെ പ്രവര്‍ത്തനം മൂലം കേരളം അതീവഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആര്‍എസ്എസ്. കശ്മീരിലെ കത്വയില്‍ പിഞ്ചുബാലിക കൊല്ലപ്പെട്ടതിന്റെ മറവില്‍ ഹര്‍ത്താല്‍ എന്ന പേരില്‍ അരങ്ങേറിയത് പച്ചയായ വര്‍ഗീയ കലാപത്തിനുള്ള നീക്കമായിരുന്നു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാതെ മത തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. 

നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഭീകരവാദികളെ സംരക്ഷിക്കാനും ദേശീയ ശക്തികളെ കുറ്റപ്പെടുത്താനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്നും കഴിഞ്ഞ രണ്ടു ദിവസമായി അടൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ പാസ്സാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആര്‍എസ്എസ് പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു. 

പ്രധാനമന്ത്രിയെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനകളുടെ ഒരു കേന്ദ്രം കേരളമായിരുന്നു എന്നത് പരിതഃസ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു, പ്രമേയം മുന്നറിയിപ്പു നല്‍കി. 

സിറിയയിലെയും ഇറാഖിലെയും ഐഎസ് ഭീകരവാദികള്‍ക്കൊപ്പം ചേരാന്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യുവതീ യുവാക്കള്‍ പോകുന്നത് എന്ന  രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ കൂടെക്കൂട്ടാന്‍ ലക്ഷ്യമിട്ടു കേരളാ ഐഎസ് തലവന്‍ അബ്ദുല്‍ റാഷിദ് നല്‍കിയ ശബ്ദസന്ദേശം കേരളത്തെ ഭീകര പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 

ദേശീയഗാനത്തിനും രാജ്യത്തിന്റെ സാംസ്‌കാരിക ബിംബങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സൈന്യത്തിനും പരമോന്നത നീതിപീഠത്തിനും എതിരെ കേരളത്തില്‍ നടക്കുന്ന പ്രചാരവേല ആഴത്തില്‍ വേരൂന്നിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തെളിവാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മലബാര്‍ കേന്ദ്രീകരിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടത്, രാജ്യവിരുദ്ധ ശക്തികള്‍ക്ക് കേരളത്തില്‍ സുരക്ഷിത താവളമെന്ന ഭീകര സംഘടനകളുടെ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണ്. 

ഒരു വിഭാഗം ക്രിസ്ത്യന്‍ സഭകള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന ഇടയലേഖനങ്ങള്‍ പലപ്പോഴും വിഘടനവാദപരവും ദേശവിരുദ്ധവുമായ നിലപാടുകള്‍ കൈക്കൊള്ളണമെന്ന ആഹ്വാനമാണ് മുഴക്കുന്നത്. ഭീകരവാദ സംഘടനകളുടെയും വടക്കുകിഴക്കന്‍ മേഖലകളിലെ വിഘടന പ്രസ്ഥാനങ്ങളുടെയും പ്രഭവകേന്ദ്രമായി കേരളം മാറിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.

ദേശീയബോധത്തിനെതിരെ ഉയര്‍ന്നു വരുന്ന ഈ വിപത്തുകള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനും ജാതി മത താല്പര്യങ്ങള്‍ക്കും അതീതമായി എല്ലാ ദേശസ്‌നേഹികളും മുന്നോട്ടു വരണം. ഭീകരവാദ ശക്തികള്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍  എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആര്‍എസ്എസ് ആവശ്യപ്പെട്ടു. 

യോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് സ്വാന്തരഞ്ജന്‍, ക്ഷേത്രീയ സംഘചാലക് ഡോ. വന്യരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.