ലൈംഗിക പീഡനം: പാതിരിമാര്‍ക്കെതിരെ കേസെടുത്തു

Monday 2 July 2018 11:30 am IST

കോട്ടയം: ലൈംഗിക പീഡന കേസില്‍ ഓര്‍ത്തഡോക്സ് സഭാ പാതിരിമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സഭയിലെ നാല് പാതിരിമാരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ ബലാത്സംഗത്തിനാണ് കേസെടുത്തത്. അഞ്ച് പാ‍തിരിമാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. പീഡനത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ ഒഴിവാക്കുകയായിരുന്നു. 

കുമ്പസാര രഹസ്യം ഉപയോഗിച്ച്‌ അഞ്ച് വൈദികര്‍ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പാരാതിയില്‍ ഭാര്യയുടെ മൊഴിയാണ് നിര്‍ണായകമായത്. വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നല്‍കിയതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. യുവതിയുള്ള രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.

മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി യുവതി നടത്തിയ കുമ്പസാരമാണ് വൈദികന്‍ ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു കുമ്പസാരം കേട്ടത്. പിന്നീട് ഇയാള്‍ വഴി ഇത് മറ്റ് വൈദികര്‍ അറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. യുവതിക്ക് പാതിരിമാരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും വാട്സ്-ആപ്പ്-ഫേസ്‌ബുക്ക് സന്ദേശങ്ങളും ഭര്‍ത്താവ് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. 

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നല്‍കും. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.