അഭിമന്യൂവിന്റെ കൊല: മുഖ്യപ്രതി മുഹമ്മദ് ഒളിവില്‍

Monday 2 July 2018 4:18 pm IST

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഇടുക്കി മറയൂര്‍ വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ട സംഭവത്തില്‍ ആകെ 15 പ്രതികളെന്ന് ദൃക്‌‌സാക്ഷി മൊഴി. കേസിലെ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദ് എന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ക്യാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 

കേസില്‍ നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവില്‍ മൂന്നു പേര്‍ കസ്റ്റഡിയിലാണ്. വിദ്യാര്‍ത്ഥികള്‍ അക്രമ രാഷ്ട്രീയത്തിലേക്ക്കടക്കരുതെന്നും ഡിജിപി അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട്/കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  ആലുവ സ്വദേശി ബിലാല്‍, കോട്ടയം സ്വദേശി ഫറൂക്ക്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

മുഹമ്മദാണ് അക്രമത്തിനായി ക്യാമ്പസിന് പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്നത്. അക്രമം അഴിച്ചുവിട്ട പത്ത് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കസ്റ്റഡിയിലുള്ള ഫറൂക്ക് മഹാരാജാസില്‍ പുതിയതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ്. ആലുവയിലെ ഒരു സ്വകാര്യ കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് വിദ്യാര്‍ത്ഥിയല്ല. ഇയാള്‍ക്ക് 37 വയസുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.