പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Tuesday 3 July 2018 2:33 am IST

പത്തനാപുരം: പരിശോധനക്കിടയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ നജീബി(40)നെയാണ് എസ്എഫ്‌സികെയുടെ മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ റബ്ബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.      ഞായറാഴ്ച രാത്രി ഏഴോടെ മാങ്കോട് മുള്ളൂര്‍നിരപ്പില്‍ പട്രോളിംഗിന്റെ ഭാഗമായി പത്തനാപുരം പോലീസ് എത്തിയിരുന്നു. ഈ സമയം നജീബടക്കം പത്ത് പേര്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച്  കാരംസ് കളിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറിലൂടെ നജീബിനെ പോലീസ് ഊതിപ്പിച്ചിരുന്നു.  

 പിടികൂടുമെന്ന  ഭയത്താല്‍  ഓടിയ നജീബിന്റെ പിന്നാലെ പോലീസും ഓടിയതായും കുറച്ച് ദൂരം പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനാകാതെ പോലീസ് മടങ്ങുകയായിരുന്നുവെന്നും ബന്ധുക്കള്‍  പറഞ്ഞു. രാവിലെ തോട്ടത്തിലെത്തിയ  ടാപ്പിംങ്ങ് തൊഴിലാളികളാണ് കമിഴ്ന്നുകിടക്കുന്ന  നിലയില്‍  മൃതദേഹം കണ്ടത്. എസ്എഫ്‌സികെയിലെ താല്ക്കാലിക തൊഴിലാളിയായിരുന്നു നജീബ്. ശാസ്ത്രീയ പരിശോധനാ സംഘവും  ഡോഗ് സ്‌ക്വാഡും  സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍  സമഗ്രമായ  അന്വേഷണം വേണമെന്ന് നജീബിന്റെ പിതാവ്  ഷൗക്കത്ത്   ആവശ്യപ്പെട്ടു. ഭാര്യ:സുനിത. നബീല്‍, നസ്മി എന്നിവര്‍ മക്കളാണ്.

അതിനിടെ ആരോപണം  അടിസ്ഥാനരഹിതമെന്ന് പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പ്രതികരിച്ചു. പ്രദേശത്ത്  ഒരു മാസം മുമ്പ് കാരംസ് കളിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ  യുവാവ്  സുഹൃത്തിന്റെ  അടിയേറ്റ്  മരിച്ചതാണ്. ഇതിന്റെ ഭാഗമായാണ്  രാത്രി പരിശോധന മേഖലയില്‍ ശക്തമാക്കിയത്. മരണപ്പെട്ട നജീബിനെ പോലീസ് ഓടിച്ചട്ടില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങുക പോലും ചെയ്യാതെ തങ്ങള്‍  മടങ്ങുകയാണുണ്ടയതെന്നും എസ്‌ഐ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.