മോദിയുടെ ജനപ്രീതി കൂടിയെന്ന് റിപ്പോർട്ട്

Tuesday 3 July 2018 2:41 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ഏഷ്യന്‍ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടില്‍ മോദിയുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ 70 ശതമാനം തൃപ്തരാണെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണെന്ന വിചിത്രമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളോടെ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

2017ല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുള്ളവര്‍ 70 ശതമാനമായി കൂടിയെന്നാണ് റിപ്പോര്‍ട്ടില്‍. അഴിമതിക്കെതിരായ പ്രവര്‍ത്തനത്തിലും മോദി സര്‍ക്കാരിന്റെ റേറ്റിങ് കൂടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി വിരുദ്ധ സര്‍ക്കാരെന്ന നിലയ്ക്ക് 2015 മുതല്‍ 2017വരെയായി റേറ്റിങ്ങ് 85 മുതല്‍ 90 ശതമാനം വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മോദിയും കേന്ദ്രവും ബിജെപിയും ജനാധിപത്യ വിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപം. അതേ സമയം റിപ്പോര്‍ട്ട് സന്തുലിതമാണെന്ന് വരുത്താന്‍ വേണ്ടിയാണ് മോദി സര്‍ക്കാരിനെ ചിലയിടങ്ങളില്‍ പ്രശംസിക്കുന്നതെന്നും സംശയമുണ്ട്.

മോദി ജനപ്രിയനാണെങ്കിലും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടെങ്കിലും ഇന്ത്യ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനില്‍ നിന്നാണ് നിക്കി ഏഷ്യന്‍ റിവ്യൂവും ഫിനാന്‍ഷ്യല്‍ ടൈംസ് കോണ്‍ഫിഡന്‍ഷ്യല്‍ റിസര്‍ച്ചും ചേര്‍ന്ന് ഡാറ്റാ വാച്ചെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4ല്‍ നിന്ന് 7.9 ശതമാനമായി. പക്ഷെ ഇന്ത്യയുടെ സ്വതന്ത്ര ജനാധിപത്യ ഗുണങ്ങള്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടില്‍.

സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാഫിന്‍ ലിന്‍ഡ്‌ബെര്‍ഗ് നടത്തുന്ന വി ഡെം ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ടിനു വേണ്ട സൂചകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ ജനാധിപത്യ സൂചകങ്ങളില്‍ ഇന്ത്യ 50ല്‍ താഴെയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 40 വര്‍ഷത്തില്‍ സംഭവിക്കാത്തതാണിതെന്നും കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സൂചകം 44നും 42നും ഇടയ്ക്കായി താഴ്ന്നുവെന്നും തട്ടിവിടുന്നു. രണ്ടാം അടിയന്തരാവസ്ഥയുടെ വരവിന്റെ സൂചനയാണോ ഇതെന്നും റിപ്പോര്‍ട്ടില്‍ ഇന്ത്യാ വിരുദ്ധര്‍ ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.