അഭിമന്യു; ഇസ്ലാമിക ഭീകരതയുടെ അവസാന ഇര

Tuesday 3 July 2018 2:44 am IST

കൊച്ചി:  ഇസ്ലാമിക ഭീകരതയുടെ കത്തിക്ക് ഇരയായ അവസാന ജീവനാണ് എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റേത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു അടക്കം അഞ്ച് വിദ്യാര്‍ഥികളുടെ ജീവനുകളാണ് കേരളത്തിലെ കാമ്പസുകളില്‍ ഇസ്ലാമിക ഭീകരര്‍ ഇല്ലാതാക്കിയത്. ഇതില്‍ മൂന്ന് പേര്‍ എബിവിപി പ്രവര്‍ത്തകരാണ്. 

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിശാല്‍, കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി സച്ചിന്‍ ഗോപാല്‍, കക്കയങ്ങാട് ഐടിഐയിലെ വിദ്യാര്‍ഥി ശ്യാമപ്രസാദ് എന്നിവരുടെ ജീവനുകളും പ്രണയച്ചതിയില്‍പ്പെടുത്തി അനൂജയുടെ ജീവനും കവര്‍ന്നത് ഇസ്ലാമിക ഭീകരരാണ്. 

മഹാരാജസ് കോളേജില്‍ കഴിഞ്ഞ കുറേക്കാലമായി ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനം സജീവമാണ്. കോളേജില്‍ ഷഹീന്‍ ഫോഴ്സ് എന്ന വനിതാ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനവും സജീവമാണെന്ന് സൂചനയുണ്ട്. ഇടതുപക്ഷ സ്വഭാവമുള്ള വനിതാ സ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളുന്ന സംഘടന എന്ന രീതിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളും മഹാരാജാസില്‍ നിലവിലുണ്ട്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നതിന് എല്ലാ സഹായവും ഇവര്‍ ചെയ്തു കൊടുക്കുന്നുവെന്നും കോളേജിലെ ഒരു പറ്റം വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. 

ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നത്. ഈ മേഖലയിലേക്ക് മറ്റുള്ളവരെ കടത്തിവിടാന്‍ പോലും ഇവര്‍ അനുവദിക്കാറില്ല. മഹാരാജാസിലെ ഗള്‍ഫ് എന്നാണ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് അറിയപ്പെട്ടിരുന്നത്. കുട്ടികളെ പ്രണയച്ചതിയില്‍പ്പെടുത്തി മയക്കുമരുന്നിന് അടിമപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോളേജില്‍ നിന്നും വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

കോളേജില്‍ അനാശ്യാസ പ്രവര്‍ത്തനവും കഞ്ചാവ് മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്നും മുന്‍ പ്രിന്‍സിപ്പാള്‍ തന്നെ മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഇതിന് എസ്എഫ്‌ഐ നല്‍കിയ മറുപടി പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചായിരുന്നു. മുമ്പ് കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ ഇരുമ്പ് വടികളും വാളുകള്‍ അടക്കമുള്ള മാരക ആയുധങ്ങളും എറണാകുളം സെന്‍ട്രല്‍ പോലീസ് കണ്ടെത്തിയിരുന്നു. ആയുധശേഖരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. 

സാനു കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.