സന്ദര്‍ശക ഡയറി കസ്റ്റഡിയിലെടുത്തു; ബിഷപ്പ് മഠത്തില്‍ താമസിച്ചതിന് തെളിവ്

Tuesday 3 July 2018 2:44 am IST

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ്പ് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സന്ദര്‍ശക ഡയറി പോലീസ് കസ്റ്റഡിയിലെടുത്തു. 2014ല്‍ എറണാകുളത്ത് നടന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കുറവിലങ്ങാട്ടെ മഠത്തില്‍ രാത്രി താമസിച്ചതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ പീഡനമുണ്ടായത് അന്നാണെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു. പീഡന ദിവസം രാത്രി ബിഷപ്പിന്റെ തിരുവസ്ത്രം ഇസ്തിരിയിട്ട് തിരികെ കൊടുക്കുന്നതിനിടയില്‍ കയറിപ്പിടിച്ചതായും കുതറിയപ്പോള്‍ ഭീഷണിപ്പെടുത്തി കീഴടക്കിയെന്നും പറയപ്പെടുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ 13 തവണ മഠത്തില്‍ എത്തി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു.

ബിഷപ്പ് കന്യാസ്ത്രീയെ മഠത്തില്‍ വച്ച് പീഡിപ്പിച്ചെന്ന മൊഴി സഭയെ പിടിച്ചുകുലുക്കുകയാണ്. സഭാചട്ടങ്ങള്‍ പ്രകാരം ബിഷപ്പിന് മഠത്തില്‍ താമസിക്കാന്‍ അധികാരമില്ലെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. മഠത്തിലെ ഹോസ്റ്റലില്‍ കന്യാസ്ത്രീകളും വയോധികരും, ചില പെണ്‍കുട്ടികളുമാണ് താമസിച്ചുവരുന്നത്. ഇവിടെ ബിഷപ്പിന് രാത്രിയില്‍ എത്തി താമസിക്കാന്‍ യാതൊരു അധികാരവുമില്ലെന്ന് കന്യാസ്ത്രീ പോലീസിന് കൊടുത്ത മൊഴിയിലും പറയുന്നുണ്ട്.

കന്യാസ്ത്രീയുടെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി കൂടെയുള്ള മറ്റ് കന്യാസ്ത്രീകളും പറയുന്നു. പരാതി മറച്ചുപിടിച്ചുവെന്നാരോപിച്ച് വിശ്വാസികളുടെ തന്നെ സംഘടന രംഗത്ത് വന്നുകഴിഞ്ഞു. ഇവര്‍ പരാതി മറച്ച് വച്ചവര്‍ക്കെതിരെയും ബിഷപ്പിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കാണിച്ച് എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.