കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത് 72 പേജുകളില്‍; ബിഷപ്പിനെതിരെ മാര്‍പ്പാപ്പക്കും പരാതി നല്‍കി

Tuesday 3 July 2018 2:47 am IST

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്കും മാര്‍പ്പാപ്പയ്ക്കും ഇ-മെയില്‍ വഴി പരാതി അയച്ചിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. ആദ്യം പരാതി നല്‍കിയത് കുറവിലങ്ങാട് ഫെറോനാ വികാരിക്കായിരുന്നു. തുടര്‍ന്ന് പാലാ രൂപതാ ബിഷപ്പിനെയും  അറിയിച്ചു. എന്നാല്‍  അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിനാല്‍ കഴിഞ്ഞ മെയില്‍  കര്‍ദിനാളിന് നേരിട്ട് പരാതി നല്‍കി. ബിഷപ്പ് ലത്തീന്‍ സഭയുടെ ബിഷപ്പായതിനാല്‍ താന്‍ നിസ്സഹായനാണെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാനുമായിരുന്നു കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം. തുടര്‍ന്നാണ് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും മാര്‍പ്പാപ്പയ്ക്കും പരാതി അയച്ചത്.

   മെയ് 11ന് കൊച്ചിയില്‍ വച്ചാണ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്. സഭാ നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. വൈക്കം ഡി.വൈ.എസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്ന് 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പിഡീപ്പിക്കപ്പെട്ട ദിവസവും സമയവും അടക്കം വിശദമായ മൊഴിയാണ് നല്‍കിയത്. ഇന്നലെ മഠത്തിലെ നാല് കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു. അവശേഷിക്കുന്ന രണ്ടു പേരുടെ മൊഴി ഇന്ന് എടുക്കും.

  വിവിധ ഘട്ടങ്ങളിലായി താന്‍ നല്‍കിയ പരാതികളുടെ പകര്‍പ്പുകളും കന്യാസ്ത്രീ ഡിവൈഎസ്പിക്ക് കൈമാറി. പരാതിയില്‍ നിന്ന് പിന്മാറാന്‍ കന്യാസ്ത്രീക്കുമേല്‍ ശക്തമായ സമ്മര്‍ദം ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ മജിസ്‌ട്രേട്ടിന്റെ മുന്നിലെത്തിച്ച്  സെക്ഷന്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് മുമ്പാകെ ഡിവൈഎസ്പി അപേക്ഷ നല്‍കി. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയെടുപ്പും പൂര്‍ത്തിയായതിനാല്‍ ഉടന്‍തന്നെ അന്വേഷണ സംഘം ജലന്ധറില്‍ എത്തി ബിഷപ്പിനെ ചോദ്യംചെയ്യും. അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ വൈക്കം ഡി.വൈ.എസ്പിയെ കണ്ട് മൊഴി രേഖപ്പെടുത്തിയതായും വിവരമുണ്ട്. 

 പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ ജലന്ധര്‍ രൂപതാ പി.ആര്‍.ഒയുടെ പേരില്‍ വാര്‍ത്തക്കുറിപ്പും ഇറങ്ങി. ഈ കുറിപ്പില്‍ കന്യാസ്ത്രീയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി പറയുന്നുണ്ട്. ജലന്ധറിലേക്ക് അന്വേഷണത്തിനായി പോലീസ് സംഘം പുറപ്പെടുന്നതിന് മുമ്പ് കുറവിലങ്ങാട് പള്ളിവികാരി, പാലാ ബിഷപ്പ്, കര്‍ദിനാള്‍ ആലഞ്ചേരി മുതലായവരുടെയടക്കം മൊഴി എടുക്കേണ്ടി വരും. കന്യാസ്ത്രീയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ പീഡനം മറച്ച് വച്ചതിനുള്ള അന്വേഷണവും ഇവര്‍ നേരിടേണ്ടിവരും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.