ത്രിപുര മെഡിക്കല്‍ കോളേജ് അഴിമതി; പ്രതിയെ സംരക്ഷിച്ച് കേരള പോലീസ്; രൂക്ഷ വിമര്‍ശനവുമായി ത്രിപുര ഹൈക്കോടതി

Monday 2 July 2018 8:21 pm IST

ന്യൂദല്‍ഹി: അഗര്‍ത്തല മെഡിക്കല്‍ കോളേജ് അഴിമതിയില്‍ കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ത്രിപുര ഹൈക്കോടതി. മലയാളിയും ഗ്ലോബല്‍ എജ്യൂക്കേഷന്‍ നെറ്റ് (ജി നെറ്റ്) ചെയര്‍മാനുമായിരുന്ന കെ. ബാലചന്ദ്രന്‍ നായര്‍ക്കെതിരായ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാത്തതില്‍ ആലപ്പുഴ എസ്പിയോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. മെയ് 14നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ബാലചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് അരിന്ദം ലോഥ് വ്യക്തമാക്കി. കേരള പോലീസിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി കെടുകാര്യസ്ഥതയെ വിമര്‍ശിക്കുകയും ചെയ്തു. 

 അഗര്‍ത്തല ഹപാനിയയിലുള്ള മെഡിക്കല്‍ കോളേജ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടത്തുന്നതിനായി 2004ല്‍ ഇടത് സര്‍ക്കാര്‍ ജി നെറ്റുമായി കരാറൊപ്പിട്ടിരുന്നു. സ്ഥലവും കെട്ടിടങ്ങളും സര്‍ക്കാര്‍ കമ്പനിക്ക് കൈമാറുകയും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തെങ്കിലും മെഡിക്കല്‍ കോളേജ് നടത്തിപ്പ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു. 2008ല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കി ജി നെറ്റ് ത്രിപുര വിട്ടു. നിരവധി സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും കമ്പനി വായ്പയെടുത്തിരുന്നു. ഇതില്‍ ചിലയാളുകള്‍ക്ക് ബാലചന്ദ്രന്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ നിരവധി തവണ ബാലചന്ദ്രനെതിരെ സമന്‍സ് അയച്ചിരുന്നെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരായില്ല. 

2013ല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയതിനും സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയതിനും പോലീസ് കേസെടുത്തു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇതിന് പുറമെ, മെഡിക്കല്‍ കോളേജിന്റെ വസ്തുവകകള്‍ പണയെപ്പെടുത്തി കമ്പനി അനധികൃതമായി ഹഡ്‌കോയില്‍നിന്നുമെടുത്ത 56 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കുകയും ചെയ്തു. 

കേരളത്തിലെ തട്ടിക്കൂട്ട് കമ്പനിയായ ജി നെറ്റിനെ ത്രിപുരയിലെത്തിച്ചതിന് പിന്നില്‍ രണ്ട് സംസ്ഥാനങ്ങളിലെയും സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേരളത്തിലെയും ത്രിപുരയിലെയും സിപിഎം നേതാക്കള്‍ക്ക് പ്രതിയുമായുള്ള ബന്ധങ്ങള്‍ ത്രിപുര സര്‍ക്കാരിന്റെ അന്വേഷണ പരിധിയിലാണ്. കേരളത്തിലെ ഉന്നത സിപിഎം നേതാക്കളും അന്വേഷണ പരിധിയിലാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കീരിന് കീഴിലുള്ള സൊസൈറ്റിക്കാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ്.

കെ. സുജിത്

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.