മാമാ... അച്ഛന്‍ നനയില്ലേ?

Tuesday 3 July 2018 3:07 am IST

സ്‌നേഹത്തിന്റെ നിറമെന്താവാം? ഭാഷയെന്താവാം? അതിന്റെ ഉള്‍ത്തുടിപ്പ് എന്താവാം? ചോദ്യങ്ങള്‍ക്കുത്തരം ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാലും വ്യാഖ്യാനിക്കാനാവില്ല. ചില സന്ദര്‍ഭങ്ങളും അങ്ങനെയാണ്. വിങ്ങിപ്പൊട്ടുന്ന മാനസികാവസ്ഥയില്‍ നിന്നുപോകും. അതും സ്‌നേഹത്തിന്റെ ഒരു വകഭേദമാണ്. സ്‌നേഹനിര്‍ഭരമായ പൂക്കാലങ്ങളിലേക്ക് മനസ്സ് പതിയെ യാത്ര തുടരുമ്പോള്‍ അവാച്യാനുഭൂതിയുടെ നനുത്ത സപ്ര്‍ശങ്ങളുണ്ടാവും. അത്തരം ചില സംഗതികളിലേക്കൊന്ന് നമുക്ക് ഊളിയിടാം.

വരാപ്പുഴ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ഥലമാണ്. ജനജീവിതത്തിന് താങ്ങും തണലുമാകേണ്ടവര്‍ ഒരു കുടുംബത്തെയും അവരെ സ്‌നേഹിക്കുന്നവരെയും പൊള്ളുന്ന വെയിലിലേക്ക് ചവിട്ടിത്തെറിപ്പിച്ചതിന്റെ നോവു പടര്‍ന്ന സ്ഥലം. മകനെ നെഞ്ചോടടുക്കിപ്പിടിച്ച് വളര്‍ത്തിയെടുത്ത അമ്മയ്ക്ക് അവന് ഒരു തുള്ളിവെള്ളം കൊടുക്കാന്‍ കഴിയാതിരുന്ന നിസ്സഹായത നിലവിളിക്കുന്നനാട്. കൊഞ്ചിക്കുഴഞ്ഞ് അച്ഛന്റെ കഴുത്തില്‍ കൈചുറ്റി ആചുണ്ടില്‍ ഒരുമ്മ നല്‍കാന്‍ കഴിയാത്ത നിഷ്‌കളങ്കതയുടെ വേദന പൊള്ളിക്കുന്നനാട്. ആനാട്ടിലേക്ക്, ആവീട്ടിലേക്ക്- അതെ, ശ്രീജിത്തിന്റെ വീട്ടിലേക്ക്- ഒരു രാഷ്ട്രീയ നേതാവ് ഒരപരാഹ്‌നത്തില്‍ കടന്നുചെന്നു. അപ്പോള്‍ ചന്നം പിന്നം മഴപെയ്യുന്നുണ്ടായിരുന്നു; ശ്രീജിത്തിന്റെ അമ്മയുടെ കണ്ണീരു പോലെ, ഭാര്യയുടെ വേദന പോലെ, സഹോദരന്റെ വിങ്ങല്‍ പോലെ. ശ്രീജിത്തിന്റെ അമ്മയുടെ മടിയില്‍ ചാഞ്ഞുകിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയോട് 'മഴ പെയ്യുകയാണല്ലോ മോളേ' എന്ന് നേതാവ് സ്‌നേഹപൂര്‍വം പറഞ്ഞു. അപ്പോള്‍ ആ മകള്‍ പറഞ്ഞതെന്താണെന്നറിയുമോ? 'മാമാ അച്ഛന്‍ മഴയത്ത് നനയില്ലേ' എന്ന്! അതു കേള്‍ക്കെ ഒന്നും പറയാനാവാതെ നേതാവും കൂടിനിന്നവരും നിശ്ശബ്ദമായി.

ഒരു തെറ്റും ചെയ്യാത്ത അവളുടെ അച്ഛനെ പെരുമഴയത്ത് നനയാന്‍ വിട്ട ആ സംവിധാനത്തെ നമുക്ക് ശപിച്ചു കൊണ്ട് വല്ലതും പറഞ്ഞാല്‍ മതിയോ? പിന്നെയും പിന്നെയും ആ ധിക്കാരകൊലപാതകത്തെ ന്യായീകരിക്കാനും വിശദീകരണങ്ങള്‍ മെനഞ്ഞുണ്ടാക്കാനും ശ്രമിക്കുന്ന സംവിധാനത്തെ ഉടച്ചു വാര്‍ക്കണ്ടേ? ഒരു സര്‍ക്കാര്‍ ജോലിയില്‍, പത്തുലക്ഷം രൂപയില്‍ ഒതുക്കാന്‍ മാത്രമുള്ള ഒരു ജീവനായിരുന്നോ ശ്രീജിത്തിന്റേത്. ഇപ്പോഴും ശ്രീജിത്ത് പെരുമഴയത്ത് വിറച്ചുനില്‍ക്കുകയാണ്. ഇനി വെയില്‍ വരും, മഞ്ഞു വരും. പൊന്നോമനയായ ആ മകളുടെ മനസ്സില്‍ അച്ഛന്‍ നനഞ്ഞും പൊള്ളിപ്പിടഞ്ഞും തണുത്തു വിറച്ചും അങ്ങനെ കിടക്കും. അത്തരം സാധ്യതകള്‍ ഇനിയൊരിക്കലും ഇവിടേക്ക് അരിച്ചരിച്ച് വരാതിരിക്കാന്‍ ജാഗ്രതയുടെ കോട്ടകള്‍ പണിയുകയത്രേ കരണീയം. കരച്ചിലുകള്‍ക്കു മുകളില്‍ കാരുണ്യത്തിന്റെ വിരല്‍പ്പാടുകളുണ്ടാവട്ടെ.

നിഷ്‌കളങ്കബാല്യങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. സ്വന്തം നാടിന്റെ അധികാരാവകാശങ്ങളിലേക്ക് ആരും വരരുതെന്നു തന്നെയാണ് ഏത് ഭരണാധികാരിയും ആഗ്രഹിക്കുക. ലോകപ്പോലീസ് എന്ന് പലരും വിളിക്കുന്ന അമേരിക്കയുടെ ഭരണാധികാരിയും അങ്ങനെ തന്നെ. ആ രാജ്യത്തേക്ക് അതിര്‍ത്തികടന്നുള്ള ആളുകളുടെ വരവ് അസഹനീയമായതോടെ കര്‍ക്കശ നിലപാടുകളുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അച്ഛനമ്മമാരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട കുട്ടികള്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും കൂടാരങ്ങളായ അമ്മയച്ഛന്മാരെ  അവര്‍ക്ക് പിരിയാനാവുമോ? വാത്സല്യമേഖലയില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു കുട്ടിയുടെ കരളലിയിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടത് ലോകശ്രദ്ധയാകര്‍ഷിച്ചു. അത് കടുത്തസമ്മര്‍ദ്ദമായി ഭരണാധികാരിയില്‍ പതിക്കുകയായിരുന്നു. ഫലമോ? ഡൊണാള്‍ഡ് ട്രംപിന് അയഞ്ഞ സമീപനം സ്വീകരിക്കേണ്ടിവന്നു. അതു സംബന്ധിച്ച് അര്‍ഥതലങ്ങള്‍ ഒരുപാടുള്ള കാര്‍ട്ടൂണ്‍ 'ഡെക്കാന്‍ ക്രോണിക്ക്ള്‍) പ്രസിദ്ധീകരിച്ചിരിക്കുന്നു. നിഷ്‌കളങ്കതയുടെ നിലപാടുകള്‍ ശക്തവും ഉജ്വലവുമാവുന്നതിന് ഇനിയും എത്രയെത്ര ഉദാഹരണങ്ങള്‍!

ഇനി, ഗുരുശിഷ്യബന്ധത്തിന്റെ ഒരു ന്യൂജന്‍ വാര്‍ത്തയാണ്. ഗുരുവിന്റെ പരീക്ഷയും ശിഷ്യരുടെ സ്‌നേഹവും പുരാണങ്ങളിലും ചരിത്രങ്ങളിലും നിറഞ്ഞു കിടപ്പുണ്ട്. എന്നാല്‍ അതൊക്കെ ആധുനിക കാലഘട്ടത്തില്‍ ഒന്നുമല്ലെന്നാണല്ലോ വെപ്പ്. 

ഗുരുവിന്റെ ഔന്നത്യവും ശിഷ്യരുടെ വിദ്യാദാഹവും എങ്ങനെ ഇഴുകിച്ചേര്‍ന്നു പോകുന്നുവെന്നതിന് ചെന്നൈയില്‍ നിന്ന് ഒരു ഉദാഹരണം. വെളിഗരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ജി. ഭഗവാനെ അധികൃതര്‍ സ്ഥലം മാറ്റി. എന്നാല്‍ തങ്ങളുടെ പ്രിയങ്കരനായ ഭഗവാനെ വിട്ടുകൊടുക്കാന്‍ ശിഷ്യര്‍ സമ്മതിച്ചില്ല. ഉത്തരവുമായിവന്നവരെ അവര്‍ ഉപരോധിച്ചു. ഭഗവാനെ അവര്‍ കെട്ടിപ്പിടിച്ചുനിന്നു. രക്ഷിതാക്കളും കുട്ടികള്‍ക്കായി രംഗത്തുവന്നു. ഒടുവില്‍ വിദ്യാഭ്യാസവകുപ്പ് തല്‍ക്കാലം സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്. ഗുരുനാഥന്‍ ശിഷ്യരുടെ മനസ്സില്‍ എങ്ങനെ ഇടം നേടിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്. 

കുട്ടികളുടെ ആഗ്രഹത്തിനൊപ്പം സെലിബ്രിറ്റികള്‍ കൂടി രംഗത്തെത്തിയെന്നാണ് ഒടുവിലത്തെ വിവരം. അജ്ഞാന തിമിരാന്ധതയില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരുനാഥനെ അവര്‍ക്ക് എങ്ങനെ കൈവിടാനാവും.?

daslak@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.