എസ്എഫ്ഐ നേതാവിൻ്റെ ചോര വീണിട്ടും ഇസ്ലാമിക ഭീകരതയെ എതിർക്കാൻ മടിച്ച് സിപിഎം

Tuesday 3 July 2018 3:12 am IST
"അഭിമന്യുവിന്റെ മൃതദേഹത്തിനരികില്‍ വിലപിക്കുന്ന അമ്മ ഭൂപതി"

കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ ഇസ്ലാമിക ഭീകരവാദത്തിനു വളരാനുള്ള എല്ലാ സഹായങ്ങളും നല്‍കിയതിനു തിരിച്ചടിയേറ്റിട്ടും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ തുറന്നെതിര്‍ക്കാന്‍ മടിച്ച് സിപിഎം. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാര്‍ ക്രൂരമായി കൊല ചെയ്തതിനെ എങ്ങിനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് സിപിഎം. 

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളെ നിരോധിക്കാനുള്ള ആവശ്യം തുടര്‍ച്ചയായി പുച്ഛിച്ചു തള്ളിയ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ ഉത്തരമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന മൃദുസമീപനത്തോടെയാണ് കൊലപാതകത്തെ അപലപിച്ചത്. കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകരവാദ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിലയുറപ്പിക്കാന്‍ പിന്തുണ നല്‍കിയ എസ്എഫ്‌ഐക്ക് ചോരയില്‍ മുക്കിയ മറുപടിയാണ് തിരിച്ചു കിട്ടിയത്. 

സംസ്ഥാനത്തെ മിക്ക ക്യാമ്പസുകളിലും എബിവിപിയുടെ മുന്നേറ്റം ചെറുക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ എസ്എഫ്‌ഐ തോളിലേറ്റിയത്. മലബാര്‍ മേഖലയിലെ കോളേജുകളില്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിനെ പിന്തള്ളാനുള്ള നീക്കത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ ഒപ്പം കൂട്ടി എസ്എഫ്‌ഐ. നിരവധി കോളേജുകളില്‍ കുട്ടി സഖാക്കളും ക്യാമ്പസ് ഫ്രണ്ടും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്.

വിവിധ പേരുകളില്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തില്‍ അവതരിച്ചപ്പോള്‍ നല്‍കിയ മുന്നറിയിപ്പുകളെ ചെറുക്കാന്‍ മുന്നില്‍ നിന്നത് സിപിഎമ്മാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ശരിയില്ല എന്ന് ശക്തമായി ആവശ്യപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയത്തെ നിരോധനം കൊണ്ട് നേരിടരുത് എന്നായിരുന്നു കോടിയേരിയുടെ വാദം. ഞാന്‍ പെറ്റ മകനേ... എന്നു വിലപിക്കുന്ന അഭിമന്യുവിന്റെ അമ്മയുടെ കണ്ണീരിന് സിപിഎമ്മിന്റെ ഭീകരവാദ പ്രീണനത്തിന്റെ വിലയുണ്ട്. 

തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത് എന്നു മാത്രമാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ക്യാമ്പസിനു പുറത്തു നിന്നെത്തിയ എസ്ഡിപിഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് അഭിമന്യുവിനെ വധിച്ചതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പറയുമ്പോഴും സംഘടനയുടെ പേരു പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കും മടി. തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണം എന്ന ആഹ്വാനത്തില്‍ അവസാനിക്കുന്നു ആ അനുശോചനം. 

സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കേരളത്തില്‍ പലയിടത്തും സിപിഎമ്മും അനുബന്ധ സംഘടനകളും നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ അവരുടെ രോഷം ബിജെപിയോടായിരുന്നു. തിരുവനന്തപുരത്തും മറ്റും അവര്‍ തകര്‍ത്തത് ബിജെപിയുടെ ബോര്‍ഡുകളും ഫ്‌ളക്‌സുകളും.  

സംഘപരിവാര്‍ പ്രസ്ഥാനത്തെ വിമര്‍ശിക്കുമ്പോള്‍ ആവേശത്തിലാറാടുന്ന ഇടതുപക്ഷ സഹയാത്രികരും അഭിമന്യുവിനെ വധിച്ച സംഭവത്തെ അപലപിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചാണ് ഉപയോഗിച്ചത്. പ്രാകൃതമായ പ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത് തുടങ്ങിയ നപുംസക പ്രയോഗങ്ങളില്‍ നിര്‍ത്തി പലരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.