ലൈംഗിക ചൂഷണം: നാല് വികാരിമാർക്കെതിരെ കേസ്

Tuesday 3 July 2018 3:15 am IST

പത്തനംതിട്ട: കുമ്പസാരരഹസ്യം മുതലെടുത്ത് വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വികാരിമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രഹാം വര്‍ഗീസ് (സോണി), ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് വികാരിമാര്‍ക്കെതിരെയാണ് വീട്ടമ്മയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നത്. 

എന്നാല്‍ വീട്ടമ്മയുടെ മൊഴി എടുത്തശേഷം നാലുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുറ്റകൃത്യം നടന്നു എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  ബലാല്‍സംഗ കുറ്റത്തോടൊപ്പം പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളും ചേര്‍ത്തിട്ടുണ്ട്.

പതിനാറ് വയസ്സുള്ളപ്പോള്‍ ഫാ. എബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചെന്നും, ഇക്കാര്യം 2009ല്‍ കുമ്പസാരത്തിനിടയില്‍ വികാരി ജോബ് മാത്യുവിനോട് പറഞ്ഞതിനെത്തുടര്‍ന്ന് ഈ രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബ് മാത്യു തന്നെ പീഡിപ്പിച്ചതെന്നും വീട്ടമ്മ നല്‍കിയ മൊഴിയില്‍ പറയുന്നതായാണ് സൂചന. ഇതേപ്പറ്റി സഹപാഠി കൂടിയായിരുന്ന ഫാ. ജെയ്‌സ് കെ.ജോര്‍ജിനോട് പറഞ്ഞു. അയാളും തന്നെ പീഡനത്തിനിരയാക്കി. കൗണ്‍സിലിങ്ങിനിടയില്‍ ഈസംഭവങ്ങള്‍ ഫാ. ജോണ്‍സണ്‍ വി.മാത്യുവിനോട് പറഞ്ഞതോടെ അദ്ദേഹവും പീഡിപ്പിക്കുകയായിരുന്നുവെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്.

ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മൊഴിയെടുത്തത്. പ്രതി ചേര്‍ക്കപ്പെട്ട വികാരിമാരെല്ലാം ഒളിവിലാണ്. ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷിക്കുന്നതോടെ സഭയുടെ ആഭ്യന്തര അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.