സൂപ്പർ സാംബ

Tuesday 3 July 2018 3:18 am IST

മോസ്‌ക്കോ: നെയ്മറുടെ ചിറകിലേറി കാനറികള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നിറങ്ങി. ആവേശഭരിതമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തോല്‍പ്പിച്ചു. ഒരു ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് കാനറികളുടെ വിജയശില്‍പ്പി.51-ാം മിനിറ്റില്‍ നെയ്മറും 88-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഗോള്‍ നേടിയത്. 

ഇത് പതിനാറാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ബെല്‍ജിയവും ജപ്പാനും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയിയെയാണ്  ക്വാര്‍ട്ടറില്‍ എതിരിടുക.തുടക്കത്തില്‍ മെക്‌സിക്കോയാണ് കളം നിറഞ്ഞ് കളിച്ചത്. കാര്‍ലോസ് വേലയും ഹെക്ടര്‍ ഹീരയുമൊക്കെ തകര്‍ത്തുകളിച്ചു. വേഗത്തിലും പന്തടക്കത്തിലും അവര്‍ ബ്രസീലിനെക്കാള്‍ മുന്നിലായിരുന്നു. വലതു വിങ്ങിലൂടെ കാര്‍ലോസ് വേലയും ജാവീയര്‍ ഹെര്‍ണാണ്ടസുമാണ് അവരുടെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നിരന്തരം അവര്‍ ബ്രസീലിയന്‍ ഗോള്‍ മുഖം റെയ്ഡ് ചെയതു. 

അതേസമയം ബ്രസീലിന് തുടക്കത്തില്‍ നല്ലൊരു നീക്കം നടത്താനായില്ല. പക്ഷെ മത്സരം പുരോഗമിച്ചതോടെ ബ്രസീല്‍ താളം കണ്ടെത്തി. 25-ാം മിനിറ്റില്‍ നെയ്മര്‍ നല്ലൊരു ഷോട്ട് പായിച്ചെങ്കിലും മെക്‌സിക്കന്‍ ഗോളി രക്ഷപ്പെടുത്തി. പിന്നീട് കുടിഞ്ഞോയും ഗോളിയെ പരീക്ഷിച്ചു. 

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മെക്‌സിക്കോയുടെ അല്‍വാരസ് നെയ്മനെ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ഗോള്‍ മുഖത്തിന് 30 വാര അകലെ നിന്ന് നെയ്മര്‍ തൊടുത്തുവിട്ട് ഷോട്ട് ബാറിന് മുകളിലൂടെ പറന്നകന്നു. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു.

രണ്ടാം പകുതിയില്‍ കളിമാറി. തുടക്കം മുതല്‍ ബ്രസീല്‍ ആക്രമിച്ചു കളിച്ചു. ഗബ്രീയേല്‍ ജീസസും നെയ്മറും മെക്‌സിക്കന്‍ പ്രതിരോധം തകര്‍ത്തു മുന്നേറി. 50-ാം മിനിറ്റില്‍ വില്ല്യന്‍ നീട്ടിക്കൊടുത്ത പന്ത് നെയ്മര്‍ക്ക് പോസ്റ്റിലേക്ക് പായിച്ചെങ്കിലും പുറത്തേക്ക് പോയി.

എന്നാല്‍ തൊട്ടടുത്ത നിമിഷത്തില്‍ ബ്രസീല്‍ ലക്ഷ്യം കണ്ടു.നെയ്മറാണ് സ്‌കോര്‍ ചെയ്തത്. വില്ല്യന്‍സ് ഗോള്‍ മുഖത്തേക്ക് നല്‍കിയ ക്രോസ് ജീസസിന് കണക്ട് ചെയ്യാനായില്ല. പക്ഷെ പിന്നാലെയെത്തിയ നെയ്മര്‍ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. 89 മത്സരങ്ങളില്‍ നെയ്മറിന്റെ 57-ാം ഗോളാണിത്. തൊട്ടടുത്ത നിമിഷങ്ങളില്‍ നെയ്മറും പൊളിഞ്ഞോയും ഷോട്ടുകള്‍ പായിച്ചെങ്കിലും ബാറിന് കീഴില്‍ കരുത്തനായി നിലയുറപ്പിച്ച മെക്‌സിക്കന്‍ ഗോളിയെ കീഴ്‌പ്പെടുത്താനായില്ല.

പ്രത്യാക്രമണം നടത്തിയ മെക്‌സിക്കോ ഗോള്‍ നേടിയെന്ന് തോന്നിച്ചു. പക്ഷെ കാര്‍ലോസ് വേലയുടെ ഉഗ്രനടി ഉയര്‍ന്നുചാടിയ ബ്രസീല്‍ ഗോളി കുത്തിയകറ്റി.88-ാം മിനിറ്റില്‍ ബ്രസീല്‍ രണ്ടാം ഗോള്‍ നേടി വിജയമുറപ്പാക്കി. ഇടതു വിങ്ങില്‍ നിന്ന് നെയ്മര്‍ നീട്ടിക്കൊടുത്ത ക്രോസ് ഫിര്‍മിനോ അനായാസം വലയിലാക്കി.

സസ്‌പെന്‍ഷനിലായ സെന്റര്‍ ബാക്ക് ഹെക്ടര്‍ മൊറേനോയെ കൂടാതെയാണ് മെക്‌സിക്കോ ഇറങ്ങിയത്. പുറം വേദനകാരണം ബ്രസീലിന്റെ മാഴ്‌സെലോയും വിട്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.