സബാഷ് സുബാസിച്ച്

Tuesday 3 July 2018 3:15 am IST

മോസ്‌ക്കോ: കാവല്‍ ഭടന്മാര്‍ അരങ്ങുതകര്‍ത്ത പോരാട്ടത്തില്‍ ഡെന്മാര്‍ക്കിനെ മറികടന്ന് ക്രൊയേഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഷൂട്ടൗട്ടില്‍ വിധിയെഴുതിയ പ്രീ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയിച്ചത്. ഷൂട്ടൗട്ടിലെ മൂന്ന് പെനാല്‍റ്റികള്‍ രക്ഷപ്പെടുത്തിയ ഡാനിജല്‍ സുബാസിച്ചാണ് ക്രൊയേഷ്യയുടെ വിജയശില്‍പ്പി. 

1998 നു ശേഷം ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തത്തുന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ അവര്‍ ആതിഥേയരായ റഷ്യയുമായി മാറ്റുരയ്ക്കും. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ ത്തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ ക്രമാരിച്ച്,മോഡ്രിച്ച്, റാകിടിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടു. അതേസമയം അബാദേല്‍ , പിവാറിച്ച് എന്നിവരുടെ ഷോട്ടുകള്‍ ഡെന്മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്മിഷേല്‍ രക്ഷപ്പെടുത്തി. ഡെന്‍മാര്‍ക്കിന്റെ കീറിനും ഡെഹ്ലിക്കും മാത്രമാണ് ലക്ഷ്യം കണ്ടത്. എറിക്‌സണ്‍, യോഗേര്‍സണ്‍, ഷോണ്‍ എന്നിവരുടെ കിക്കുകള്‍ സുബാസിച്ച് രക്ഷപ്പെടുത്തി.

അധികസമത്ത് ലുക മോഡ്രിച്ച് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മോഡ്രിച്ചിന്റെ കിക്ക് ഡെന്മാര്‍ക്ക് ഗോളി രക്ഷപ്പെടുത്തി. കളിയുടെ 57-ാം സെക്കന്‍ഡില്‍ ഗോള്‍ നേടി ഡെന്മാര്‍ക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. മത്തിയാസ് ജോര്‍ഗന്‍സനാണ് ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുളളില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി. മരിയോ മന്‍സുകിക്കാണ് ലക്ഷ്യം കണ്ടത്.

ആദ്യ നാലു മിനിറ്റിനുളളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയതോടെ മത്സരം ആവേശപ്പോരാട്ടമാകുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍ പിന്നീട് ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. ഗോള്‍ നേടുന്നതിനെക്കാളുപരി ഗോള്‍ വഴങ്ങാതിരിക്കാനാണ് ടീമുകള്‍ ശ്രമിച്ചത്. അതിനാല്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.

എക്‌സ്ട്രാ ടൈമില്‍ ക്രൊയേഷ്യക്ക് വിജയിക്കാനായി കനകാവസരം ലഭിച്ചതാണ്. ഡെന്മാര്‍ക്കിന്റെ ഗോള്‍ മുഖത്തേക്ക് ഒറ്റക്ക് പന്തുമായി കുതിച്ച ആന്റി റെബിക് ഗോള്‍ നേടുമെന്നുറപ്പായപ്പോള്‍ മത്തിയാസ് ജോര്‍ഗന്‍സണ്‍ തള്ളി താഴെയിട്ടു. ഈ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. പക്ഷെ മോഡ്രിച്ച് എടുത്ത കിക്ക് ഡെന്മാര്‍ക്ക് ഗോളി കൈപ്പിടിയിലൊതുക്കി.

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ നാലു മിനിറ്റില്‍ ഇരു ടീമുകളും ഗോള്‍ നേടിയ രണ്ടാമത്തെ മത്സരമാണ്. 2014 ലെ അര്‍ജന്റീന- നൈജീരിയ മത്സരത്തിലാണ് ഇതിന് മുമ്പ് ആദ്യ നാലുമിനിറ്റില്‍ രണ്ട് ഗോളുകള്‍ പിറന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.