ഇനിയും ചങ്കിലെ ചോരയ്ക്ക് ഒരു കത്തിയും നീളരുത്‌

Tuesday 3 July 2018 8:56 am IST
എന്തിനും പോപ്പുലര്‍ഫ്രണ്ട് കൂടെ നില്‍ക്കും എന്ന ധൈര്യമാണ് എന്തതിക്രമത്തിനും ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ രാജ്യം നിരോധിക്കാന്‍ ഒരുങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ അരുമ സന്തതികളായ ക്യംപസ് ഫ്രണ്ട് സ്വന്തം സമുദായ സംരക്ഷകരായി നിസാര വിഷയങ്ങള്‍പോലും മതവല്‍ക്കരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു വരികയാണ്.

നാന്‍ പെറ്റ മകനേ...എന്‍ കിളിയേ...ഹൃദയം ചുരന്നു വരുന്ന ആ അമ്മക്കരച്ചിലിന്റെ ദിഗന്തങ്ങള്‍ പൊട്ടുന്ന ആരവം തടുക്കാന്‍ ആര്‍ക്കാവും. കരച്ചിലെല്ലാം ചുഴിയായി ഉള്ളിലേക്കു വലിച്ചെടുക്കുന്ന വേദന പാരാവാരം നെഞ്ചിലൊതുക്കുന്ന ആ അച്ഛന്റെ മുഴക്കമുള്ള നിശബ്ദത എങ്ങനെ സഹിക്കും. ക്യാംപസ്  ഫ്രണ്ടിന്റെ പുറംഗുണ്ടകള്‍ നെഞ്ചില്‍ കുത്തിവീഴ്ത്തി മരണത്തിനു കീഴടങ്ങിയ മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി അഭിമന്യുവിന്റെ മരവിച്ച ദേഹത്തില്‍ നൊമ്പരത്തിന്റെ മരവിപ്പായി വീഴുന്ന മാതാപിതാക്കളെയോര്‍ത്ത് നാം ജീവിക്കുന്ന മൃതദേഹങ്ങളായിപ്പോകുന്നു. കേരളത്തിന്റെ ക്യാംപസ് ചക്രവാളത്തില്‍ എന്നെന്നും മോഹിപ്പിക്കുന്ന മുദ്രചാര്‍ത്തിയ മഹാരാജാസിന്റെ നെഞ്ചില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം മറ്റൊരു നരവേട്ടയുടെ രക്തക്കറ.

യൗവനപ്പുളപ്പിന്റേയും രാഷ്ട്രീയ ത്രസിപ്പിന്റേയും പേരില്‍ അടിപിടി ഉണ്ടാകുമെങ്കിലും കൊലപാതകത്തിന്റെ ചോരകൊണ്ട് ക്യാമ്പസ് വ്രണിത പങ്കിലമാകാറില്ല കേരളത്തില്‍. പക്ഷേ ഇന്നതും സംഭവിച്ചു. ചുമരെഴുത്തിന്റെ പേരില്‍ വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകത്തിലേക്ക് വളര്‍ന്നത് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കുടിലതയുടെ നീച മാതൃകയാണ്. പക്ഷേ ആസൂത്രിതമാണ് കൊലയെന്നാണ് എസ്എഫ് ഐയും സിപിഎമ്മും പറയുന്നത്. ക്യാമ്പസ് ഫ്രണ്ടുമായാണ് പ്രശ്‌നം ഉണ്ടായതെങ്കിലും അവര്‍ക്കുവേണ്ടി മൂത്താശാരികളായ പോപ്പുലര്‍ഫ്രണ്ടാണ് കൊല നടത്തിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൊല നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു കഴിഞ്ഞു. ജീവന് രാഷ്ട്രീയമോ ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസമോ ഇല്ല. ആര് കൊല്ലപ്പെട്ടാലും അത് പൊതു സമൂഹത്തിന് തീരാനഷ്ടമാണ്.

കലാലയ രാഷ്ട്രീയം അടുത്തകാലത്ത് ക്രൂരമായ കലാപ രാഷ്ട്രീയമായത് ക്യാമ്പസ് ഫ്രണ്ടിന്റെ വരവോടെയാണ്. തങ്ങളുടെ രാഷ്ട്രീയ പടര്‍ച്ചയ്ക്കായി 2009 ലാണ് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ടിന് അഖിലേന്ത്യാ തലത്തില്‍ രൂപംകൊടുത്തത്. മതസംഘടനാ സ്വഭാവമാണ് ഇവര്‍ക്കുള്ളത്. ക്യാമ്പസില്‍ മത തീവ്രവാദം വളര്‍ത്തി സമൂഹത്തില്‍ പൊതുവെ അരാജകത്വം ഉണ്ടാക്കുന്ന ഈ സംഘടനയുടെ രാഷ്ട്രീയം അപകടകരമാണെന്നറിഞ്ഞുകൊണ്ടു തന്നെ എതിരാളികളെ തകര്‍ക്കാനും തളര്‍ത്താനും അവരുമായി ചങ്ങാത്തം കൂടുകയായിരുന്നു ഒളിഞ്ഞും തെളിഞ്ഞും എസ്എഫ്ഐ. അതിനു കട ചൂടിയതാകട്ടെ അവരുടെ ഗോഡ് ഫാദേഴ്‌സായ സിപിഎം നേതാക്കളും. എബിവിപിയുമായും മറ്റു വിദ്യാര്‍ഥി സംഘടനകളുമായും നിരന്തരം അങ്കംവെട്ടുന്ന ക്യാമ്പസ് ഫ്രണ്ടിന് ഒളിഞ്ഞും തെളിഞ്ഞും മൗനാനുവാദം നല്‍കിയിരുന്നത് എസ്എഫ്ഐ തന്നെയാണ്. തങ്ങള്‍ ചെയ്യേണ്ടത്  അവര്‍ ചെയ്യുന്നുണ്ടല്ലോയെന്ന നിഗൂഢ നിര്‍വൃതിയായിരുന്നു എസ്എഫ്ഐയ്ക്ക്. മഹാരാജാസില്‍ ബീഫ് ഫെസ്റ്റിവെല്‍ ഒരുമിച്ചു നടത്തിയ എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഏകോദര സഹോദരന്മാരെപ്പോലെയായിരുന്നു. പാലുകൊടുത്ത കൈയില്‍ കൊത്തിയപ്പോഴാണോ എസ്എഫ്ഐക്കും സിപിഎമ്മിനും നൊന്തത്.

എന്തിനും പോപ്പുലര്‍ഫ്രണ്ട് കൂടെ നില്‍ക്കും എന്ന ധൈര്യമാണ് എന്തതിക്രമത്തിനും ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ രാജ്യം നിരോധിക്കാന്‍ ഒരുങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ അരുമ സന്തതികളായ ക്യംപസ് ഫ്രണ്ട് സ്വന്തം സമുദായ സംരക്ഷകരായി നിസാര വിഷയങ്ങള്‍പോലും മതവല്‍ക്കരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു വരികയാണ്.

മത തീവ്രവാദത്തിന്റെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് കേരളം. ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ചിലരെ കാണാതായി. കൊല്ലപ്പെട്ടവര്‍ വേറെ. എല്ലാം ഐഎസ് ബന്ധത്തിന്റെ പേരില്‍ തന്നെ. വോട്ടിനും നിലനില്‍പ്പിനും വേണ്ടി ഇവര്‍ക്കു വളരാന്‍ വഴിവെക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ മത്സരിക്കുകയാണെന്നുപോലും തോന്നിപ്പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലകുറി കേരളത്തിലെ ഇത്തരം ഭീകരാവസ്ഥകള്‍ ചുണ്ടിക്കാട്ടിയിട്ടും പിണറായി സര്‍ക്കാരും സിപിഎമ്മും മൗനത്തിലാണ്. ഈ മൗനംകൊണ്ട് അവര്‍ക്കു നേട്ടമുണ്ടാകാം. പക്ഷേ കേരളത്തിനു കൊല്ലുന്ന ആ നേട്ടം വേണ്ട. കേരളത്തിനു ജീവിക്കണം. അതുകൊണ്ട് സര്‍ക്കാര്‍ ഇനിയും കണ്ണുതുറക്കണം. അല്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകള്‍ മാത്രമല്ല കേരളം തന്നെയും കൊലക്കളമാകും. ഇനിയും ചങ്കിലെ ചോരയ്ക്ക് ഒരു കത്തിയും നീളരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.