ലൈംഗിക പീഡനം: കന്യാസ്ത്രീയില്‍ നിന്നും ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും

Tuesday 3 July 2018 10:45 am IST

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയില്‍ നിന്നും ഇന്ന് രഹസ്യമോഴി രേഖപ്പെടുത്തും. ചങ്ങനാശേരി ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് മുന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ബിഷപ്പില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളാണെന്ന് കന്യാസ്ത്രീ നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഉടന്‍ ജലന്ധറിലേക്ക് പോകും. ലൈംഗിക ദുരുപയോഗത്തിനു പുറമേ ഫോണ്‍ രതിക്കും വിധേയാകേണ്ടി വന്നെന്നും ഈ കാലത്ത് മരണത്തെക്കുറിച്ച്‌ പോലും ചിന്തിച്ചിരുന്നെന്നും കന്യാസ്ത്രി പറയുന്നു. 2014 മേയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.