ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വന്‍ അഗ്നിബാധ; രണ്ടു പേര്‍ക്ക് പരിക്കേറ്റു

Tuesday 3 July 2018 11:20 am IST

കൊച്ചി: ദേശം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വന്‍ അഗ്നിബാധ. ഒന്‍പതാം നിലയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന അമ്മയെയും മകളെയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഫ്ളാറ്റില്‍ താമസിച്ചിരുന്ന ജെറ്റ് എയര്‍വേയ്സ് ജീവനക്കാരി ആലപ്പുഴ ചമ്പക്കുളം ചക്കാത്തറ വീട്ടിലെ ജാക്ക്വലിന്‍ മാത്തന്‍ (28), മകള്‍ കാതറിന്‍ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവം നടന്നയുടന്‍ അയല്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഇവരെ ഉടന്‍ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. 

ആലുവയില്‍ നിന്ന് രണ്ടും അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയില്‍ നിന്നും അഗ്നിശമന സേന എത്തിയ ശേഷവും സ്‌ഫോടനം നടന്നു. ഫ്ളാറ്റ് പൂര്‍ണമായും കത്തിച്ചാമ്പലായി. 

മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാല്‍ അഗ്നിശമനസേനയുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.