നെയ്മറിന് കൂടുതൽ തവണ വീഴേണ്ടി വരും

Tuesday 3 July 2018 5:29 pm IST
ഇടത് വിങ്ങിലൂടെ കുതിച്ച വില്യന്‍ പെനാല്‍ട്ടി ബോക്‌സിലേക്ക് പന്ത് പായിക്കുമ്പോള്‍ ചിറക് വിടര്‍ത്തി പറന്നിറങ്ങുന്ന മഞ്ഞക്കിളികളെ പോലെ രണ്ടു പേര്‍ ... സീസറും നെയ്മറും ... ഒച്ചാവോയുടെ ഒച്ച നിലച്ചിട്ടുണ്ടാവണം. നെയ്മര്‍ ആ പന്ത് ഇടം കാല്‍ കൊണ്ട് തലോടി വലയിലേക്ക് മറിക്കുമ്പോള്‍ സമാറ സാംബയുടെ ലഹരിയിലാവുകയായിരുന്നു.

കടപുഴകാതെ ബ്രസീല്‍ .... മെക്‌സിക്കന്‍ തിരമാലകള്‍ക്ക് മേല്‍ കാനറികളുടെ ചിറകടി. മെസിയും റൊണാള്‍ഡോയും മടങ്ങിയ മൈതാനത്ത് വീണിട്ടും വീഴാതെ നെയ്മര്‍ ജൂനിയര്‍.. കടുകു വയലുകള്‍ പൂത്തപോല്‍ മഞ്ഞ പുതച്ചിരുന്നു ഇന്നലെ സമാര അരീന.

വലയ്ക്കു മുന്നിലെ നീരാളി എന്ന് പേരുകേട്ട ഗില്ലര്‍മോ ഒച്ചാവോ ആയിരുന്നു ബ്രസീലിന്റെ എതിരാളി. മെക്‌സിക്കന്‍ മോഹങ്ങള്‍ക്ക് കാവല്‍ തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവന്‍..... പക്ഷേ മറുപുറത്ത് സാംബയുടെ നൃത്തച്ചുവടുകള്‍ ഏത് നീരാളിയെയും വിഭ്രമിക്കാന്‍ പോരുന്നതായിരുന്നു. വിഖ്യാതമായ ബ്രസീലിയന്‍ ചുവടുകള്‍... എതിര്‍ ഗോള്‍ മുഖത്തേക്ക് ഹൃദയം കൊരുത്ത് നടത്തുന്ന മുന്നേറ്റങ്ങള്‍ ... ആദ്യ ഗോള്‍ അത് പറഞ്ഞു തരും.

ഇടത് വിങ്ങിലൂടെ കുതിച്ച വില്യന്‍ പെനാല്‍ട്ടി ബോക്‌സിലേക്ക് പന്ത് പായിക്കുമ്പോള്‍ ചിറക് വിടര്‍ത്തി പറന്നിറങ്ങുന്ന മഞ്ഞക്കിളികളെ പോലെ രണ്ടു പേര്‍ ... സീസറും നെയ്മറും ... ഒച്ചാവോയുടെ ഒച്ച നിലച്ചിട്ടുണ്ടാവണം. നെയ്മര്‍ ആ പന്ത് ഇടം കാല്‍ കൊണ്ട് തലോടി വലയിലേക്ക് മറിക്കുമ്പോള്‍ സമാറ സാംബയുടെ ലഹരിയിലാവുകയായിരുന്നു.

പകുതിക്ക് ശേഷം പകരക്കാരനായിറങ്ങിയ ഫെര്‍മിനോയ്ക്കാണ് രണ്ടാം ഗോള്‍ നേടാനുള്ള യോഗം ഉണ്ടായത്. ഇക്കുറിയും നെയ്മര്‍ തന്നെ. പെനാല്‍ട്ടി ബോക്‌സില്‍ ഒച്ചാവോയേയും മറികടന്ന് മറിച്ച പന്ത് ഫെര്‍മിനോയ്ക്ക് ഒന്ന് തൊടുകയേ വേണ്ടിയിരുന്നുള്ളൂ. ... വീണു നേടിയതാണ് വിജയമെന്ന് നെയ്മറിനെ ചൂണ്ടി പരാജിതരുടെ പാളയങ്ങളില്‍ നിന്ന് പരിഹാസം ഉയരുന്നു. ഇന്നലെയും നെയ്മര്‍ വീണു. മിഗ്വര ലിയൂണിന്റെ ബ്ലോക്കില്‍ വീണുരുണ്ട നെയ്മര്‍ നെഗറ്റീവ് ഫുട്‌ബോള്‍ കളിക്കുന്നുവെന്ന് പിന്മടങ്ങിയ വമ്പന്മാരുടെ ആരാധക പ്രമാണിമാര്‍ ആര്‍ത്തുവിളിക്കുന്നു.  ഉത്തരം നെയ്മറിന്റെ വാക്കുകളിലുണ്ട്, ' ഞാന്‍ വന്നത് എന്റെ നാടിന്റെ വിജയം ഉറപ്പിക്കാനാണ്. കാഴ്ച കാണാനല്ല. കളി നിയന്ത്രിക്കാന്‍ കളത്തില്‍ ആളുണ്ട്. മറ്റൊന്നും ഇപ്പോള്‍ എന്റെ വിഷയമല്ല. രാജ്യത്തിന്റെ വിജയത്തിലും വലുതല്ല എന്റെ പ്രതിച്ഛായ ' .  

മത്സരങ്ങള്‍ക്ക് പുലര്‍ച്ചെ ലോങ്ങ് വിസില്‍ മുഴങ്ങുമ്പോള്‍ എന്തിനും പോന്ന ബല്‍ജിയം ജാപ്പനീസ് ബോംബറുകളെ മറികടന്നിരുന്നു. വിസ്മയിപ്പിക്കുന്ന രണ്ടാം പകുതി. ഇങ്ങനെയൊന്ന് ഇതിനു മുമ്പാണ്ടായിട്ടില്ല. ആദ്യം ഹരാഗുച്ചി, പിന്നെ തകഷി ഇനൂയി.... രണ്ട് ഗോളിന് ജപ്പാന്‍ മുന്നില്‍. മറ്റാരായാലും തോല്‍വിയുടെ കയത്തിലേക്ക് വീണുപോകുമായിരുന്നു . ഇത് ബല്‍ജിയമാണ്... ചുവന്ന ചെകുത്താന്മാര്‍.. അറുപത്തൊമ്പതില്‍ ജാന്‍ വെര്‍ടോഗന്‍,എഴുപത്തിനാലില്‍ മറൂണി ഫെല്ലാനി, തൊണ്ണൂറ്റി മൂന്നില്‍ നാസര്‍ചിദ്‌ലി.... ബല്‍ജിയത്തിന് മുന്നില്‍ ഇനി ബ്രസീല്‍ ... 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.