രജനിയുടെ കാര്‍ഷിക വിപ്ലവം

Wednesday 4 July 2018 1:00 am IST
കൃഷി നശിക്കുന്നു എന്ന മുറവിളിള്‍ക്കിടയില്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് വീട്ടമ്മയായ രജനി. വയനാട്ടില്‍ നിന്നു ലഭിച്ച 35 കിലോ നെല്‍വിത്തുപയോഗിച്ചാണ് രജനി പ്രതീക്ഷയോടെ കൃഷി തുടങ്ങിയത്. ഒരുവര്‍ഷം പാടം തരിശിട്ടശേഷമാണ് കൃഷിയിറക്കിയത്. ഏക്കറിന് 35 കിലോയെന്ന കണക്കിന് വിത്ത് പാകി ഞാറ്റടി തയ്യാറാക്കി ഇരുപത്തിയൊന്നാം ദിവസമാണ് പറിച്ചു നട്ടത്. ഏറെ കൃത്യതയോടെയാണ് രജനിയുടെ നേതൃത്വത്തില്‍ ഞാറുപറിക്കലും മറ്റും നടന്നത്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിച്ചത്. ഒരേക്കറില്‍ സാധാരണ നെല്ല് 2000 കിലോ വിളയുമ്പോള്‍ രക്തശാലി 800 കിലോക്ക് അടുത്തേ ലഭിക്കുകയൂള്ളൂ. എന്നാല്‍ കിലോയ്ക്ക് 250 രൂപ ലഭിക്കും. പത്ത് ജില്ലകളിലേക്ക് നെല്ല് കയറ്റി അയയ്ക്കുന്നുമുണ്ട്. അമ്പലങ്ങളിലേക്കും, ബുക്ക് ചെയ്യുന്ന ആളുകള്‍ക്കും മറ്റും ഇത് എത്തിച്ചുകൊടുക്കാറുണ്ടെന്ന് രജനി പറയുന്നു.

ടുക്കളയില്‍ നിന്നും കൃഷിയിലേക്ക്. അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്‌കാരത്തെ നെഞ്ചോട് ചേര്‍ത്തൊരു വീട്ടമ്മ. കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ ഒരുപക്ഷേ ചിറ്റൂര്‍ വിളയോടി കച്ചേരിമേട് സുരേഷിന്റെ ഭാര്യ രജനി സൃഷ്ടിച്ച കാര്‍ഷികവിപ്ലവത്തെക്കുറിച്ച് അറിഞ്ഞാല്‍ വീണ്ടും കൃഷിയിലേക്കുതന്നെ തിരിയും.

നെല്ല്, ഉഴുന്ന്,പയര്‍, കൂണ്‍, മള്‍ബറി, മീന്‍വളര്‍ത്തല്‍ തുടങ്ങി സമ്മിശ്രകൃഷിയിലൂടെ രജനി നേടുന്നത് ലാഭം മാത്രമല്ല, കൃഷിയറിവ് മറ്റുള്ളവര്‍ക്ക്  പകര്‍ന്നു നല്‍കുകയുമാണ്. 

മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള രക്തശാലി അരിയുടെ കൃഷിയിലൂടെ മണ്‍മറഞ്ഞുപോകുമായിരുന്ന ഒരു നെല്‍വിത്തിനത്തെയാണ് രജനിയും ഭര്‍ത്താവും തിരികെ കൊണ്ടുവന്നത്. രാജാക്കന്മാര്‍ തങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായാണത്രേ രക്തശാലി ഉപയോഗിച്ചിരുന്നത്.

ഒരേയൊരു രക്തശാലി

 വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്നെങ്കിലും, രജനിയും ഭര്‍ത്താവും രക്തശാലി കൃഷിചെയ്യുവാന്‍ തുടങ്ങിയതോടെയാണ് എല്ലാവരും രക്തശാലി അരിയെക്കുറിച്ചറിഞ്ഞത്. ഏറെ ഔഷധഗുണമുള്ള രക്തശാലിക്ക് ആമാശയ കാന്‍സറിനെ പ്രതിരോധിക്കുവാനും, നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുവാനും, ത്വക്ക് രോഗങ്ങളെ അകറ്റാനും, അസ്ഥി തേയ്മാനം കുറയ്ക്കാനും, ഹൃദ്രോഗത്തെ ചെറുക്കാനും കഴിയുന്ന ഗുണങ്ങളുണ്ട്.

വയനാട്ടില്‍ നിന്നു ലഭിച്ച 35 കിലോ നെല്‍വിത്തുപയോഗിച്ചാണ് രജനി പ്രതീക്ഷയോടെ കൃഷി തുടങ്ങിയത്. ഒരുവര്‍ഷം പാടം തരിശിട്ടശേഷമാണ് കൃഷിയിറക്കിയത്. ഏക്കറിന് 35 കിലോയെന്ന കണക്കിന് വിത്ത് പാകി ഞാറ്റടി തയ്യാറാക്കി ഇരുപത്തിയൊന്നാം ദിവസമാണ് പറിച്ചു നട്ടത്. ഏറെ കൃത്യതയോടെയാണ് രജനിയുടെ നേതൃത്വത്തില്‍ ഞാറുപറിക്കലും മറ്റും നടന്നത്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിച്ചത്. ഒരേക്കറില്‍ സാധാരണ നെല്ല് 2000 കിലോ വിളയുമ്പോള്‍ രക്തശാലി 800 കിലോക്ക് അടുത്തേ ലഭിക്കുകയൂള്ളൂ. എന്നാല്‍ കിലോയ്ക്ക് 250 രൂപ ലഭിക്കും. പത്ത് ജില്ലകളിലേക്ക് നെല്ല് കയറ്റി അയയ്ക്കുന്നുമുണ്ട്. അമ്പലങ്ങളിലേക്കും, ബുക്ക് ചെയ്യുന്ന ആളുകള്‍ക്കും മറ്റും ഇത് എത്തിച്ചുകൊടുക്കാറുണ്ടെന്ന് രജനി പറയുന്നു.

കര്‍ണാടകയിലെ നെല്ലിനമായ സോണാക്രോസ് ഒരേക്കറില്‍ കൃഷി ചെയ്ത് മൂന്നു ടണ്‍ വിളയിച്ചെങ്കിലും സപ്ലൈക്കോ ഏറ്റെടുത്തില്ല. 140 ദിവസം മൂപ്പുള്ള അരി പൊടിയാക്കി കടകളില്‍ കൊടുക്കുകയായിരുന്നു. വിളവെടുപ്പ് കഴിഞ്ഞതോടെ കൃഷിക്ക്  വിട നല്‍കാന്‍ ഈ വീട്ടമ്മയ്ക്ക് മനസ്സുവന്നില്ല. ഏറെ ഔഷധഗുണമുള്ള രക്തശാലിയുടെ വയ്‌ക്കോല്‍ ഉപയോഗിച്ച് കൂണ്‍കൃഷി തുടങ്ങി. അതിലും വിജയിച്ചു. ഔഷധഗുണമുള്ള വയ്‌ക്കോലില്‍ വളരുന്ന കൂണിനും ഔഷധഗുണമുണ്ടാവുമെന്ന വിശ്വാസത്തിലാണ് രജനിയും ഭര്‍ത്താവ് സുരേഷും.

ചെറുപയര്‍ വിശേഷങ്ങള്‍

വേനലിനു മുമ്പുതന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന കിഴക്കന്‍മേഖലയില്‍ രണ്ടാംവിളയെടുക്കുകയെന്നത് സ്വപ്‌നം മാത്രമാണ്. എന്നാല്‍ രണ്ടാം വിളയ്ക്കുശേഷം ഇടവിളയായി വരള്‍ച്ചയെ പ്രതിരോധിക്കുന്ന ചെറുപയര്‍കൃഷി നടത്തി വിജയം കൈവരിച്ച രജനിക്ക് പറയാനുള്ളത് ഏറെയാണ്. വരള്‍ച്ചയെ പ്രതിരോധിക്കുന്ന ചെറുപയറിന്റെ പരിപാലനവും വിളവെടുപ്പുമെല്ലാം നടത്തുന്നത്  ഈ വീട്ടമ്മയും ഒരു സഹായിയും ചേര്‍ന്നാണ്. ഫെബ്രുവരിയിലാണ് രജനി ചെറുപയര്‍ കൃഷി തുടങ്ങിയത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച സിഒ-8 എന്ന ചെറുപയറിന്റെ വിത്ത് ഭര്‍ത്താവിന്റെ സുഹൃത്തുവഴി സംഘടിപ്പിച്ചു. ഒരേക്കറില്‍ എണ്ണൂറ് കിലോ മുതല്‍ വിളവ് ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. 

ഇതിനിടെ സ്വന്തമായി പരീക്ഷണങ്ങളും രജനി നടത്തി. 45-50 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താവുന്ന ഇനമാണ് സിഒ-8. എന്നാല്‍ നാല്‍പ്പത്തിയഞ്ചാം ദിവസം ചെറുപയര്‍ പറിച്ച് വിത്താക്കി എടുത്ത് കൃഷിക്ക് ഉപയോഗിച്ചു. രജനിയുടെ പരീക്ഷണം തെറ്റിയില്ല. നാല്‍പ്പത്തിയഞ്ചാം ദിവസംതന്നെ പയറ് ചെടി വിളവെടുപ്പിന് പാകമായി. നെല്ലിന്റെ ഒന്നാം വിളയ്ക്ക് മുന്‍പ് വിളവെടുപ്പും നിലമുഴലും നടന്നു. വേനല്‍ക്കാലമായതിനാല്‍ പയറ് ഉണക്കുവാനും ബുദ്ധിമുട്ടുണ്ടായില്ല. കേരളത്തില്‍ കൃഷി ചെയ്യുന്ന വര്‍ഷ, അമൃത്, മോഹിനി എന്നിവ വിളവെടുപ്പിന് 80 ദിവസമെടുക്കുമെന്നതിനാലാണ് സിഒ-8 പരീക്ഷിച്ചത്. 

ജലസേചനം അധികം ആവശ്യമില്ല. വിത്തിട്ട് അഞ്ചാംദിവസം ആദ്യ നന നല്‍കണം. പിന്നീട് 15 ദിവസത്തിലൊരിക്കല്‍ മതി. ഇത്തവണ വേനല്‍മഴ ലഭിച്ചതിനാല്‍ നന വേണ്ടിവന്നില്ല. മഞ്ഞളിപ്പു രോഗത്തിനെതിരെ പ്രതിരോധ ശേഷി കൂടുതലുള്ളതിനാല്‍ അധികം ബുദ്ധിമുട്ടുമില്ല. കീടങ്ങളെ അകറ്റാന്‍ ജൈവരീതിയിലാണ് കൃഷി. മത്തി കഷ്ണങ്ങളാക്കി ആറുദിവസം കുപ്പിയില്‍ സൂക്ഷിക്കും. പിന്നീടിത് വെയിലത്തു വയ്ക്കും. ഇതിന്റെ ദുര്‍ഗന്ധം മൂലം കീടങ്ങള്‍ വരില്ല. കാന്താരിയും വെളുത്തുള്ളിയും തുല്യ അളവിലെടുത്ത് 10 ലിറ്റര്‍ ഗോ മൂത്രത്തില്‍ ലയിപ്പിച്ചശേഷം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാറുണ്ട്. വിളവെടുപ്പിനുശേഷം  നൈട്രജന്‍ അംശമുള്ള ചെടികള്‍ ഉഴുതു മറിക്കും. ഇത് നെല്ലിന്റെ വിളവ് കൂട്ടുന്നതിന് സഹായിക്കും. സംസ്ഥാനത്ത് പാലക്കാടാണ് ചെറുപയര്‍ കൃഷി കൂടുതല്‍.

അഞ്ചുതവണത്തെ വിഷപ്രയോഗത്തിലൂടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുപയര്‍ കേരളത്തിലെത്തുന്നത്. പാടം ഉഴുതയുടന്‍ കളനാശിനിയിലാണ് തുടക്കമെന്ന് അവിടത്തെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച രജനി പറയുന്നു. 15 ദിവസത്തിനുശേഷം കളനശിക്കാന്‍ മറ്റൊരു വിഷപ്രയോഗം. തുടര്‍ന്ന് ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുവാന്‍ മറ്റൊരു മരുന്ന്. ഇലമഞ്ഞളിപ്പ്, പൂവും കായും കൊഴിയാതിരിക്കാന്‍ മറുമരുന്ന്. കേരളത്തിലെത്തുന്ന ചെറുപയര്‍ പരിശോധിക്കുവാന്‍ സംവിധാനങ്ങളില്ല. ഇത് അങ്കണവാടികളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് നല്‍കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കേരളത്തില്‍ത്തന്നെ  ജൈവരീതിയില്‍ ചെറുപയര്‍ കൃഷി ചെയ്താല്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുമെന്ന് രജനി പറയുന്നു.

മാര്‍ക്കറ്റില്‍ കിലോയ്ക്ക് 80-100 രൂപ വരെ ലഭിക്കും. ചെറുപയര്‍ കൃഷിക്ക് ചെലവു കുറവും വരുമാനം കൂടുതലുമാണെന്നതാണ് മറ്റൊരു പ്രത്യേകത.എന്നാല്‍ മറ്റുള്ളവര്‍ക്ക് വിത്തായി മാത്രമേ നല്‍കുകയുള്ളൂവെന്നത് രജനിയുടെ തീരുമാനമാണ്.

നാലു കിലോ വിതച്ച് 700 കിലോ വിളവ്

ഒരുതവണ ഉഴുന്നു കൃഷിയും പരീക്ഷിക്കുകയുണ്ടായി. ഒരേക്കര്‍ സ്ഥലത്ത് ഉദുമല്‍പേട്ടയില്‍ നിന്നു വാങ്ങിയ നാലുകിലോ ഉഴുന്ന് വിതച്ച് നേടിയതാവട്ടെ 700 കിലോ. 90 ദിവസം മൂപ്പുള്ള ഉഴുന്ന് മൂത്തുകഴിഞ്ഞാല്‍ തനിയെ പൊട്ടിവരും. ഇതിന്റെ തൊലി കളയുവാന്‍ സംവിധാനമില്ലാത്തതിനാല്‍ പരിപ്പാക്കിയാണ് നല്‍കിയത്. കിലോ നൂറു രൂപയ്ക്കാണ ്‌നാടന്‍ ഉഴുന്ന് വിറ്റത്. നവരാത്രി ആഘോഷങ്ങള്‍ക്കായി ചെണ്ടുമല്ലി പൂവും കൃഷി ചെയ്ത് ലാഭം നേടുന്നുണ്ട്. 

കാലിത്തീറ്റയ്ക്കും പട്ടുനൂല്‍ പുഴു വളര്‍ത്തുന്നതിനും ഉപയോഗിക്കുന്ന വി-വണ്‍ ഇനത്തില്‍പ്പെടുന്ന മള്‍ബറി മൂന്നു വര്‍ഷമായി രജനി കൃഷിചെയ്യുന്നുണ്ട്. ഒരു തൈ മൂന്നു രൂപയ്ക്കാണ് വില്‍ക്കുന്നത്. പട്ടുനൂല്‍പ്പുഴു വളര്‍ത്തുന്നതിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് രജനി.

നെല്ല്, ചെറുപയര്‍, കൂണ്‍, ഉഴുന്ന്, മള്‍ബറി എന്നിവ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ച വീട്ടമ്മയാണ് രജനി. വിളവിറക്കല്‍ രജനിയുടെയും സുരേഷിന്റേയും വകയാണെങ്കില്‍, വിളവെടുക്കുന്നത് ആര്‍ക്കുവേണമെങ്കിലുമാവാം. കേള്‍ക്കുമ്പോള്‍ ഞെട്ടുമെങ്കിലും രജനിയുടെ വീടിനോട് ചേര്‍ന്നുള്ള കുളത്തിലെത്തിയാല്‍ അറിയാം സംഭവം. 10 സെന്റ് കുളത്തില്‍ പത്തിനം മീനുകളുണ്ട്. കുളക്കരയില്‍ ചൂണ്ടലും വലയുമുണ്ട്. ഇതുപയോഗിച്ച് ആര്‍ക്കു വേണമെങ്കിലും മീന്‍പിടിക്കാം. അത്യപൂര്‍വ്വമായ അനാബസ്, കാഹു, തുടങ്ങി കട്‌ല, രോഹു, സൈപ്രസ്, റെഡ്മില്ലി, തിലോപ്പിയ, മൃഗാല, കരിമീന്‍, ഗ്രാസ് കാര്‍പ്പ് എന്നിവയാണ് വളര്‍ത്തുന്നത്. പിടിക്കുന്ന മീനിന് അന്നത്തെ മാര്‍ക്കറ്റ് വില നല്‍കിയാല്‍ മതിയാവും. മാത്രമല്ല അവിടെയിരുന്നു തന്നെ പാചകം ചെയ്തു കഴിക്കാമെന്ന  പ്രത്യേകതയുമുണ്ട്. 

മീനുകള്‍ പഴം, പച്ചക്കറി എന്നിവ കഴിക്കുമോ? രജനിയുടെ വീട്ടിലെ മീനുകള്‍ ഇവയെല്ലാം കഴിക്കും. കാരണം ഓരോ സീസണിലും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഇവയ്ക്ക് നല്‍കുന്നത്. ചക്ക,മാങ്ങ എന്നിവയാണ് പ്രധാനം. ഇവയാകട്ടെ രജനിയുടെ വീട്ടുവളപ്പില്‍ യഥേഷ്ടമുണ്ടുതാനും. സീസണ്‍ കഴിയുമ്പോള്‍ വിലക്കുറവുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങി നല്‍കും. പച്ചിലയും നല്‍കാറുണ്ട്. ഇവ കഴിച്ചുവളരുന്ന മീനുകള്‍ക്ക്  സ്വാദും അധികമാണെന്ന് രജനി പറയുന്നു. മീനുകള്‍ക്ക് തൂക്കംവയ്ക്കുന്നതിന് അറവുമാലിന്യം ഉപയോഗിക്കുന്നത് തെറ്റാണെന്നും, ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രജനി പറയുന്നു. 

പത്ത് സെന്റ് കുളം നിര്‍മ്മിച്ചതിലും പ്രത്യേകതയുണ്ട്. കുഴിയില്‍ ഒരു ലോഡ് പച്ചച്ചാണകമിട്ടാണ് തയ്യാറാക്കിയത്. അതിനു മുകളില്‍ ഒരടിയോളം ഉയരത്തില്‍ മള്‍ബറിയിലയിട്ടു. ഇതോടെ മീനുകള്‍ക്ക് ഭാരവും വണ്ണവും വര്‍ദ്ധിച്ചു. സാധാരണ ഒരു മീനിന് ഏഴുമാസത്തില്‍ ഒരു കിലോഗ്രാമാണ് തൂക്കം ഉണ്ടാവുകയെങ്കില്‍, ഇവിടെയുള്ളവയ്ക്ക് അഞ്ചുമാസത്തില്‍ തന്നെ ഒരു കിലോ ഭാരമായി. ഇവയ്ക്കാവട്ടെ ദുര്‍ഗന്ധവും കൊഴുപ്പുമില്ല എന്ന പ്രത്യേകതയുമുണ്ട്. ഒഴിവുദിനങ്ങളില്‍  നിരവധിപേരാണ് മീന്‍പിടിക്കുന്നതിനായി ഇവിടെയത്തുന്നത്. 

 കേട്ടറിഞ്ഞും കണ്ടറിഞ്ഞും വായനയിലൂടെയും ലഭിച്ച വിവരങ്ങളാണ് തന്റെ വിജയത്തിന് കാരണമെന്നും, വിമുക്തഭടനായ ഭര്‍ത്താവിന്റെ പിന്തുണ വലിയ പ്രേരണയാണെന്നും രജനി പറയുന്നു. ഇതിനെല്ലാം പുറമെ സൗജന്യമായി കാര്‍ഷിക പരിശീലനവും നല്‍കാറുണ്ട്. കുറച്ചുകാലം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ്  കൃഷിയിലേക്ക് രജനിയെ അടുപ്പിച്ചത്. വെറുതെ വീട്ടിലിരുന്ന് സമയം കളയുന്നതിനു പകരം എന്തെങ്കിലും കൃഷി ചെയ്യണമെന്നാണ് വനിതകള്‍ക്കുള്ള രജനിയുടെ സന്ദേശം. അതിന് സ്ഥലം പ്രശ്‌നമല്ല. കുറഞ്ഞ സ്ഥലത്ത് ചെയ്യാവുന്ന കൃഷി ചെയ്യുക. കുറച്ചെങ്കിലും വിഷരഹിത ഭക്ഷണം ശരീരത്തിലെത്തുമല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.