സത്- എന്ന മൂന്നാം നാമത്തിന്റെ അര്‍ത്ഥം വിവരിക്കുന്നു

Wednesday 4 July 2018 1:06 am IST

അധ്യായം 17-26 ശ്ലോകം

യജ്ഞം, തപസ്സ്, ദാനം മുതലായ വൈദികകര്‍മ്മങ്ങള്‍ക്ക് സത് എന്ന ഭാവം എന്നും പ്രഭാവപൂര്‍ണമായ സ്ഥിതി നിലനില്‍ക്കുന്നുണ്ട്.

''സദേവ സൗമ്യ, ഇദം അഗ്ര ആസീല്‍'' എന്നിങ്ങനെയുള്ള വേദവാക്യങ്ങള്‍ അനുസരിച്ച്, ബ്രഹ്മനും പരമാത്മാവുമായ ഭഗവാനും, എന്നും നിലനില്‍ക്കുന്നു. ഇതാണ് സത് എന്ന പദത്തിന്റെ- നാമത്തിന്റെ- അര്‍ത്ഥം.

വേദത്തില്‍ മാത്രമല്ല, ബ്രഹ്മവാദികള്‍ മാത്രമല്ല, ലൗകിക ഗ്രന്ഥങ്ങൡലും ലൗകികന്മാരും സാധുഭാവം- സത്ത്- നല്ലത് എന്ന ഭാവം പ്രയോഗിച്ചുവരുന്നുണ്ട്.

അതായത് ഒരു വസ്തുവുണ്ട് എന്ന ഭാവം- സത്ഭാവം; അത് നന്മ- സാധുഭാവം നിറഞ്ഞതാണ് എന്നത് സാധുഭാവം.

സത്- എന്ന പദം മറ്റൊരു അര്‍ഥത്തിലും പ്രയോഗിച്ചുവരുന്നുണ്ട്-

''പ്രശസ്‌തേ കര്‍മണി''-

ഒരു പ്രതിബന്ധവും ഇല്ലാത്തതും, പെട്ടെന്ന് സുഖം തരുന്നതും, മംഗളകരവുമായ കര്‍മ്മങ്ങളെയും- സത്കര്‍മ്മം- എന്ന് നാം പറഞ്ഞുവരുന്നു. അതുകൊണ്ട്, സുഖം തരുന്നത്, തടസ്സമില്ലാത്തത്. മംഗളകരം എന്ന അര്‍ഥവും- മൂന്നാമത്തെ നാമമായ- സത്- എന്ന പദത്തിനുണ്ട് എന്ന് മനസ്സിലാക്കണം. വിവാഹത്തിലെ കന്യകാദാനം, ഉപനയനത്തിലെ യജ്‌ഞോപവീതധാരണം മുതലായവ ചെയ്യുമ്പോള്‍ അവ സത് കര്‍മ്മമായി മാറുവാന്‍ വേണ്ടി സത് എന്ന നാമം ഉച്ചരിക്കുന്നു.

സത്- എന്ന പദത്തിന്റെ യോജനം

അധ്യായം 17-27 ശ്ലോകം

യജ്‌ഞേ, തപസി, ദാനേച, സ്ഥിതിഃ

യജ്ഞം, തപസ്സ്, ദാനം മുതലായ കര്‍മ്മങ്ങളില്‍ നമുക്കുണ്ടാവുന്ന ഇളകാത്ത മാനസികസ്ഥിതി എന്ന അര്‍ഥവും സത് എന്ന നാമത്തിനുണ്ട്.

തദര്‍ഥീയം കര്‍മ്മ ച

ബ്രഹ്മവും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാന്‍ ലക്ഷ്യമായിട്ടുള്ള ഭക്തിസാധനാനുഷ്ഠാന കര്‍മ്മങ്ങളെ- തദര്‍ഥീയ കര്‍മ്മങ്ങളെ- സത് എന്ന പദംകൊണ്ട്- നാമംകൊണ്ട് വിളിച്ചുവരുന്നു.

''മദര്‍ഥമപി കര്‍മ്മാണി''

1) കുര്‍വ്യന്‍ സിദ്ധിയ വാപ്‌സ്യസി

2) സര്‍വ്വകര്‍മ്മാണ്യ പി സദാ

കുര്‍വ്വാണോ മദ്‌വ്യപാശ്രയഃ

മത്പ്രസാദാ ദവാപ്‌നോതി

ശാശ്വതം പദമവ്യയം.

1) (എല്ലാ കര്‍മ്മങ്ങളും എന്നോടു ബന്ധപ്പെടുത്തിയും എന്റെ പ്രസാദത്തിന് വേണ്ടിയും ചെയ്യുന്നവന്‍ ലക്ഷ്യം- എന്റെ ധര്‍മ്മം- നേടുകതന്നെ ചെയ്യും.

2) എപ്പോഴും എല്ലാ കര്‍മ്മങ്ങളും- ലൗകിക-വൈദിക- ആത്മീയ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിതമാകും വിധത്തില്‍ ചെയ്യുന്നവന്‍ എന്റെ ധാമത്തില്‍ എത്തിച്ചേരും.) എന്നിങ്ങനെ ഭഗവാന്‍ മുമ്പ് അരുളിച്ചെയ്തത് ഓര്‍ക്കണം.

യജ്ഞം, ദാനം, തപസ്സ്, മറ്റ് ലൗകിക വൈദിക കര്‍മ്മങ്ങളും ബ്രഹ്മവും പരമാത്മാവും ആയ ഭഗവാന്റെ തിരുനാമമായ-

ഓം സത് സത് എന്ന പദം ഉച്ചരിച്ചുകൊണ്ട് സാത്ത്വികമായ ശ്രദ്ധയോടെ അനുഷ്ഠിക്കുന്നത് ശ്രേയസ്‌കരം തന്നെയാണ് എന്ന് മനസ്സിലാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.