തപസ്സ് പൂര്‍ണമായി, ശിവന്‍ പ്രത്യക്ഷനായി

Wednesday 4 July 2018 1:08 am IST

പാര്‍വതീദേവി കേള്‍ക്കാനായി സന്ന്യാസി തോഴിമാരോടെന്നപോലെ പറഞ്ഞു.

ഇവളോടൊന്നു പറഞ്ഞു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു ശ്രമിച്ചുകൂടേ? ആ ശിവന്റെ ആഭരണങ്ങള്‍ എന്താണെന്ന.് കുറെ പാമ്പുകളാണ് കയ്യിലും കഴുത്തിലുമെല്ലാം. ഇതൊക്കെ സഹിക്കാഞ്ഞാണ് ആദ്യഭാര്യ സതീദേവി അച്ഛനായ ദക്ഷന്റെ വസതിയില്‍ പോയി ദേഹത്യാഗം ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു വല്ലതും ഇവളറിയുന്നുണ്ടോ?

ഇനിയിപ്പോള്‍ ഇവളുടെ തപസ്സുകൊണ്ട് ശിവനെ പ്രത്യക്ഷനാക്കി ശിവന്‍ വിവാഹത്തിനു സമ്മതിച്ചാല്‍തന്നെ വിവാഹം ആലോചിക്കാനോ നടത്തിക്കൊടുക്കാനോ ആ ശിവന് വീട്ടുകാരുമില്ല. ആകെയുള്ളത് കുറെ ഭൂതങ്ങളുടെ കൂട്ടാണ്. പി

ന്നെ പണിയാണെങ്കിലോ? നല്ല പണിയെന്തെങ്കിലുമുണ്ടോ? ആരുടെയെങ്കിലുമൊക്കെ മരണം നടപ്പാക്കിക്കൊടുക്കലാണ് ജോലി. ബ്രഹ്മാവ് വിധിക്കുന്ന ആയുസ്സിനനുസരിച്ച് വിധി നടപ്പാക്കലാണ് ശിവന്റെ ജോലി. ഈ ആരാച്ചാര്‍പണിയല്ലാതെ എന്തെങ്കിലും നേരായ ജോലിയുണ്ടോ?

എന്തെങ്കിലുമാകട്ടെ ഇനിയിപ്പോള്‍ വിവാഹം നടന്നാലുള്ള അവസ്ഥയെന്താണെന്നറിയാമോ?

വിവാഹം നടന്നാല്‍ എന്നു കേട്ടതും പാര്‍വതീദേവി വീണ്ടും തിരിഞ്ഞുനിന്നു. വീണ്ടും സന്ന്യാസിയുടെ സംഭാഷണം പാര്‍വതീദേവിയോടു തന്നെയായി.

''ഇനിയൊരു പരിഹാസമുണ്ടു ചൊല്ലാം

ഒരു വിധമൊക്കെ വിവാഹവും കഴിഞ്ഞാല്‍ഉടനൊരു മുതുകാളമേല്‍ കരേറും

ഭവതിയെ നോക്കി മഹാജനം ചിരിക്കും.''

എങ്ങനെയെങ്കിലും വിവാഹം നടന്നാല്‍ ഉടനെ ആ ശിവന്‍ ഒരു കാളപ്പുറത്തു കയറും. കൂടെപ്പോകേണ്ട നിനക്കും ആ കാളപ്പുറത്തു കയറേണ്ടിവരില്ലേ. നാട്ടുകാരൊക്കെ നിന്നെ നോക്കി പരിഹസിച്ചു ചിരിക്കില്ലേ?

അതും പോട്ടെ. പിന്നെ ചെലവിനു തരാനുള്ള വക വല്ലതും ഈ ദരിദ്രവാസിയുടെ കയ്യിലുണ്ടോ?

പാര്‍വതീദേവി വീണ്ടും തിരിഞ്ഞുനടക്കാന്‍ തുടങ്ങി.

സന്ന്യാസി ഒരിക്കല്‍ക്കൂടി തിരിച്ചുവിളിച്ചു. ഭവതി ഇങ്ങോട്ടൊന്നു നോക്കൂ. ഇതുംകൂടി.

എനിക്കൊന്നും കേള്‍ക്കണ്ടാ എന്നു പറഞ്ഞുകൊണ്ട് പാര്‍വതി ചെവിയും പൊ

ത്തി ഒരു പ്രാവശ്യം കൂടി തിരിഞ്ഞുനോക്കി.

മുന്നില്‍ കണ്ടത് സന്യാസിയെയല്ല. വിഭൂതിയണിഞ്ഞു മംഗളകാരിയായി നില്‍ക്കുന്ന ശ്രീപരമേശ്വരനെയാണ്.

ഇത്രയും നേരം ഭഗവാന്‍ തന്നെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പരിഹാസവാക്കുകള്‍ പറഞ്ഞെതന്നു മനസ്സിലായപ്പോള്‍ പാര്‍വതീദേവി ലജ്ജിതയായി. ഇതു കണ്ട് തോഴിമാര്‍ കളിയാക്കി ചിരിച്ചു.

പാര്‍വതീദേവിയുടെ തപോലക്ഷ്യങ്ങള്‍ ശ്രീപരമേശ്വരന്‍ അംഗീകരിച്ചപ്പോള്‍ ആകാശത്തില്‍നിന്ന് ദേവകള്‍ പുഷ്പവര്‍ഷം ചെയ്തു.

മഹാദേവാനുഗ്രഹത്തോടെ പാര്‍വതീദേവി അമ്മ മേനയുടെ സമീപത്തേക്കു തിരിച്ചുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.