എം.എ. ബേബി അറിയാന്‍ ചില 'അടിയന്തരാവസ്ഥ' സത്യങ്ങള്‍

Wednesday 4 July 2018 1:15 am IST
സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അതിമഹത്തായ ത്യാഗങ്ങള്‍ ചരിത്രം ആവശ്യപ്പെട്ട നിമിഷങ്ങളില്‍ പിന്തിരിഞ്ഞു നടന്ന ശേഷം, മനുഷ്യത്വത്തിന്റെ ധീരോദാത്ത മാതൃകകള്‍ ജനങ്ങള്‍ക്ക് കാഴ്ചവെച്ചവരെ അധിക്ഷേപിക്കുന്നത് സംസ്‌കാരസമ്പന്നമായ ഒരു മനസ്സിന്റെ ലക്ഷണമല്ല.

ന്റെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി, 1975 ജൂണ്‍ 25-ന് അര്‍ധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങള്‍, മൗലികാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യം എന്നിവ റദ്ദാക്കി. പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ ജയിലിലടച്ചു. തുടര്‍ന്ന് ജൂലൈ നാലാം തീയതി ആര്‍എസ്എസ് അടക്കമുള്ള 42 സംഘടനകളെ നിരോധിച്ചു. ഇന്ത്യ ഏകാധിപത്യത്തിനു കീഴിലായി. ഇത് അവസാനിച്ചത് 1977-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരയടക്കം പരാജയപ്പെട്ടപ്പോഴാണ്. തുടര്‍ന്ന് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു.

21 മാസം നീണ്ട അടിയന്തരാവസ്ഥയില്‍ അനേകം അതിക്രമങ്ങള്‍ നടന്നു. നീതിപീഠങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം പോലും തടയപ്പെട്ടു. ആയിരക്കണക്കിന് വ്യക്തികള്‍ ജയിലിലടയ്ക്കപ്പെട്ടു. അനേകം പേര്‍ക്ക് ക്രൂരമായ പോലീസ് മര്‍ദ്ദനം നേരിടേണ്ടിവന്നു. ചിലര്‍ പോലീസ് അതിക്രമത്തിന്റെ ഫലമായി കസ്റ്റഡിയിലും മറ്റു ചിലര്‍ ജയിലിലും മരിച്ചു. അനേകംപേരുടെ ആരോഗ്യം തകര്‍ന്നു.

അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ കാരണം എതിരായി നടന്ന സമരമാണ്. ഭാരതത്തില്‍ ഒരു ലക്ഷത്തിലധികംപേര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. കേരളത്തില്‍ അയ്യായിരത്തോളം പേര്‍ ജയില്‍വാസം അനുഭവിച്ചു.

അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിന്റെ ഫലമായി മൂടിവയ്ക്കപ്പെട്ട വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ അണ്ടര്‍ഗ്രൗണ്ട് ലഘുലേഖകള്‍ ഉണ്ടായി. കേരളത്തില്‍ അത് 'കുരുക്ഷേത്രം' എന്ന പേരിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഗാന്ധിജയന്തി ദിനത്തില്‍ ജനാധിപത്യം, പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവ പുനഃസ്ഥാപിക്കാനും അടിയന്തരാവസ്ഥ പിന്‍വലിക്കാനുമായുള്ള പ്രക്ഷോഭം ആരംഭിച്ചു. സത്യഗ്രഹികളെ പോലീസ് മര്‍ദ്ദിച്ചു, അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയും ഉപദ്രവിച്ചു. എല്ലാം നേരിട്ട് അവര്‍ സമരം ചെയ്തു.

ഈ സമരത്തിന്റെ നട്ടെല്ല് ആര്‍എസ്എസ് ആയിരുന്നു. ഒളിപ്രവര്‍ത്തനത്തിലിരുന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് ആണ്. 

ആര്‍എസ്എസ് അടിയന്തരാവസ്ഥയില്‍ ഒരു പ്രവര്‍ത്തനവും ചെയ്തിട്ടില്ല എന്ന് സിപിഎം നേതാവ് എം.എ. ബേബി എഴുതുമ്പോള്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ ആരാണ് എന്ന് ബേബിക്ക് വ്യക്തമാക്കാനാകുമോ? ജയിലില്‍ പോയവരും സമരം നയിച്ചവരും ഏത് സംഘടനയുടെ അംഗങ്ങളായിരുന്നു? സിപിഎമ്മിന്റെ എത്ര നേതാക്കള്‍, പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തിട്ടുണ്ട്? എത്രപേര്‍ ജയിലിലായി? എന്താണവര്‍ക്കെതിരായ കുറ്റപത്രം? അടിയന്തരാവസ്ഥക്കെതിരെയും അതിനെതിരായ ചെറുത്തുനില്‍പ്പിനെക്കുറിച്ചും എന്തുകൊണ്ട് സിപിഎമ്മിന്റെ പ്രചാരണ സാഹിത്യങ്ങള്‍ ഇല്ല? ജനകീയ ഭരണത്തെക്കുറിച്ച്  സിപിഎം ഏറെ വാചാലരാകാറുണ്ട്. 

പുന്നപ്ര-വയലാറും കണ്ണൂരും കരിവള്ളൂരുമൊക്കെ ആവേശത്തോടെ സ്മരിക്കുന്ന സിപിഎം അടിയന്തരാവസ്ഥവിരുദ്ധ സമരത്തെക്കുറിച്ച് മൗനമായിരിക്കുന്നതെന്തുകൊണ്ട്? കാരണം വളരെ വ്യക്തമാണ്. അടിയന്തരാവസ്ഥവിരുദ്ധ സമരത്തില്‍ ആര്‍എസ്എസ് ഏറെ പ്രവര്‍ത്തിച്ചുവെന്നതാണ്. അടിയന്തരാവസ്ഥയെ ചെറുത്തുനിന്നവരില്‍ 90 ശതമാനവും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

 അടിയന്തരാവസ്ഥയില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ ഒരു ജനകീയ സമരമോ ഒരു ഹര്‍ത്താലോ സിപിഎം നടത്തിയിട്ടില്ല. നാടുമുഴുവന്‍ ഏകാധിപത്യത്തിനുകീഴിലാണ്ടിരിക്കുമ്പോള്‍ ബോണസ് സമരം നടത്താനാണ് സിപിഎം ശ്രമിച്ചത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടി അടിസ്ഥാനപരമായി ഏകാധിപത്യത്തില്‍ വിശ്വസിക്കുന്നു, പൗരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവയ്ക്ക് അവര്‍ എന്നും എതിരുമാണ്. ജനാധിപത്യ വ്യവസ്ഥ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന് അന്യവുമാണ്. അതിനാല്‍ ഭാരതത്തില്‍ ജനാധിപത്യം അപകടപ്പെട്ടപ്പോള്‍ അവര്‍ക്ക് അടിയന്തരാവസ്ഥയെ ചെറുക്കാനായില്ല.  

സിപിഎം അടിയന്തരാവസ്ഥയെ എതിര്‍ക്കാതിരുന്നപ്പോള്‍ സിപിഐയാകട്ടെ കേരളത്തില്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ നേതൃത്വം വഹിച്ചു. അങ്ങനെ ഭാരതജനത നേരിട്ട ഏകാധിപത്യ ഭീഷണിയെ ചെറുക്കുന്ന സമരപരിപാടികളില്‍ കമ്മ്യൂണിസ്റ്റ് കക്ഷികള്‍ പങ്കെടുത്തില്ല.

അടിയന്തരാവസ്ഥയിലെ ആര്‍എസ്എസ്

അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. ആര്‍എസ്എസിന്റെ നൂറുകണക്കിന് പ്രാദേശിക പ്രവര്‍ത്തകരെ ജയിലിലടച്ചു. എന്നാല്‍ അടിയന്തരാവസ്ഥക്കെതിരായി ഒളിപ്രവര്‍ത്തനം നടത്തി ജനങ്ങളുടെ ആത്മവീര്യം നിലനിര്‍ത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞു. ഇതിനു സാധിച്ചത് എങ്ങനെയെന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയാണ്. 

സംഘടന തകര്‍ന്നില്ല

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍എസ്എസ് നിരോധിച്ചു. പ്രമുഖ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എന്നാല്‍ പ്രചാരകര്‍ ഒളിവില്‍ പോയി. അവരെ ഏറ്റവും താഴെയുള്ള പ്രവര്‍ത്തകരെ നേരിട്ടുകണ്ട് അവരുടെ ആത്മവീര്യം നിലനിര്‍ത്തി. ആര്‍എസ്എസിന്റെ ശാഖകള്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കളികളിലൂടെ ദിവസേന ഒരുമിച്ചുകൂടി അവസാനം സംഘപ്രാര്‍ത്ഥന ചൊല്ലി പിരിഞ്ഞു. നിരോധനം മൂലം ആര്‍എസ്എസിന്റെ അടിസ്ഥാന പ്രവര്‍ത്തനം മുടങ്ങിയില്ല എന്നര്‍ത്ഥം.

യോഗങ്ങള്‍

ഒളിവിലുള്ള പ്രചാരകന്മാര്‍ വീടുകളില്‍ മാറിമാറി താമസിച്ചു. അവര്‍ നിരന്തരം യാത്രചെയ്തു. ചെറിയ ചെറിയ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ വ്യക്തികളെ സന്നദ്ധരാക്കി.

പ്രസിദ്ധീകരണങ്ങള്‍

ഏകാധിപതി തമസ്‌കരിക്കാന്‍ ശ്രമിച്ച വാര്‍ത്തകള്‍ പക്ഷേ, രഹസ്യപേപ്പറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ ജനങ്ങളില്‍ വ്യാപകമായി എത്തിച്ചു. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റേയും മര്‍ദ്ദനങ്ങളുടേയും വിവരങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിന് ഇതുമൂലം സാധിച്ചു. 

സത്യഗ്രഹ സമരം

അടിയന്തരാവസ്ഥ പിന്‍വലിക്കാനും പത്ര-പൗര ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ പുനഃസ്ഥാപിക്കാനും വേണ്ടി 1975 ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വ്യാപകമായി സത്യഗ്രഹസമരം ആരംഭിച്ചു. നാടിന്റെ മുക്കിലും മൂലയിലും പോലീസ് മര്‍ദ്ദനത്തെ അവഗണിച്ച് തികച്ചും അഹിംസാത്മകമായ സത്യഗ്രഹങ്ങള്‍ നടന്ന സമരത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു.

വിദേശരാജ്യങ്ങളില്‍

 ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ വിദേശ രാജ്യങ്ങളില്‍ തകര്‍ക്കുന്നതിന് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭാരതത്തില്‍ നിന്ന് രഹസ്യമായി വിദേശത്തേക്ക് കടന്ന ഡോ. സുബ്രഹ്മണ്യന്‍സ്വാമി, കേദാര്‍നാഥ് സാഹ്‌നി തുടങ്ങിയ നേതാക്കള്‍ ഭാരതത്തിലെ ജനാധിപത്യ ധ്വംസനത്തെയും ഭരണ നേതൃത്വം പോലീസിനെ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെപ്പറ്റിയും പ്രചാരണം നടത്തി. ഇത് ലോകരാജ്യങ്ങളില്‍നിന്ന് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഇന്ദിരാഗാന്ധിയില്‍ സമ്മര്‍ദ്ദം ഉണ്ടാകുവാന്‍ കാരണമായി.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ വരവും പോക്കും

 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഡോ. സുബ്രഹ്മണ്യന്‍സ്വാമി ഒളിവില്‍ വിദേശരാജ്യത്തേക്ക് കടന്നു. വിദേശരാജ്യങ്ങളില്‍ അടിയന്തരാവസ്ഥക്കെതിരെ പ്രചാരണത്തില്‍ ഡോ. സ്വാമി വലിയ പങ്കുവഹിച്ചു. 

ഡോ. സ്വാമിയെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരേയും അത്ഭുതപ്പെടുത്തി ഡോ. സ്വാമി രാജ്യസഭയില്‍ പ്രത്യക്ഷപ്പെട്ടു. രാജ്യസഭയില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയശേഷം ഡോ. സ്വാമി അപ്രത്യക്ഷനായി. പിന്നീട് വിദേശത്തേക്കും പോയി. അടിയന്തരാവസ്ഥയില്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തിയ ഒരു സംഭവമാണിത്.

സാര്‍ക്ക് സമ്മേളനം

 ഇന്ത്യയില്‍ സര്‍വതും ഭദ്രമാണെന്ന് ലോകത്തോട് പറയാനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാര്‍ക് രാജ്യങ്ങളുടെ മീറ്റിങ് ദല്‍ഹിയില്‍ നടത്താന്‍ ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. വിദേശ പ്രതിനിധികള്‍ക്ക് അടിയന്തരാവസ്ഥയുടെ നേട്ടങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം. 

എന്നാല്‍, കനത്ത സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്ത് ഏതാനുംപേര്‍ മീറ്റിങ് ഹാളില്‍ അടിയന്തരാവസ്ഥക്കെതിരെ മുദ്രാവാകം മുഴക്കി ലഘുലേഖ വിതരണം ചെയ്തു. ഇന്ദിരയെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു ഇത്.

സത്യത്തെ തമസ്‌കരിക്കരുത്

എം.എ. ബേബിക്ക് ഈ വസ്തുതകള്‍ അറിവില്ലാത്തതല്ല. ആര്‍എസ്എസിനോടുള്ള അന്ധമായ വിരോധം മൂലം അതൊക്കെ തമസ്‌കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് പ്രമുഖരായ പലരും എഴുതിയിട്ടുണ്ട്. ഷാ കമ്മീഷന്‍ പോലുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവയ്ക്കെല്ലാം പുറമെ അടിയന്തരാവസ്ഥക്കെതിരെ പൊരുതിയ അനേകംപേര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അവര്‍ ആരെല്ലാമെന്ന് പരിശോധിച്ചാല്‍ ബേബിക്ക് അതും വ്യക്തമാവും. പകരം ഹരിയാനയിലെ ഏതോ ഒരു ദൈവസഹായത്തെ കൂട്ടുപിടിച്ച് ആര്‍എസ്എസിനെയും ആര്‍എസ്എസുകാരേയും അധിക്ഷേപിക്കാന്‍ പുറപ്പെട്ടത് ബേബിക്ക് ഭൂഷണമല്ല. 

അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളുടെ വിശദവിവരങ്ങള്‍ ഒളിവിലെ തെളിനാളങ്ങള്‍ എന്ന കൃതിയിലുണ്ട് (പ്രസാധനം; കുരുക്ഷേത്ര പ്രകാശന്‍) അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് കേരളത്തിലെ ജനതാ പാര്‍ട്ടി നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ട് ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്ന കാര്യം, കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയവരിലും ജയില്‍വാസമനുഷ്ഠിച്ചവരിലും ഭൂരിപക്ഷവും ആര്‍എസ്എസ്സിന്റേയും അനുബന്ധ സംഘടനകളിലേയും പ്രവര്‍ത്തകരായികുന്നു എന്നതാണ്. 

ഏതാണ്ട് അയ്യായിരത്തോളം പേരാണ് കേരളത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് അടിയന്തരാവസ്ഥക്കെതിരെ സമരം ചെയിതിട്ടാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വ്യക്തി വിദ്വേഷം, രാഷ്ട്രീയപകപോക്കല്‍, തൊഴില്‍ത്തര്‍ക്കം തുടങ്ങിയ കാരണങ്ങളാല്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചവരാണ്. കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ ശേഷിക്ക് അനുസൃതമായ രീതിയില്‍ അടിയന്തരാവസ്ഥക്കെതിരായ സമരത്തില്‍ അവരുടെ പങ്കാളിത്തമുണ്ടായില്ല. 

അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ പോലീസ് അതിക്രമങ്ങളുടേയും മര്‍ദ്ദനങ്ങളുടേയും വാര്‍ത്തകള്‍ മിക്കവാറും എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ദേശാഭിമാനി പത്രം അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനമേറ്റവരുടെ ചരിത്രം പരമ്പരയായി പ്രസിദ്ധീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തര്‍ക്കെതിരെ നടന്ന പോലീസ് അതിക്രമ ചരിത്രം ദേശാഭിമാനിക്കും പ്രസിദ്ധീകരിക്കേണ്ടി വന്നു. സിപിഎമ്മുകാരുടെ ചരിത്രം ദേശാഭിമാനിക്ക് ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമാണല്ലോ. 

അടിയന്തരാവസ്ഥക്കെതിരായ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റെ ചരിത്രവും അതില്‍ പങ്കെടുത്തവരുടെ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ ആര്‍എസ്എസ്സിനു കഴിഞ്ഞു. അത്തരത്തിലൊരു പ്രസിദ്ധീകരണം സിപിഎമ്മിനു കഴിയാതിരുന്നതും ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടു. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അതിമഹത്തായ ത്യാഗങ്ങള്‍ ചരിത്രം ആവശ്യപ്പെട്ട നിമിഷങ്ങളില്‍ പിന്തിരിഞ്ഞു നടന്ന ശേഷം, മനുഷ്യത്വത്തിന്റെ ധീരോദാത്ത മാതൃകകള്‍ ജനങ്ങള്‍ക്ക് കാഴ്ചവെച്ചവരെ അധിക്ഷേപിക്കുന്നത് സംസ്‌കാരസമ്പന്നമായ ഒരു മനസ്സിന്റെ ലക്ഷണമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.