മതേതരത്വത്തിന്റെ ഭീകരമുഖം

Wednesday 4 July 2018 1:16 am IST
എസ്ഡിപിഐക്കാരും എന്‍ഡിഎഫുകാരും തുടങ്ങി പലപേരില്‍ പ്രത്യക്ഷപ്പെട്ട ഭീകരര്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളേയും കൊന്നുതള്ളുമ്പോഴും ആന്റണി അനങ്ങിയിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം നാട്ടിലാകെ ഉയര്‍ത്തിയപ്പോള്‍ ആന്റണി കടുത്ത മതേതരവാദിയായതിനാല്‍ ഒന്നും മിണ്ടിയില്ല

.കെ.ആന്റണി അങ്ങിനെയാണ്. വല്ലപ്പോഴുമേ വായ തുറക്കൂ. കോണ്‍ഗ്രസിന്റെ കലാപം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ആന്റണി മിണ്ടിയിട്ടില്ല. രാജ്യസഭാ സീറ്റിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസും മൂത്ത കോണ്‍ഗ്രസും കലഹിച്ചപ്പോഴും ആന്റണി അനങ്ങിയിട്ടില്ല. രാജ്യമാകെ കോണ്‍ഗ്രസ് തോല്‍ക്കുമ്പോഴും ആന്റണി പ്രതികരിച്ചിട്ടില്ല. കര്‍ണാടകയില്‍ ബിജെപി ഒന്നാമതും കോണ്‍ഗ്രസ് രണ്ടാമതും ജെഡിയു മൂന്നാമതുമായപ്പോഴും ആന്റണി ഞാനൊന്നുമറിഞ്ഞില്ലേ എന്ന അവസ്ഥയിലായിരുന്നു.

രണ്ടാം സ്ഥാനക്കാരന്‍ മൂന്നാം സ്ഥാനക്കാരനെ ചെങ്കോല്‍ ഏല്പിച്ച് കിരീടം അണിയിച്ചപ്പോഴും എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ എത്തിനോക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. മദനി സ്വസിദ്ധമായ വിഷ പ്രചരണം നടത്തുമ്പോഴും അതിനുശേഷം പലനാമത്തില്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ച ഭീകരസംഘടനകള്‍ പലരേയും കുത്തിമലര്‍ത്തുന്നതും തന്റേത് ഇടുങ്ങിയ കണ്ണായതിനാല്‍ ഒന്നും കാണാനായില്ല.

എസ്ഡിപിഐക്കാരും എന്‍ഡിഎഫുകാരും തുടങ്ങി പലപേരില്‍ പ്രത്യക്ഷപ്പെട്ട ഭീകരന്‍ വിദ്യാര്‍ത്ഥികളെ യുവാക്കളേയും കൊന്നുതള്ളുമ്പോഴും ആന്റണി അനങ്ങിയിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം നാട്ടിലാകെ ഉയര്‍ത്തിയപ്പോള്‍ ആന്റണി കടുത്ത മതേതരവാദിയായതിനാല്‍ ഒന്നും മിണ്ടിയില്ല. മതത്തിന്റെ പേര് പറഞ്ഞ് ചെങ്ങന്നൂരില്‍ സിപിഎം വോട്ടുവാങ്ങിയപ്പോഴും സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ മതേതര വായ്ത്താരി മുഴങ്ങിയില്ല. എല്ലാം മതേതരത്തിനുവേണ്ടി.

എറണാകുളം മഹാരാജാസ് ആന്റണിയുടെ തട്ടകമായിരുന്നു. മഹാരാജാസിന്റെ ഓരോ ഗോവണിപ്പടികളും ആന്റണിക്ക് സുപരിചിതം. അവിടെ ഒരു എസ്എഫ്‌ഐക്കാരന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടത് ഭീകരസംഘടനകളായ ക്യാമ്പസ് ഫ്രണ്ടുകാരാലാണ്. ഇത് ആന്റണി അറിഞ്ഞു. പ്രതികരിക്കണമെന്ന് തോന്നി. കൊലപാതകത്തെ അപലപിക്കാനല്ലെന്നുമാത്രം. 

ആന്റണി പറഞ്ഞതിങ്ങനെ ''കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ല. വര്‍ഗീയ സംഘടനകള്‍; കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയം നിലനിന്നിരുന്നെന്നും അതിന് പ്രധാന കാരണക്കാര്‍ കേരളത്തില്‍ ഒറ്റ വിദ്യാര്‍ത്ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്എഫ്‌ഐയും എബിവിപിയുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ടുമായുള്ള സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തുനിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അഭിമന്യുവിനെ ആക്രമിച്ചത്. സംഭവത്തിര്‍ മറ്റൊരു വിദ്യാര്‍ഥിയായ അര്‍ജുന് വയറിനു കുത്തേറ്റ് ഗുരുതരാവസ്ഥയില്‍  ആശുപത്രിയിലാണ്. 

വര്‍ഗീയ സംഘടനകള്‍ കൊണ്ടുമാത്രമേ കേരളത്തിലെ കലാലയങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നുള്ളൂ എന്ന അഭിപ്രായമില്ല. വര്‍ഗീയ സംഘടനകള്‍ കടന്നുവന്ന് സംഘര്‍ഷം തുടങ്ങിയത് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലാണ്. അതിനു മുമ്പും സംഘര്‍ഷങ്ങളുണ്ട്. കേരളത്തില്‍; ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്ന നിലപാട് കൂടുതല്‍ കോളേജുകളില്‍ സ്വീകരിക്കുന്നത് എസ്എഫ്‌ഐയാണ്. ചുരുക്കം ചില കോളേജുകളില്‍ എബിവിപിയും. താന്‍ പഠിച്ച കലാലയത്തിലുണ്ടായ സംഭവത്തില്‍ ഞെട്ടലും ദു:ഖവുമുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് പ്രതിസ്ഥാനത്ത്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന സമീപകാലത്ത് പരിശീലനം സിദ്ധിച്ച ആക്രമികളെ കൊണ്ട് എതിരാളികളെ നേരിടുന്നുണ്ട്. മഹാരാജാസ് കോളേജില്‍  നടന്ന കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിലെ കലാലയങ്ങളില്‍ രക്തച്ചൊരിച്ചില്‍ വര്‍ധിച്ചിരിക്കുന്നു. കലാലയങ്ങള്‍ ആയുധപ്പുരകളാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.''

ആന്റണി പഠിക്കുമ്പോഴും പഠിച്ച കലാലയത്തിലും എത്രയോ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട്. കലാലയങ്ങളെ ആയുധപ്പുരകളാക്കുന്നതിനെ തടയാന്‍ തന്റെ ഭരണത്തിലും സാധിച്ചില്ലെന്ന് സമ്മതിച്ചാല്‍ മാന്യത കൂടിയേനെ. എബിവിപി മാത്രം മതി എന്നൊരു തീരുമാനം ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനനായ എബിവിപിയുടെ നയമല്ല. എന്നിട്ടും അവര്‍ കൊല്ലപ്പെടുന്നു. മരിച്ചത് എബിവിപിക്കാരാണെങ്കില്‍ ആന്റണിക്കും സിപിഎമ്മിനും ഒരു ദുഃഖവുമില്ല. കുട്ടിഭീകരന്മാരായ കൊലപാതകികളോട് സിപിഎം നേതൃത്വം കാണിച്ച മൃദു സമീപനം ഇവര്‍ക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ കടന്നുകയറാന്‍ സഹായകരമായി. ക്യാമ്പസ് ഫ്രണ്ട് കലാലയങ്ങളെ കലുഷിതമാക്കാന്‍ കുറേ നാളുകളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കണ്ണൂര്‍ പള്ളിക്കുന്ന് സ്‌കൂളിന് സമീപം സച്ചിന്‍ ഗോപാല്‍ എന്ന എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയപ്പോഴും കണ്ണൂര്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയപ്പോഴും സിപിഎമ്മിന്റെ നേതൃത്വവും എസ്എഫ്‌ഐയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും കൊലപാതകികളെ വെള്ളപൂശാനും ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തിയത്. സംഘപരിവാര്‍ സംഘടനകളെ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകള്‍ സിപിഎം നേതൃത്വം പുറത്തിറക്കിയിരുന്നു. 

മഹാരാജാസിലെ അഭിമന്യൂവിന്റെ കരളിനേറ്റ ഒറ്റ കുത്താണ് മരണകാരണം. എല്ലാ കൊലപാതകത്തിലും ഒരേ രീതിയാണ്. പ്രതികളെ തിരിച്ചറിഞ്ഞാലും പിടികൂടാന്‍ ശ്രമിക്കുന്നില്ല. മതേതരക്കാരുടെ വിശാലമനസ്സ് തന്നെയാണ് ഭീകരര്‍ക്ക് വളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.