ഇഎംഎസ് ആശുപത്രിക്ക് 12.50 കോടി; അട്ടപാടിയില്‍ ഇടതുസര്‍ക്കാരിന്റെ സഹകരണത്തട്ടിപ്പ്

Wednesday 4 July 2018 1:20 am IST
അട്ടപ്പാടിയില്‍ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചിരുന്നു. ആദ്യഗഡുവായി ഒരുകോടി രൂപ കൈമാറി. അട്ടപ്പാടിയില്‍ ആരോഗ്യം, പട്ടികജാതി/വര്‍ഗം, സാമൂഹ്യനീതി വകുപ്പുകളുടെ കീഴില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ശിശുമരണങ്ങള്‍ പെരുകുമ്പോള്‍ ഇതേ ആവശ്യത്തിന് സഹകരണ ആശുപത്രിക്ക് 12.50 കോടി കൊടുക്കുന്നത് എന്തിനാണെന്നാണ് വനവാസികളുടെ ചോദ്യം.

പാലക്കാട്: വനവാസികളുടെ ആരോഗ്യം സംരക്ഷിക്കാനെന്ന പേരില്‍ അട്ടപ്പാടിയില്‍ ഇടതുസര്‍ക്കാരിന്റെ സഹകരണത്തട്ടിപ്പ്. വനവാസികള്‍ക്ക് ചികിത്സയൊരുക്കാനെന്ന വ്യാജേന സിപിഎം ഭരിക്കുന്ന പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്ക് ഇടതുസര്‍ക്കാര്‍ നല്‍കുന്നത് 12.50 കോടി രൂപ. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആവര്‍ത്തനമാണ് ഇവരും ചെയ്യാനൊരുങ്ങുന്നത്. 

അട്ടപ്പാടിയില്‍ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചിരുന്നു. ആദ്യഗഡുവായി ഒരുകോടി രൂപ കൈമാറി. അട്ടപ്പാടിയില്‍ ആരോഗ്യം, പട്ടികജാതി/വര്‍ഗം, സാമൂഹ്യനീതി വകുപ്പുകളുടെ കീഴില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ശിശുമരണങ്ങള്‍ പെരുകുമ്പോള്‍ ഇതേ ആവശ്യത്തിന് സഹകരണ ആശുപത്രിക്ക് 12.50 കോടി കൊടുക്കുന്നത് എന്തിനാണെന്നാണ് വനവാസികളുടെ ചോദ്യം. 

ആംബുലന്‍സ് സൗകര്യം, എല്ലാ ഊരിലും അടിസ്ഥാന ആരോഗ്യപരിശോധന, ആദിവാസികള്‍ക്ക് ചികിത്സയും മരുന്നും, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. ഈ സേവനങ്ങളെല്ലാം നിലവില്‍ അട്ടപ്പാടിയിലുണ്ട്. ഒന്നും കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. കഴിഞ്ഞദിവസം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച വനവാസിയുടെ ചികിത്സാക്കാര്യത്തില്‍ പട്ടികജാതിവകുപ്പ് അലംഭാവം കാട്ടിയത് ഇതിനുദാഹരണമാണ്. 

പരമാവധി മൂന്നുകോടി രൂപ മുടക്കിയാല്‍ സര്‍ക്കാരിന് ഒരുക്കാവുന്ന സംവിധാനങ്ങള്‍ക്ക് പന്ത്രണ്ടു കോടി അനുവദിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കിയാല്‍ നടത്താവുന്നതേയുള്ളൂ ഇഎംഎസ് ആശുപത്രി വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍. കൃത്യമായ മേല്‍നോട്ടം നടത്തുന്നതിന് ഒരുദ്യോഗസ്ഥനുണ്ടെങ്കില്‍ ഈ സേവനങ്ങള്‍ ഉറപ്പാക്കാമെന്ന് വനവാസി സംഘടനകള്‍ പറയുന്നു. ഇതുചെയ്യുന്നതിനു പകരമാണ് ആശുപത്രിയും ഇടതുനേതാക്കളും ചേര്‍ന്ന് കോടികളുടെ കൂട്ടുകച്ചവടം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.