ക്യാമ്പസിലെ അക്രമരാഷ്ട്രീയം; സിപിഎമ്മിന് വേണ്ടത് രക്തസാക്ഷികളെ

Wednesday 4 July 2018 1:23 am IST
അഭിമന്യുവിന്റെ കൊലപാതകത്തിലും ക്യാമ്പസിലെ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. പ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചാലും രക്തസാക്ഷികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്ന് മഹാരാജാസ് സംഭവം വ്യക്തമാക്കുന്നു.

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ  കുത്തിക്കൊന്ന സംഭവത്തിലും പാഠം പഠിക്കാതെ സിപിഎം. അഭിമന്യുവിന്റെ കൊലപാതകത്തിലും ക്യാമ്പസിലെ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. പ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചാലും രക്തസാക്ഷികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്ന് മഹാരാജാസ് സംഭവം വ്യക്തമാക്കുന്നു.

എസ്എഫ്‌ഐ മുന്‍ നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിന്റെ പ്രസ്താവനയില്‍ നിന്ന് ക്യാമ്പസിലെ അക്രമരാഷ്ട്രീയത്തെ ഇപ്പോഴും ഇടതു പാര്‍ട്ടികള്‍ പരസ്യമായി അംഗീകരിക്കുന്നുണ്ടെന്ന സൂചനയാണുള്ളത്. അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ചിന്താ ജെറോം വിശേഷിപ്പിക്കുന്നത്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ അഭിമന്യുവിനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചിന്തയുടെ പരാമര്‍ശം. ഇടതുപക്ഷ സൈബര്‍ പോരാളി ദീപാ നിശാന്തിന്റെയും ഫേസ്ബുക്ക് കുറിപ്പുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. 

പരിശീലനം സിദ്ധിച്ച പോപ്പുലര്‍ ഫ്രണ്ടുകാരാണ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടും എസ്എഫ്‌ഐ നേതാക്കള്‍ക്ക് പോലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉച്ചത്തില്‍ പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. പല ക്യാമ്പസുകളിലും എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും സഖ്യത്തിലായതാണ് പരസ്യമായി എതിര്‍ക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന. അതുകൊണ്ടുതന്നെയാകാം മുന്‍ എസ്എഫ്‌ഐ നേതാവിന് അഭിമന്യുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി മാറിയതും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ആരാണ് കൊന്നതെന്ന് പറയുന്നില്ല. ഗൗരീലങ്കേഷ് കൊലചെയ്യപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ആര്‍എസ്എസ്സുകാരാണ് കൊലയ്ക്ക് പിന്നിലെന്ന് കുറിച്ച പിണറായിക്ക് സ്വന്തം പാര്‍ട്ടിക്കാരന്‍ മുസ്ലിം തീവ്രവാദികളുടെ കുത്തേറ്റ് മരിച്ചിട്ട് പ്രതികരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാകട്ടെ കൊലയ്ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന ആരോപണം മാത്രമാണ് ഉന്നയിച്ചത്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് സംശയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി രഹസ്യമായി സിപിഎം സഖ്യത്തിലേര്‍പ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പരസ്യ നിലപാട് എടുത്താല്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമോയെന്നും അവര്‍ ഭയപ്പെടുന്നു.

ഇടതു ചിന്തകര്‍ക്ക് മിണ്ടാട്ടമില്ല

കൊച്ചി: കത്വാ സംഭവത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തിയ രാമനുണ്ണിക്ക് മുസ്ലിം തീവ്രവാദികള്‍ ആസൂത്രിതമായി നടത്തിയ അരുംകൊലയ്‌ക്കെതിരെ പ്രതികരണമില്ല. ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന ചെറിയ സംഭവങ്ങളുടെ പേരില്‍ ആര്‍എസ്എസ്സിനെതിരെ ചെളിവാരിയെറിയുന്ന സാസ്‌കാരിക നായകരൊന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരിച്ചില്ല. ഇടതുപക്ഷ ചിന്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കറിയയെ പോലുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നരനായാട്ട് അറിഞ്ഞ മട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മുസ്ലിം തീവ്രവാദ സംഘടനകളുടെ വേദികള്‍ ഉപയോഗിച്ച് വിദേശയാത്രയും അവാര്‍ഡുകളും വാങ്ങിക്കൂട്ടുകയാണ് പലരും. ഇടതുപക്ഷത്തോടൊപ്പം നിന്ന് സമൂഹമാധ്യമങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഇമേജ് സൃഷ്ടിക്കുകയാണ് പല സാസ്‌കാരിക നായകരുടെയും പണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.