പങ്കുള്ളവരുടെ ശിക്ഷ ഉറപ്പാക്കണം: എ.കെ. ആന്റണി

Wednesday 4 July 2018 1:28 am IST

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിച്ചവരെ അടിയന്തരമായി കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള ഹിസ്റ്ററി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സി.പി. മമ്മു എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എം.കെ. സാനുവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കലാലയങ്ങളില്‍ ശക്തി ഉറപ്പാക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല. കേരളത്തിലെ ചില ക്യാമ്പസുകളില്‍ എസ്എഫ്ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്നുണ്ട്. ഒരു വിദ്യാര്‍ഥി സംഘടന മതിയെന്ന ഇവരുടെ സമീപനം ജനാധിപത്യത്തിനു യോജിച്ചതല്ല. ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച കോടതി വിധിയോട് തനിക്ക് വ്യക്തിപരമായി എതിരഭിപ്രായമാണുള്ളത്. കഴിഞ്ഞ കുറച്ചു നാളായി കോണ്‍ഗ്രസ്സില്‍ ഉരുത്തിരിഞ്ഞ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു വരികയാണ്. വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ഥമായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പമാണ് താന്‍. കേസ് അട്ടിമറിക്കാനാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നു. അതിനാല്‍ മുഖ്യമന്ത്രിയും ഡിജിപിയും അതീവ ജാഗ്രതയോടെ കേസിനെ കാണണമെന്നും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ കേസ് മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിമന്യൂവിനെ കൊല ചെയ്തവര്‍ അമ്മമാരുടെ നിലവിളി കേള്‍ക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പ്രൊഫ. എം.കെ. സാനു പറഞ്ഞു. 

കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷനായി. പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി പ്രൊഫ. എം.കെ സാനുവിന് പ്രശസ്തിപത്രം സമര്‍പ്പിച്ചു.  ബീന ഷെറീഫ് പൊന്നാടയണിയിച്ചു. അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ സി.പി. മമ്മു അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്, ഡോ. എന്‍. അശോക് കുമാര്‍, പി.എ. മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.