കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനുമേല്‍ കുരുക്ക് മുറുകുന്നു

Wednesday 4 July 2018 1:30 am IST
മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ അന്വേഷണ സംഘം ബിഷപ്പിനെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും. ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇപ്പോള്‍ ലഭ്യമായ മൊഴികളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം എപ്പോള്‍ ജലന്ധറിലേക്ക് പോകുമെന്ന് തീരുമാനിക്കുക.

കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കന് കുരുക്ക് മുറുകി. ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതും സാഹചര്യ തെളിവുകളും ബിഷപ്പിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. 

മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ അന്വേഷണ സംഘം ബിഷപ്പിനെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും. ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടുമെന്നാണ്  അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇപ്പോള്‍ ലഭ്യമായ മൊഴികളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം എപ്പോള്‍ ജലന്ധറിലേക്ക് പോകുമെന്ന് തീരുമാനിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സംഘത്തിന്റെ  ആദ്യഘട്ട പരിശോധനയും അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പും പൂര്‍ത്തിയായി. കോണ്‍വെന്റിലെ രേഖകളില്‍ ബിഷപ് താമസിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതല്ലെന്നും പരിശോധനയില്‍ വ്യക്തമായി. 

ഇന്നലെ കുറവിലങ്ങാടുള്ള മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ് പ്രധാനമായും ഫോറന്‍സിക് സംഘം പരിശോധന നടത്തിയത.് കോട്ടയം ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ആര്‍.ആര്‍. രഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോണ്‍വെന്റിലും കന്യാസ്ത്രീയുടെ മുറിയിലും, പീഡനം നടന്നുവെന്ന് പറയുന്ന ഗസ്റ്റ്ഹൗസും വസ്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ട മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രണ്ടു കന്യാസ്ത്രീകളുടെ കൂടി മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ചിരുന്നുവെന്ന് കേട്ടറിവുള്ളതായി ഇവര്‍ മൊഴി നല്‍കി. 

പീഡന പരാതി ഉയര്‍ന്നതിനു ശേഷം 2017 മേയില്‍ ബിഷപ് കോണ്‍വെന്റില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിഷപ്പിന്റെ വരവിനെ കന്യാസ്ത്രീ എതിര്‍ത്തതായും, വന്നാല്‍ താന്‍ സഭ മാറുമെന്ന് ഭീഷണി മുഴക്കിയതായും ഇതേത്തുടര്‍ന്ന് ബിഷപ് സന്ദര്‍ശനം മാറ്റിവച്ചതായും മൊഴിയില്‍ പറയുന്നു.

മൂന്നു ദിവസം കൊണ്ടാണ് അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ഇവിടുത്തെ മറ്റ് അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തിയത്. 

കന്യാസ്ത്രീ ഇന്ന് കോടതിയില്‍ രഹസ്യമൊഴി  നല്‍കുമെന്നാണ് സൂചന. 

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ബിഷപ്പിന്റെ പരാതിയില്‍ അന്വേഷണം 

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മാര്‍ട്ടിന്‍ നല്‍കിയ പരാതിയെക്കുറിച്ച് അടുത്ത ഘട്ടത്തില്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം. കന്യാസ്ത്രീയുടെ സഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. കന്യാസ്ത്രീയുടെ കയ്യില്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. കന്യാസ്ത്രീക്കൊപ്പം സഭയിലെ തന്നെ ഒരു വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കന്യാസ്ത്രീയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്നും സഭയെ കളങ്കപ്പെടുത്തുന്നതായും മറുവിഭാഗം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.