വികാരിമാരുടെ പീഡനം: വീട്ടമ്മ മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യ മൊഴി നല്‍കി

Wednesday 4 July 2018 1:31 am IST

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ വികാരിമാര്‍ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഇരയായ വീട്ടമ്മ തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കി. 

ഇന്നലെ വൈകിട്ട് 5 മണിയോടെ, ചൂഷണത്തിനിരയായ വീട്ടമ്മയെ മജിസ്‌ട്രേറ്റ് എ.ആര്‍. കാര്‍ത്തികയുടെ ചേമ്പറിലെത്തിച്ചാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. 

ലൈംഗികചൂഷണക്കേസില്‍ പെട്ട ഓര്‍ത്തഡോക്‌സ് സഭയിലെ വികാരിമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് വികാരിമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

നേരത്തെ അന്വേഷണ സംഘം വീട്ടമ്മയുടെ മൊഴി എടുത്ത ശേഷമാണ് കുറ്റകൃത്യം നടന്നു എന്ന പ്രാഥമിക നിഗമനത്തിലെത്തിയതും കേസെടുത്തതും. 

ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഫാ. എബ്രഹാം വര്‍ഗീസ് (സോണി), ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. അഞ്ച് വികാരിമാര്‍ക്കെതിരെയാണ് ഭര്‍ത്താവ് സഭാനേതൃത്വത്തിന് പരാതി നല്‍കിയിരുന്നതെങ്കിലും വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 

എന്നാല്‍ ഒരാളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയ വീട്ടമ്മയുടെ ഭര്‍ത്താവ്, ഒഴിവാക്കിയ വികാരിക്കെതിരെയും വ്യക്തമായ തെളിവുണ്ടെന്നും പറഞ്ഞു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം പ്രതികളെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഒളിവിലായ വികാരിമാര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.