വെല്‍ഡന്‍ ജപ്പാന്‍

Tuesday 3 July 2018 10:52 pm IST
1966 നു ശേഷം ലോകകപ്പിന്റെ നോക്കൗട്ടില്‍ രണ്ടോ അതിലധികമോ ഗോളിന് പിന്നിട്ടു നിന്നശേഷം വിജയം പിടിച്ചെടുക്കുന്ന ആദ്യ ടീമെന്ന നേട്ടം ബെല്‍ജിയത്തിന് സ്വന്തമായി. 1996 ലെ ലോകകപ്പിന്റെ നോക്കൗട്ടില്‍ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ ഒടുവില്‍ 5-3ന്റെ വിജയം സ്വന്തമാക്കി.

മോസ്‌ക്കോ: കളം നിറഞ്ഞ ജപ്പാന്‍ കരുത്തിന് മുന്നില്‍ ബെല്‍ജിയം വിറച്ചു. പ്രതിരോധക്കോട്ട തീര്‍ത്ത് ഏഷ്യന്‍ ശക്തികള്‍  ആക്രമണഫുട്‌ബോള്‍ കെട്ടഴിച്ചതോടെ ചുവന്ന ചെകുത്താന്മാരുടെ കഥകഴിഞ്ഞെന്ന് തോന്നി. പക്ഷെ അവസാന ശ്വാസത്തില്‍ അവിശ്വസനീയമാംവണ്ണം ബെല്‍ജിയം തിരിച്ചുവന്നു.68-ാം മിനിറ്റുവരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന അവര്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മൂന്നാം ഗോളും കുറിച്ച് വിജയത്തേരിലേറി. പ്രീ ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാനെ മറികടന്നത്. ഇതോടെ ആദ്യമായി ക്വാര്‍ട്ടറിലെത്തി ചരിത്രമെഴുതാമെന്ന ജപ്പാന്‍ സ്്വപ്‌നം തകര്‍ന്നു.

1966 നു ശേഷം ലോകകപ്പിന്റെ നോക്കൗട്ടില്‍ രണ്ടോ അതിലധികമോ ഗോളിന് പിന്നിട്ടു നിന്നശേഷം വിജയം പിടിച്ചെടുക്കുന്ന ആദ്യ ടീമെന്ന നേട്ടം ബെല്‍ജിയത്തിന് സ്വന്തമായി. 1996 ലെ ലോകകപ്പിന്റെ നോക്കൗട്ടില്‍ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ ഒടുവില്‍ 5-3ന്റെ വിജയം സ്വന്തമാക്കി.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ബ്രസീലുമായി ഏറ്റുമുട്ടും.

യൂറോപ്യന്‍ ലീഗില്‍ കളിച്ചു പരിചയമുളള വമ്പന്മാര്‍ അണിനിരന്ന ബെല്‍ജിയത്തിനെതിരെ ഉശിരന്‍ പോരാട്ടമാണ് ജപ്പാന്‍ കാഴ്ചവച്ചത്. മുന്നേറ്റനിരയിലെ അതികായകന്മാരായ റൊമേലു ലുക്കാക്കുവിനെയും ഹസാര്‍ഡ്‌സിനെയും തുടക്കത്തില്‍ ജപ്പാന്‍ അനങ്ങാനനുവദിച്ചില്ല. അതേമയം ജപ്പാന്റെ മുന്‍ നിരക്കാര്‍ നിരന്തരം ബെല്‍ജിയത്തിന് തലവേദന സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയില്‍ ഗോള്‍ വീണില്ല.

രണ്ടാം പകുതിയില്‍ കഥ മാറി. നാല് മിനിറ്റിനുളളില്‍ രണ്ട് ഗോളുകള്‍ ബെല്‍ജിയത്തിന്റെ വലയില്‍ അടിച്ചുകയറ്റി. ഷിബാസ്‌കിയുടെ പാസ് പിടിച്ചെടുത്ത ഹരാഗുച്ചിയാണ് ഗോള്‍ നേടിയത്.  ലോകകപ്പിന്റെ നോക്കൗട്ടില്‍ ജപ്പാന്റെ ആദ്യ ഗോളാണിത്. പ്രത്യാക്രമണം നടത്തിയ ബെല്‍ജിയം ഗോളിനടുത്തുവരെയെത്തി. പക്ഷെ മെര്‍ട്ടന്‍സിന്റെ പാസില്‍ ഹസാര്‍ഡ്‌സ് തൊടുത്തുവിട്ട ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. 

നാലു മിനിറ്റിനുളളില്‍ ജപ്പാന്‍ രണ്ടാം ഗോളും കുറിച്ചു. ഷിന്‍ഡി കഗാവയാണ് ഗോളിന് വഴിയൊരുക്കിയത്. വീണുകിട്ടിയ പന്തുമായി കുതിച്ച കഗാവ ഇനൂയിക്ക പാസ് നല്‍കി. 25 വാര അകലെനിന്നുള്ള ഇനൂയിയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍ കയറി.

രണ്ട് ഗോള്‍ വീണതോടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബെല്‍ജിയം 69-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. വെര്‍ട്ടോഗന്റെ ഹെഡര്‍ കുത്തനേയുര്‍ന്നശേഷം വലയിലേക്കി കയറി. അഞ്ചുമിനിറ്റുകള്‍ക്കുളളില്‍ രണ്ടാം ഗോള്‍ നേടി ബെല്‍ജിയം ജപ്പാനൊപ്പം എത്തി. ഫെല്ലിയാനിയാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിന്റെ നാലാം മിറ്റില്‍ ചാഡില്‍ മൂന്നാം ഗോളും നേടി ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.