ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Wednesday 4 July 2018 11:09 am IST

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കുവാര്‍ജി ബവാലിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. അഞ്ചു തവണ കോണ്‍ഗ്രസിന്റെ എംഎല്‍എ സ്ഥാനവും ഒരു തവണ എംപി സ്ഥാനവും വഹിച്ചിട്ടുള്ള വ്യക്തിയാണ് ബവാലിയ.

കോണ്‍ഗ്രസില്‍ നിന്നു രാജി വച്ചതിനു പിന്നാലെ അദ്ദേഹം നിയമസഭ അംഗത്വവും രാജിവച്ചു. ഗുജറാത്തിലെ ജസ്ദാനില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. അതേ സമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബവാലിയ ബിജെപി മന്ത്രിസഭയില്‍ അംഗമായി.

ഗുജറാത്തിലെ കോലി സമുദായത്തിന്റെ നേതാവ് കൂടിയാണ് ബവാലിയ. രാജ്യത്തെ ആറു കോടി വരുന്ന ജനസംഖ്യയില്‍ 22 ശതമാനവും കോലി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ബവാലിയ. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി നിരവധി തവണ സംസാരിച്ചതായും ബവാലിയ സൂചിപ്പിച്ചു.

രാഹുല്‍ ഗാന്ധി ജാതി രാഷ്ട്രീയത്തെ വോട്ട് ബാങ്കായാണ് കാണുന്നത്. ഇത് അനുവദിക്കാനാകുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. അദ്ദേഹം രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നു. മോദിയും അമിത്ഷായും അടങ്ങുന്ന നേതൃനിരയില്‍ സമ്പൂര്‍ണ വിശ്വാസമുണ്ടെന്നും ബവാലിയ പറഞ്ഞു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ബവാലിയയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് അതിന്റെ സൂചനയാണെന്നും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.