ബിഷപ്പിന്റെ പീഡനം: ഒത്തുതീര്‍പ്പ് ചിത്രങ്ങള്‍ പുറത്ത്

Wednesday 4 July 2018 12:55 pm IST
2017 ജനുവരിയിലാണ് ലൈംഗിക പീഡനം വിവരിച്ച് കൊണ്ട് കന്യാസ്ത്രീ ജലന്ധര്‍ മദര്‍ ജനറലിന് പരാതി നല്‍കിയത്. തുടര്‍ന്ന് 2018 ജൂണില്‍ മദര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങട്ടെ മഠത്തിലെത്തി പരാതിക്കാരിയെ കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഈ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു.

കോട്ടയം: ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്.ജലന്ധറില്‍ നിന്നുള്ള മദര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയതിന്റെ ചിത്രങ്ങളാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പുറത്തുവിട്ടത്. ഇതോടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വൈകിയാണ് പരാതി നല്‍കിയതെന്ന ജലന്ധര്‍ ബിഷപ്പിന്റെ വാദം ശരിയല്ലെന്ന് തെളിഞ്ഞു.

2017 ജനുവരിയിലാണ് ലൈംഗിക പീഡനം വിവരിച്ച് കൊണ്ട് കന്യാസ്ത്രീ ജലന്ധര്‍ മദര്‍ ജനറലിന് പരാതി നല്‍കിയത്. തുടര്‍ന്ന് 2018 ജൂണില്‍ മദര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങട്ടെ മഠത്തിലെത്തി പരാതിക്കാരിയെ കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഈ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കളും പങ്കെടുത്തിരുന്നു.

എന്നാല്‍, പീഡനത്തെ കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നില്ല. സഭക്കുള്ളിലെ അതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചാണ് കത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാര്‍ ആലഞ്ചേരിയെ നേരില്‍ കണ്ടിരുന്നു. മാര്‍ ആലഞ്ചേരിയുടെ നിര്‍ദേശ പ്രകാരമാണ് വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയത്. നീതി ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ പോലീസില്‍ പരാതിപ്പെട്ടെന്നും ബന്ധുക്കള്‍ വിവരിക്കുന്നു.

2014 മേയ് മുതല്‍ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കുറവിലങ്ങാട്ട് മഠത്തിലെ രജിസ്റ്റര്‍ പരിശോധിച്ച പോലീസ് സംഘം ബിഷപ് മഠത്തില്‍ എത്തിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രജിസ്റ്ററിന്റെ കാലപ്പഴക്കം ഉള്‍പ്പെടെ പരിശോധിച്ചു. ബിഷപ് 13 തവണ എത്തിയിരുന്നതായും രജിസ്റ്ററില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ബിഷപ് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. കന്യാസ്ത്രീയുടെ ഫോണും പരിശോധിക്കും. പരിശോധന പൂര്‍ത്തിയായാലുടന്‍ ബിഷപ്പിന്റെ പരാതിയിലും അന്വേഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.