തരൂരിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Wednesday 4 July 2018 3:49 pm IST

ന്യൂദല്‍ഹി:  സുനന്ദ പുഷ്‌കറിന്റെ ദൂരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍  ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍  സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ  ദല്‍ഹിയിലെ പട്യാല ഹൗസ്  കോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വാദം നടന്നമ്പോള്‍ തരൂരിന് ജാമ്യം നല്‍കുന്നതിനെ   ദല്‍ഹി പോലീസ് എതിര്‍ത്തിരുന്നു. 

ജാമ്യം നല്‍കിയാല്‍ തരൂര്‍ രാജ്യം വിട്ടു പോകാനിടയുണ്ടെന്ന് ജാമ്യം നിഷേധിച്ച് പ്രത്യേക ജഡ്ജി അരവിന്ദ്കുമാര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി )  കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചു കഴിഞ്ഞതാണെന്നും, ചോദ്യം ചെയ്യല്‍ അവസാനിച്ചതായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ വീണ്ടും തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യാപേക്ഷയില്‍ തരൂര്‍ സൂചിപ്പിച്ചിരുന്നു.  

സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ തരൂരിനോട്  ജൂലൈ ഏഴിന് വിചാരണയക്ക് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.  കഴിഞ്ഞ മാസം അഞ്ചിനാണ് സുനന്ദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  3000 പേജുകളുള്ള കുറ്റപത്രം അവലോകനം ചെയ്ത കോടതി, തരൂര്‍ ഭാര്യയോട് ക്രൂരമായി പെരുമാറിയതായും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും കണ്ടെത്തിയിരുന്നു.  കേസിലെ ഏക പ്രതിയായി കുറ്റപത്രത്തില്‍ പോലീസ് പേരു ചേര്‍ത്തിരിക്കുന്നതും തരൂരിന്റേതാണ്. തക്കതായ തെളിവുകളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

നാലുവര്‍ഷം മുമ്പാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.