കോടതിയിലേക്കുള്ള വഴിയില്‍ ജയില്‍പുള്ളി പോലിസിനെ ആക്രമിച്ചു

Wednesday 4 July 2018 5:09 pm IST

 

തലശ്ശേരി: കേസ് ആവശ്യാര്‍ത്ഥം പോലിസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുപോകവേ വഴിക്ക് വെച്ച് ജയില്‍പുള്ളി പോലിസിനെ ആക്രമിച്ചു. അക്രമത്തില്‍ രണ്ട് എസ്‌കോര്‍ട്ട് പോലിസുകാര്‍ക്ക് പരിക്ക്. ഇരുവരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ നേടി. കുപ്രസിദ്ധ മയക്ക് മരുന്ന് ഇടപാടുകാരനും തലശ്ശേരി, മാഹി പോലിസ് പരിധിയിലെ കവര്‍ച്ച, പിടിച്ചുപറി, ലഹരിക്കടത്ത് കേസുകളില്‍ പ്രതിയുമായ മുഴപ്പിലങ്ങാട്ടെ തറമ്മല്‍ വീട്ടില്‍ അറാഫത്താണ് (38) അക്രമിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വടകര എന്‍ഡിപിഎസ് കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടയില്‍ 

കെ.എല്‍. 01 ബി.കെ.6250 നമ്പര്‍ പോലിസ് വാഹനത്തില്‍ വച്ച് അകമ്പടി പോലിസുകാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പുതിയ കുറ്റം. വായ്കകത്ത് സ്ഥിരമായി ബ്ലേഡ് സൂക്ഷിക്കുന്ന അറാഫത്ത് പോലീസ് പിടികൂടിയാല്‍ ഉടന്‍ വായില്‍ സൂക്ഷിക്കുന്ന ബ്ലേഡ് ചവയ്കുകയും രക്തം തുപ്പുകയും ചെയ്യുകയാണത്രെ രീതി. ഇയാളുടെ ആക്രമത്തില്‍ കണ്ണൂര്‍ പോലീസിലെ സിവില്‍ പോലിസ് ഓഫീസര്‍മാരായ ഷൈജു, ഷിജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയിലിലെ 970-ാം നമ്പര്‍ തടവുപുളളിയാണ് തലശ്ശേരി ചാലില്‍ സ്വദേശിയായ അറാഫത്ത്. 

കോടതിയിലേക്ക് കൊണ്ടുപോവാനായി ജീപ്പില്‍ കയറിയത് മുതല്‍ സിഗരറ്റ് വാങ്ങിത്തരണമെന്ന് കൂടെ ഉണ്ടായ പോലിസുകാരോട് ആവശ്യപ്പെട്ടിരുന്നത്രെ. ആവശ്യം നിരാകരിക്കപ്പെട്ടതോടെ അറാഫത്ത് പ്രകോപിതനായി പോലിസുകാരെ തെറി വിളി തുടങ്ങി. പിറകെ ഭിഷണിയും കയ്യേറ്റവും നടത്തി. തുടര്‍ന്ന് വാഹനത്തിലുണ്ടായ പോലീസുകാര്‍ പ്രതിയെ എടക്കാട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അകമ്പടി പോലിസിനെ അക്രമിച്ച് പരിക്കേല്‍പിച്ചതിന് അറാഫത്തിനെതിരെ വിവിധ വകുപ്പുകളില്‍ എടക്കാട് പോലീസ് കേസെടുത്തു. കുഴപ്പക്കാരനെ പിന്നിട് കോടതിയില്‍ ഹാജരാക്കാതെ തിരികെ ജയിലിലേക്ക് എത്തിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.