മാക്കൂട്ടത്തെ പോലീസിന്റെ കൈക്കൂലി; മലയാളികളോട് പ്രതികാരവുമായി കുടക് പോലീസ്

Wednesday 4 July 2018 5:12 pm IST

 

ഇരിട്ടി: ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ റോഡിലൂടെ കൈക്കൂലി വാങ്ങി വാഹനങ്ങള്‍ കടത്തി വിടുന്നു എന്ന വാര്‍ത്ത മലയാള പത്രങ്ങളില്‍ വന്നതോടെ മലയാളികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കുടക് പോലീസ്. നിരവധി തോട്ടം തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്ന മാക്കൂട്ടം മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇവിടുത്തെ ചെക്ക് പോസ്റ്റില്‍ തടഞ്ഞിട്ടാണ് പോലീസ് ഇവരോട് പ്രതികാരം ചെയ്യുന്നത്. 

റോഡ് നിര്‍മ്മാണം പുരോഗമിക്കുകയും അടുത്ത ദിവസങ്ങളില്‍ ചെറുവാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുമിരിക്കെയാണ് രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി ബൈക്കുകള്‍ അടക്കമുള്ള ചെറു വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലെ ചില പോലീസുകാര്‍ കൈക്കൂലി വാങ്ങി കടത്തിവിട്ടതായി പരാതിയുയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഒരു വീരാജ്‌പേട്ട എഎസ്‌ഐയെ കുടക് അസി. കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ദേവരാജന്‍ 100 രൂപ കൈക്കൂലി വാങ്ങി വാഹനം കടത്തിവിട്ടു എന്നായിരുന്നു കേസ്. രാത്രികാലങ്ങളില്‍ ഇങ്ങിനെ 100 രൂപ മുതല്‍ അഞ്ഞൂറ് രൂപവരെ ഇവര്‍ കൈക്കൂലി വാങ്ങി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. 

 മലയാള പത്രങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെയാണ് മാക്കൂട്ടം ചെക്ക് പോസ്റ്റ് അധികൃതര്‍ മലയാളികള്‍ക്കെതിരെ പ്രതികാരവുമായി തിരിഞ്ഞത്. കൂട്ടുപുഴ പാലത്തിന് ഒരു കിലോമീറ്റര്‍ അകലത്തിലാണ് ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററിലേറെ അകലമുണ്ട് മാക്കൂട്ടം ടൗണിലേക്ക്. കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും ചെറിയ പാലവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടം വരെ വാഹനങ്ങള്‍ക്ക് പോകുന്നതിനു തടസ്സമില്ലെങ്കിലും ഇവിടുത്തെ താമസസ്ഥലങ്ങളിലേക്കും ഇവിടുത്തെ റബ്ബര്‍ എസ്റ്റേറ്റുകളിലേക്കും മറ്റും എത്തുന്ന മലയാളികളായ തൊഴിലാളികളെയും ഇവര്‍ തടഞ്ഞു വെക്കുകയാണ് ചെയ്യുന്നത്. മലയാളികളെ ഒരാളെയും ഇങ്ങോട്ടു വിടില്ലെന്ന് പറഞ്ഞ് തെറിവിളിക്കുന്നതായും പരാതിയുണ്ട്. 

 അതേസമയം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി കുടക് ജില്ലാ കമ്മീഷണര്‍ പി.ഐ.ശ്രീവിദ്യ മാക്കൂട്ടം മേഖല സന്ദര്‍ശിച്ചു. രണ്ടു ദിവസം കൊണ്ട് തന്നെ റോഡ് ചെറിയ വാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് കമ്മീഷണര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.