കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഫോണില്‍ അശ്ലീലം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ജമീല മന്‍സിലില്‍ ഷമീറി (35) നെയാണ് കണ്ണൂര്‍ വനിത സിഐ മല്ലികയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്യാന്‍സര്‍ രോഗിയായ മയ്യില്‍ സ്വദേശിനിയായ യുവതി ചികിത്സാ സഹായത്തിനായി കഴിഞ്ഞദിവസം വാര്‍ത്താമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയോടൊപ്പം യുവതിയുടെ കുടുംബ സാഹചര്യവും ഫോണ്‍ നമ്പറും നല്‍കിയിരുന്നു. പത്രത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഷമീര്‍ പെണ്‍കുട്ടിയോട് സംസാരിച്ചത്. തുടക്കത്തില്‍ യുവതിയോട് സംസാരിച്ച ഇയാള്‍ പിന്നീട് മകളോടും സംസാരിച്ചു. അസുഖമായതിനാല്‍ യുവതിക്ക് കൂടുതല്‍ സമയം സംസാരിക്കാന്‍ പ്രയാസമുണ്ട്. അമ്മയുടെ ചികിത്സയ്ക്ക് സഹായം നല്‍കാമെന്ന് പറഞ്ഞ ഷമീര്‍ പിന്നീട് പെണ്കുട്ടിയോടേ മറ്റ് കാര്യങ്ങള്‍ കൂടി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ തവണ വിളിച്ച് ശല്യം ചെയ്ത് തുടങ്ങിയതോടെയാണ് യുവതി പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത ഷമീറിനെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: