പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് സംവരണമില്ല; അലിഗഡ് സര്‍വ്വകലാശാലയ്‌ക്കെതിരെ പട്ടികജാതി കമ്മീഷന്‍

Thursday 5 July 2018 2:34 am IST

ന്യൂദല്‍ഹി: പട്ടികജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കാത്ത അലിഗഡ് മുസ്ലിം സര്‍വ്വകലാശാലക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ സര്‍വ്വകലാശാല എത്രയും വേഗം വിശദീകരണം നല്‍കാന്‍ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ രാംശങ്കര്‍ കതാരിയ ആവശ്യപ്പെട്ടു. അലിഗഡ് വൈസ് ചാന്‍സലറെ വിളിച്ചുവരുത്തിയാണ് കമ്മീഷന്‍ കര്‍ശന നിലപാട് അറിയിച്ചത്. 

വിശദീകരണം നല്‍കിയില്ലെങ്കില്‍ അലിഗഡിന് ലഭിക്കുന്ന കേന്ദ്രധനസഹായങ്ങള്‍ നഷ്ടമാകുമെന്ന് കതാരിയ മുന്നറിയിപ്പ് നല്‍കി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വം എന്തുകൊണ്ടാണ് സര്‍വ്വകലാശാല നിര്‍വഹിക്കാത്തതെന്ന്  വൈസ് ചാന്‍സിലര്‍ക്കയച്ച കത്തില്‍ ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍  ദേശീയ പട്ടികജാതി കമ്മീഷന്‍ അലിഗഡിന് കേന്ദ്രധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശം യുജിസിക്ക് നല്‍കും,  ചെയര്‍മാന്‍ വ്യക്തമാക്കി. 

അലിഗഡ് സര്‍വ്വകലാശാല ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണോ അല്ലയോ എന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍  കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുന്‍ കേന്ദ്രമാനവ വിഭവശേഷി സഹമന്ത്രി കൂടിയായ  കതാരിയ അറിയിച്ചു. 

അലിഗഡ് സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ അലിഗഡിനെ അനുകൂലിച്ചുള്ള നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.  എന്നാല്‍ അലിഗഡിന്റെ ന്യൂനപക്ഷ പദവിയില്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന് വിരുദ്ധ അഭിപ്രായമാണ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അലിഗഡ് വൈസ് ചാന്‍സിലര്‍ സ്ഥലത്തില്ലാത്തതിനാല്‍ ആക്ടിംഗ് വൈസ് ചാന്‍സിലര്‍ പ്രൊഫ. തബസും സാഹബ് ആണ് കമ്മീഷന് മുന്നില്‍ ഹാജരായത്. 

അലിഗഡ് സര്‍വ്വകലാശാല, ജാമിയ മിലിയ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗ, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പട്ടികജാതി കമ്മീഷന്‍ ഇടപെട്ടത്. അലിഗഡ് എംപി സതീഷ് ഗൗതവും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അലിഗഡിന്റെ ന്യൂനപക്ഷ പദവി കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സംവരണം നിലവില്‍ പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് അലിഗഡ് സര്‍വ്വകലാശാല. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കേണ്ട കാര്യമില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ വ്യക്തമാക്കി. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.