കന്യാസ്ത്രീ പീഡനം, ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍; രാജ്യം വിടാന്‍ സാധ്യത

Thursday 5 July 2018 2:35 am IST
" ജലന്ധറിലെ കന്യാസ്ത്രീ മഠത്തിലെ മദര്‍സുപ്പീരിയര്‍ കുറവിലങ്ങാട്ടു വന്ന് തെളിവെടുത്തപ്പോള്‍"

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സഭാ അധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജലന്ധറില്‍ നിന്ന് മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തിലെത്തി 2017ല്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവര്‍ അന്ന് പീഡനത്തെപ്പറ്റി കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തുകയും ഇത് രൂപതാ ബിഷപ്പിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍  യാതൊരു അനുകൂല തീരുമാനങ്ങളും അന്ന് ഉണ്ടായില്ല. ഇതോടൊപ്പം കോടനാട് പള്ളി വികാരി ഫാ. നിക്കോളസ് മണിപ്പറമ്പില്‍ തനിക്ക് പീഡനത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നതായുള്ള വിവരം പുറത്തുവിട്ടു. പീഡനവിധേയയായ കന്യാസ്ത്രീയുടെ പക്കല്‍ ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്ളതായും വികാരി പറഞ്ഞു. 

ബിഷപ്പ് കന്യാസ്ത്രീക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും അശ്ലീല സംഭാഷണങ്ങളും  അടങ്ങുന്ന തെളിവുകള്‍ പോലീസിന് കൈമാറിക്കഴിഞ്ഞു. 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുമെന്ന് ഉറപ്പായ സഭാനേതൃത്വം ഉടന്‍ തന്നെ ബിഷപ്പിനെ ജലന്ധറില്‍ നിന്ന് വിദേശത്തേക്ക് കടത്തുമെന്നാണ് സൂചന. 

രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ യാതൊരു ഫലവും കാണാത്തതിനാല്‍ 2018 ജൂണ്‍ 2ന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തി. കോടനാട് വികാരിയും കന്യാസ്ത്രീകളും അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായും വികാരി കൂട്ടിച്ചേര്‍ത്തു. ഇതിന് തെളിവായി അന്നത്തെ ചര്‍ച്ചയുടെ ഫോട്ടോകള്‍ കന്യാസ്ത്രീയുടെ കുടുംബം പുറത്തുവിട്ടു. സാഹചര്യ തെളിവുകള്‍ക്കൊപ്പം ശാസ്ത്രീയ തെളിവുകളും ബിഷപ്പിന് എതിരാണെന്ന് മനസിലാക്കിയതിനാല്‍ ഉടന്‍ രാജ്യം വിടാനാണ് ബിഷപ്പിന്റെ ആലോചനയെന്നാണ് സൂചന.

പീഡനം നടന്നുവെന്ന് പറയുന്ന മഠത്തിലെ ഗസ്റ്റ് ഹൗസിലെ 20-ാം നമ്പര്‍ മുറിയില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായാണ് അറിയുന്നത്. ഇതോടൊപ്പം പീഡനം നേരത്തെ അറിയാമായിരുന്നുവെന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയും ബിഷപ്പിനെതിരെയുള്ള അധിക തെളിവായി പറയുന്നു. ബിഷപ്പിന്റെ പീഡനം തുടര്‍ന്നതോടെ താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇതിന് ധൈര്യം പോരാത്തതിനാല്‍ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയില്‍ നിന്ന് പുറത്ത് പോകാന്‍  ആഗ്രഹിച്ചിരുന്നതായും കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നതായാണ് സൂചന. 

 തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ബിഷപ്പിനോട് കേണപേക്ഷിച്ചിട്ടും നാട്ടില്‍ വരുമ്പോഴെല്ലാം പീഡനം ആവര്‍ത്തിച്ചിരുന്നതായും അവര്‍ മൊഴിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ കേസ് എടുത്തിട്ടുള്ളത്. 13 തവണ ബിഷപ്പ് മഠത്തില്‍ എത്തിയതിന് സന്ദര്‍ശക രജിസ്റ്റര്‍ തെളിവാണ്. ഇതില്‍ കൃത്രിമം  നടന്നിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നതായാണ് അറിവ്. 

 2017 മാര്‍ച്ച് 26 നാണ് പീഡനം സംബന്ധിച്ച് കന്യാസ്ത്രീ മദര്‍ സൂപ്പീരിയര്‍ക്ക് പരാതി നല്‍കിയത്. തന്നെ മറ്റേതെങ്കിലും രൂപതയിലേക്ക് മാറ്റണമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടെയുള്ള മറ്റ് കന്യാസ്ത്രീകളുടെ ഉപദേശത്തെ തുടര്‍ന്ന് അപേക്ഷ പിന്‍വലിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുപ്പും കൂടി പൂര്‍ത്തിയായാല്‍ ബിഷപ്പിന്റെ അറസ്റ്റിന് നിര്‍ണായക തെളിവാകുമെന്ന് മനസ്സിലാക്കിയ സഭാവൃന്ദമാണ് ബിഷപ്പിനെ വിദേശത്തേയ്ക്കു കടത്തുവാന്‍ ശ്രമം നടത്തുന്നത്. അനുരജ്ഞന ചര്‍ച്ചകള്‍ക്ക് കന്യാസ്ത്രീയും കുടുംബാംഗങ്ങളും വഴങ്ങാത്തതാണ് പ്രധാന കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.