രഹ്‌നയ്ക്ക് മറുപടിയുമായി കെവിന്റെ അച്ഛന്‍

Thursday 5 July 2018 2:35 am IST

ഗാന്ധിനഗര്‍ (കോട്ടയം): നീനുവിന്റെ അമ്മ രഹ്‌നയ്ക്കു മറുപടിയുമായി കൊലചെയ്യപ്പെട്ട കെവിന്റെ അച്ഛന്‍ ജോസഫ് രംഗത്ത്. താന്‍ ഇതുവരെ രഹ്‌നയെ കണ്ടിട്ടില്ലെന്നും തന്നെ ഫോണില്‍ വിളിക്കുകയോ താനുമായി ഏതെങ്കിലും വിധത്തിലുള്ള സംഭാഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. ഇന്നലെ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ താന്‍ കെവിന്റെ അച്ഛനെ കണ്ടിരുന്നെന്നും ഒന്നരവര്‍ഷത്തിലേറെയായി മകനുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു ജോസഫ് പറഞ്ഞതായും രഹ്‌ന വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് ജോസഫ് രംഗത്തുവന്നത്. 

രഹ്‌ന കോട്ടയത്തെത്തുന്നുണ്ടെന്ന കാര്യം ചില മാധ്യമപ്രവര്‍ത്തകര്‍ തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ജോലിസ്ഥലത്തായതിനാല്‍ കാണുവാന്‍ പോയില്ല. ടിവിയില്‍പോലും താന്‍ അവരെ കണ്ടിട്ടില്ല. നീനുവിന് വജ്രമാല ഉള്ളതായി തനിക്കറിയില്ലെന്നും ഒരു വജ്രമോതിരം ഉണ്ടായിരുന്നത് കെവിനും നീനുവും ചേര്‍ന്ന് ഏറ്റുമാനൂരിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നതായും ജോസഫ് പറഞ്ഞു. ഇതിന്റെ രസീത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. താമസിയാതെ ഇത് തിരിച്ചെടുക്കുവാന്‍ കഴിയുമെന്ന വിശ്വാസവുമുണ്ട്. മാല ഇപ്പോഴും നീനുവിന്റെ കഴുത്തില്‍ തന്നെയുണ്ട്.

നീനുവിന് മാനസികരോഗമുണ്ടെന്നും അതിനു ചികിത്സ നടത്തിയിട്ടുണ്ടെന്നുമുള്ള രഹ്‌നയുടെ പ്രതികരണത്തോട് അങ്ങനെയെങ്കില്‍ ചികിത്സാരേഖകള്‍ അവര്‍ കാണിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.