ദിലീപിന്റെ ഹര്‍ജികള്‍ അന്വേഷണം വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍

Thursday 5 July 2018 2:57 am IST

കൊച്ചി : യുവ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് നടന്‍ ദിലീപ് തുടര്‍ച്ചയായി ഹര്‍ജി നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.  ഗുരുതരമായ ആരോപണം നേരിടുന്ന പ്രതിക്ക് ഏതുതരം അന്വേഷണം വേണമെന്ന് പറയാന്‍  അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

 വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയത്. പോലീസിന്റെ അന്വേഷണം ദുരുദ്ദേശപരമാണെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ദിലീപ് ആരോപിക്കുന്നത് ശരിയല്ല.  പ്രതിയാക്കണമെന്നുണ്ടായിരുന്നെങ്കില്‍ ആദ്യ കുറ്റപത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തുമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ, സദാചാര മൂല്യങ്ങളെ ബാധിക്കുന്ന കേസാണിത്.  ശാസ്ത്രീയവും സാങ്കേതികവുമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി. ഇത്തരത്തിലുള്ള പരിശോധനയിലെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ അപാകമുണ്ടെന്ന ദിലീപിന്റെ ആരോപണം വിചാരണ കോടതിയാണ് പരിഗണിക്കേണ്ടത്. 

 മനഃപൂര്‍വമാണ് ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ കണ്ടെത്താത്തത്  എന്ന ദിലീപിന്റെ വാദം കളവാണെന്നും മൊബൈല്‍ കണ്ടെടുത്തില്ലെന്നതു കൊണ്ട് ദിലീപ് നിരപരാധിയാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്  സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി. കണ്ടെടുത്ത ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ദുരൂഹമാണ്. കുറ്റപത്രം നല്‍കിയ ശേഷം അങ്കമാലി കോടതിയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലുമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 ഹര്‍ജികള്‍ ദിലീപ് നല്‍കിയിട്ടുണ്ട്, ബൈജു പൗലോസ് വ്യക്തമാക്കി.

 സംസ്ഥാനത്തിനു പുറത്തേക്ക് കുറ്റകൃത്യത്തിന് വേരുകളില്ലാത്തതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ല.  2017  ജൂലൈ പത്തിന്  അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ മൂന്നിന് ജാമ്യം ലഭിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി നിരവധി ഹര്‍ജികള്‍ നല്‍കി. സിബിഐ അന്വേഷണത്തിനു മതിയായ കാരണം ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരനു കഴിയുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ദിലീപ് നല്‍കിയ അപേക്ഷ ജനുവരി 29 ന്  തള്ളിയതാണെന്നും സര്‍ക്കാരിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.