അടിമപ്പണി വിവാദം; ഗവാസ്‌ക്കറെ അറസ്റ്റു ചെയ്യുന്നത് ഒരു മാസം കൂടി വിലക്കി

Thursday 5 July 2018 2:59 am IST

കൊച്ചി :  പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ അറസ്റ്റ്  ചെയ്യുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് കൂടി നീട്ടി. എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ് ഗവാസ്‌കര്‍ ചികിത്സയിലായിരുന്നു. ഇതിനിടെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ തനിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 

എഡിജിപിയുടെ മകള്‍ അസഭ്യം പറഞ്ഞത് പരാതിപ്പെട്ടതിന് തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ മകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ വധശ്രമക്കുറ്റം കൂടി ചുമത്താറുണ്ടല്ലോ എന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു. 

രണ്ടു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും ടവര്‍ ലൊക്കേഷനും കോള്‍ ഡേറ്റ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി ജൂലായ് 19 ന് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ മാസമാണ് ഗവാസ്‌കറിന് മര്‍ദ്ദനമേറ്റത്. എഡിജിപിയുടെ മകളെയും ഭാര്യയെയും കനകക്കുന്നില്‍ പ്രഭാത സവാരിക്ക് കൊണ്ടുപോയപ്പോള്‍ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഗുരുതര പരിക്കേറ്റ ഗവാസ്‌കറെ പിന്നീട് ആശുപത്രിയിലാക്കി. ഗവാസ്‌കര്‍ തന്നെ അപമാനിച്ചെന്നാരോപിച്ച് എഡിജിപിയുടെ മകളും പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.